ക്രിസ് മോറിസിന്റെ വെല്ലുവിളിയെ അതിജീവിച്ച് കോളിന്‍-കെയിന്‍ കൂട്ടുകെട്ട്, ത്രില്ലര്‍ വിജയവുമായി ന്യൂസിലാണ്ട്

Sayooj

Download the Fanport app now!
Appstore Badge
Google Play Badge 1

241 റണ്‍സിന് ദക്ഷിണാഫ്രിക്കയെ പിടിച്ച് കെട്ടിയെങ്കിലും ന്യൂസിലാണ്ടിന്റെ ചേസിംഗ് അത്ര ആയാസകരമായിരുന്നില്ല. കോളിന്‍ മണ്‍റോയെ വേഗത്തില്‍ നഷ്ടമായ ശേഷം മാര്‍ട്ടിന്‍ ഗപ്ടിലും കെയിന്‍ വില്യംസണും രണ്ടാം വിക്കറ്റില്‍ 60 റണ്‍സ് നേടി മത്സരത്തിലേക്ക് ന്യൂസിലാണ്ടിനെ തിരികെ കൊണ്ടുവരുന്ന സമയത്താണ് ഗപ്ടില്‍ ഹിറ്റ് വിക്കറ്റായി മടങ്ങിയത്. 71/1 എന്ന നിലയില്‍ നിന്ന് ക്രിസ് മോറിസിന്റെ പ്രഹരങ്ങളില്‍ 80/4 എന്ന നിലയിലേക്ക് ന്യൂസിലാണ്ട് വീണപ്പോള്‍ ദക്ഷിണാഫ്രിക്ക തങ്ങളുടെ രണ്ടാം വിജയം സ്വപ്നം കാണുകയായിരുന്നു.

അഞ്ചാം വിക്കറ്റില്‍ ജെയിംസ് നീഷവുമായി ചേര്‍ന്ന് 57 റണ്‍സ് കെയിന്‍ വില്യംസണ്‍ നേടിയെങ്കിലും ക്രിസ് മോറിസ് തന്നെ 23 റണ്‍സ് നേടിയ നീഷത്തിനെ പുറത്താക്കി ദക്ഷിണാഫ്രിക്കയുടെ സാധ്യതകള്‍ സജീവമാക്കി. എന്നാല്‍ പിന്നീട് മത്സരം മാറ്റി മറിയ്ക്കുന്ന ഇന്നിംഗ്സുമായി കോളിന്‍ ഡി ഗ്രാന്‍ഡോം കെയിന്‍ വില്യംസണ് കൂട്ടായി എത്തുകയായിരുന്നു.

അതി വേഗത്തില്‍ സ്കോറിംഗ് നടത്തി ഗ്രാന്‍ഡോം ക്രീസില്‍ ഒപ്പം കൂടിയപ്പോള്‍ ഒരു വശത്ത് നിലയുറപ്പിച്ച് ന്യൂസിലാണ്ട് നായകനും സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. മത്സരം അവസാന അഞ്ചോവറിലേക്ക് കടന്നപ്പോള്‍ അഞ്ച് വിക്കറ്റ് കൈവശം നില്‍ക്കെ 31 റണ്‍സായിരുന്നു കീവീസിനു നേടേണ്ടിയിരുന്നത്.

39 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച കോളിന്‍ ഡി ഗ്രാന്‍ഡോം ആണ് ശ്രമകരമായ ചേസിംഗ് ന്യൂസിലാണ്ടിനു അനുകൂലമാക്കി മാറ്റിയത്. ആറാം വിക്കറ്റില്‍ 91 റണ്‍സാണ് കൂട്ടുകെട്ട് നേടിയത്. 47 പന്തില്‍ നിന്ന് 60 റണ്‍സ് നേടി ഗ്രാന്‍ഡോം പുറത്താകുമ്പോള്‍ 14 റണ്‍സായിരുന്നു ന്യൂസിലാണ്ടിനു വിജയത്തിനായി നേടേണ്ടിയിരുന്നത്. ലുംഗിസാനി ഗിഡിയ്ക്കായിരുന്നു വിക്കറ്റ്.

അതേ ഓവറിന്റെ അവസാന പന്തില്‍ ബൗണ്ടറി നേടി കെയിന്‍ വില്യംസണ്‍ ലക്ഷ്യം അവസാന ഓവറില്‍ എട്ട് റണ്‍സാക്കി കുറച്ചു. അവസാന ഓവറിലെ രണ്ടാം പന്ത് സിക്സര്‍ പറത്തി കെയിന്‍ വില്യംസണ്‍ സ്കോര്‍ ഒപ്പമെത്തിക്കുകയും തന്റെ ശതകം പൂര്‍ത്തിയാക്കുകയും ചെയ്തു. അടുത്ത പന്ത് ബൗണ്ടറി പായിച്ചപ്പോള്‍ മൂന്ന് പന്ത് അവശേഷിക്കെ ന്യൂസിലാണ്ട് നാല് വിക്കറ്റ് ജയം സ്വന്തമാക്കി.