കന്നി ഏകദിന ശതകം അതും ലോകകപ്പില്‍, ശ്രീലങ്കയുടെ നാളെയുടെ താരോദയമായി അവിഷ്ക ഫെര്‍ണാണ്ടോ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ആദ്യ ഏതാനും മത്സരങ്ങളില്‍ ലങ്ക അവിഷ്ക ഫെര്‍ണാണ്ടോയ്ക്ക് അവസരം നല്‍കിയിരുന്നില്ല. അവസരം ലഭിച്ച മത്സരത്തിലാണെങ്കില്‍ ചുറ്റും വിക്കറ്റുകള്‍ വീണപ്പോള്‍ കൗണ്ടര്‍ അറ്റാക്കിംഗിന്റെ മികവാര്‍ന്ന പ്രകടനമാണ് അവിഷ്ക ഫെര്‍ണാണ്ടോ ഇംഗ്ലണ്ടിനെതിരെ പുറത്തെടുത്തത്. അന്ന് ലസിത് മലിംഗ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടുവെങ്കിലും വിജയത്തിലേക്കുള്ള ആദ്യ കാല്‍വെയ്പ് അത് അവിഷ്ക ഫെര്‍ണാണ്ടോയാണ് തുടങ്ങി വെച്ചതെന്ന് നിസ്സംശയം പറയാം. അതിന് ശേഷം ശ്രീലങ്കന്‍ ടീമിലെ മൂന്നാം നമ്പര്‍ സ്ഥാനം താന്‍ ആര്‍ക്കും വിട്ട് തരില്ലെന്ന തരത്തിലുള്ള പ്രകടനമാണ് താരം ക്രീസില്‍ നിന്ന സമയത്ത് പുറത്തെടുത്തത്.

എന്നാല്‍ ആദ്യ രണ്ട് ഇന്നിംഗ്സുകളിലും താരത്തിന് അധികം നേരം ക്രീസില്‍ നില്‍ക്കാനായിരുന്നില്ല. ഇരു ഇന്നിംഗ്സുകളിലും മികച്ച ഷോട്ടുകളിലൂടെ ശ്രദ്ധ പിടിച്ച് പറ്റിയെങ്കിലും പെട്ടെന്ന് എരിഞ്ഞടങ്ങിയിരുന്നു ലങ്കന്‍ താരം. അത് ശ്രീലങ്കന്‍ ബാറ്റിംഗിന്റെ ഈ ലോകകപ്പിലെ പ്രതിബിംബം കൂടിയായിരുന്നു. മത്സരങ്ങളില്‍ മികച്ച തുടക്കം ലഭിച്ച ശേഷം ടീം പത്തിമടക്കിയത് ഒട്ടനവധി തവണയാണ്. എന്നാല്‍ ഇന്നലെ വിന്‍ഡീസിനെതിരെ ആ കോട്ടം കൂടി തീര്‍ത്തിട്ടാണ് അവിഷ്ക മടങ്ങിയത്. തന്റെ കന്നി ഏകദിന ശതകം(104) നേടി താരം മടങ്ങിയത് ഇന്നിംഗ്സിന്റെ 48ാം ഓവറിലാണ്.

പതിവിനു വിപരീതമായി മികച്ച തുടക്കത്തിന് ശേഷം മോശം ഷോട്ട് കളിച്ച് വിക്കറ്റ് കളയുന്ന പ്രവണത മാറ്റി വലിയ ഇന്നിംഗ്സ് കളിക്കുവാന്‍ നിശ്ചയിച്ചുറപ്പിച്ചാണ് ലങ്കയുടെ ഈ യുവതാരം ഇന്ന് ക്രീസിലെത്തിയത്. ലോകകപ്പിലെ തന്റെ കന്നി(ഏകദിനത്തിലെയും) ശതകം നേടിയ ഈ താരത്തിന്റെ വയസ്സ് വെറും 21 ആണ് എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. തന്റെ കന്നി ശതകം ആവേശത്തോടെ തന്നെ അവിഷ്ക ആഘോഷിച്ചിരുന്നു, കൈകള്‍ ഉയര്‍ത്തിപ്പിടിച്ച് ഓടി നടന്ന് തന്നെ ഈ യുവതാരം തന്റെ ലോകകപ്പ് ശതകം ആഘോഷിച്ച് തീര്‍ത്തു. ആഘോഷങ്ങള്‍ക്ക് അധികം ആയുസ്സുണ്ടായിരുന്നില്ലെങ്കിലും ഇന്നിംഗ്സിന്റെ അവസാനത്തോട് കൂടിയാണ് താരം പുറത്തായതെന്നതും ശ്രീലങ്ക മികച്ച സ്കോറിലേക്ക് എത്തുമെന്നത് ഉറപ്പാക്കിയിരുന്നു.

ജയസൂര്യയും കുമാര്‍ സംഗക്കാരയും മഹേല ജയവര്‍ദ്ധനേയും വരുത്തിയ വിടവ് നികത്തുവാന്‍ ശ്രീലങ്കന്‍ ക്രിക്കറ്റിന് ഏറെ പ്രയാസകരമാവും എന്നാല്‍ ശ്രീലങ്കയുടെ ഭാവി താരങ്ങളെന്ന് വിശേഷിപ്പിക്കാവുന്നവരില്‍ ഇനി അവിഷ്ക ഫെര്‍ണാണ്ടോ എന്ന ഈ പേരും എഴുതി ചേര്‍ക്കപ്പെട്ടിരിക്കും. കുശല്‍ പെരേരയും കുശല്‍ മെന്‍ഡിസും അടങ്ങിയ ശ്രീലങ്കയുടെ ഇന്നത്തെ ബാറ്റിംഗ് ശക്തിയ്ക്ക് കൂടുതല്‍ കരുത്ത് പകരുവാന്‍ ഈ യുവതാരത്തിന് കഴിയട്ടേ എന്നും ആശംസിക്കുന്നു. താരത്തിന്റെ മാറ്റ് കാലം തെളിയിക്കുന്നത് വരെ ഇനി കാത്തിരിപ്പ്.