ഇന്ത്യന്‍ ആരാധകര്‍ മോശം പ്രവണത സൃഷ്ടിക്കുന്നത് ഇഷ്ടമല്ല, അതിനാല്‍ തന്നെ താന്‍ സ്മിത്തിനോട് മാപ്പും ചോദിക്കുന്നു

ഓവലില്‍ ഇന്ത്യന്‍ ആരാധകര്‍ സ്റ്റീവന്‍ സ്മിത്തിനെ ചതിയനെന്ന് വിളിച്ച ഇന്ത്യന്‍ ആരാധകരുടെ പ്രവൃത്തിയില്‍ മാപ്പ് ചോദിച്ച് വിരാട് കോഹ്‍ലി. ഇന്ത്യന്‍ ആരാധകരം ഇത്തരത്തിലൊരു മോശം പ്രവണത സൃഷ്ടിക്കുന്നത് തനിക്ക് താല്പര്യമില്ലെന്നും അതിനാലാണ് താന്‍ മത്സരത്തിനിടെ ഇടപെട്ടതെന്നും കോഹ്‍ലി പറഞ്ഞു. മത്സരത്തിനിടെ ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സ്മിത്തിനെതിരെ ഒരു സംഘം ഇന്ത്യന്‍ ആരാധകര്‍ ചതിയനെന്ന് വിളിയ്ക്കുകയായിരുന്നു.

ഹാര്‍ദ്ദിക് പുറത്തായ ഇടവേളയില്‍ കോഹ്‍ലി ഇവരോട് ഇതെന്താണ് കാണിക്കുന്നതെന്നും സ്മിത്തിനു വേണ്ടി കൈയ്യടിക്കുവാനും ആരാധകരോട് കോഹ്‍ലി ആവശ്യപ്പെടുന്നത് കാണാമായിരുന്നു. ഗ്രൗണ്ടില്‍ തന്നെ ഇരുവരും കൈ കൊടുത്ത് മടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് സ്മിത്ത് ബാറ്റിംഗിനറങ്ങിയപ്പോളും സമാനമായ സാഹചര്യം ഉണ്ടാകുകയും കോഹ്‍ലി മിഡ് വിക്കറ്റില്‍ ഫീല്‍‍ഡ് ചെയ്യവേ ആരാധകരോട് തിരിഞ്ഞ് കൈ കൂപ്പി ഇത് നിര്‍ത്തുവാന്‍ ആവശ്യപ്പെടുകയായിരുന്നു.

താന്‍ ഇത് പോലെ ഒരു തെറ്റ് ചെയ്ത ശേഷം മാപ്പ് പറഞ്ഞിട്ടും ഇതേ രീതിയില്‍ തന്നെ വേട്ടയാടിയാല്‍ അത് തനിക്കും ഇഷ്ടപ്പെടുകയില്ലെന്നും അതിനാല്‍ തന്നെ താന്‍ സ്മിത്തിന്റെ ഭാഗത്ത് നിന്ന് ചിന്തിച്ചപ്പോള്‍ ചെയ്ത പ്രവൃത്തിയായിരുന്നു ഇതെന്നും വിരാട് കോഹ്‍ലി പറഞ്ഞു. അദ്ദേഹത്തിനോട് താന്‍ ഈ ആള്‍ക്കൂട്ടത്തിനു വേണ്ടി മാപ്പ് പറയുന്നുവെന്നും വിരാട് കോഹ്‍ലി പറഞ്ഞു.