കുറഞ്ഞത് മൂന്ന് മത്സരങ്ങളിലെങ്കിലും ഭുവി പുറത്തിരിക്കേണ്ടി വരും

ഇന്ത്യയുടെ ഇനിയുള്ള മത്സരങ്ങളില്‍ അടുത്ത മൂന്ന് മത്സരങ്ങളിലെങ്കിലും ചുരുങ്ങിയത് പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ പുറത്ത് ഇരിക്കേണ്ടി വരുമെന്ന് അഭിപ്രായപ്പെട്ട് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി. പേശി വലിവ് കാരണം ഇന്നലെ തന്റെ സ്പെല്ലിലെ വെറും 2.4 ഓവറുകള്‍ മാത്രമാണ് ഭുവി എറിഞ്ഞത്. അഞ്ചാം ഓവറിലെ നാലാം പന്തില്‍ പരിക്കേറ്റ് താരം പവലിയനിലേക്ക് മടങ്ങിയ ശേഷം പിന്നീട് മത്സരത്തില്‍ പന്തെറിയാനാകില്ലെന്ന് അറിയിപ്പ് വരുകയായിരുന്നു.

തന്റെ മൂന്നാം ഓവറിന്റെ ഇടയ്ക്കാണ് ഭുവിയുടെ പരിക്ക്. ഫുട്മാര്‍ക്കില്‍ തെന്നി വീണതാണ് താരത്തിന്റെ പരിക്കിന് കാരണമായത്. ഇപ്പോള്‍ അത് അത്ര ഗുരുതരമായ പരിക്കായി തോന്നുന്നില്ല, രണ്ട് മൂന്ന് മത്സരങ്ങള്‍ക്കിടയില്‍ താരം പൂര്‍ണ്ണാരോഗ്യവാനായി മടങ്ങിയെത്തേണ്ടതാണെന്ന് ഇന്നലത്തെ മത്സര ശേഷം വിരാട് കോഹ്‍‍ലി വ്യക്തമാക്കി.

ടീമിന്റെ വളരെ പ്രധാന്യമേറിയ ഘടകമാണ് ഭുവിയെന്നും താരം ഉടന്‍ മടങ്ങിയെത്തുമെന്നുമാണ് പ്രതീക്ഷയെന്നും എന്നാല്‍ മുഹമ്മദ് ഷമി ടീമിനൊപ്പം ഉള്ളതിനാല്‍ ഈ പരിക്ക് ടീമിനെ അധികം അലട്ടുന്നില്ലെന്നും വിരാട് കോഹ്‍ലി പറഞ്ഞു. ഭുവി പവലിയനിലേക്ക് മടങ്ങിയ ശേഷം ടീം ഫിസിയോ പരിശോധിച്ചാണ് താരത്തിനെ പിന്നീട് പാക്കിസ്ഥാനെതിരെയുള്ള മത്സരത്തില്‍ കളിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.

പകരം വിജയ് ശങ്കറും ഹാര്‍ദ്ദിക് പാണ്ഡ്യയും കൂടിയാണ് ഭുവിയുടെ ഓവറുകള്‍ കൂടി എറിയുവാനെത്തിയത്. അതില്‍ തന്നെ തന്റെ ലോകകപ്പിലെ ആദ്യ പന്തില്‍ തന്നെ ഇമാം ഉള്‍ ഹക്കിനെ വിജയ് ശങ്കര്‍ പുറത്താക്കിയപ്പോള്‍ പാക്കിസ്ഥാന്റെ സീനിയര്‍ താരങ്ങളായ മുഹമ്മദ് ഹഫീസ്, ഷൊയ്ബ് മാലിക് എന്നിവരെ ഹാര്‍ദ്ദിക് പുറത്താക്കി. ഇന്നിംഗ്സ് പുരോഗമിക്കവെ ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദിനെ പുറത്താക്കി വിജയ് ശങ്കര്‍ തന്റെ രണ്ടാം വിക്കറ്റും നേടി.

Previous articleജയിച്ചത് മികച്ച ടോസ്, പക്ഷേ ബൗളിംഗ് കൈവിട്ടപ്പോള്‍ അതിന്റെ ഗുണം നഷ്ടമായി
Next articleതാന്‍ പുറത്തായത് മോശം ഷോട്ട് കളിച്ച്, പാക്കിസ്ഥാന്റെ ഓപ്പണിംഗ് സ്പെല്‍ കടന്ന് കൂടുക പ്രധാനമായിരുന്നു