വാര്‍ണറോ ഖവാജയോ, ഫിഞ്ചിനൊപ്പം ആര് ഓപ്പണ്‍ ചെയ്യുമെന്ന് തീരുമാനിക്കാതെ ഓസ്ട്രേലിയ

- Advertisement -

ഡേവിഡ് വാര്‍ണര്‍ തിരികെ ഓസ്ട്രേലിയന്‍ ടീമിലേക്ക് എത്തിയപ്പോള്‍ പുതിയ ഒരു പ്രതിസന്ധിയാണ് ഓസ്ട്രേലിയയെ തേടിയെത്തിയിരിക്കുന്നത്. മികച്ച ഫോമില്‍ കളിയ്ക്കുന്ന ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ചിനും ഉസ്മാന്‍ ഖവാജയും തിളങ്ങി നില്‍ക്കുമ്പോള്‍, ഇതില്‍ ഒരാളെ മാറ്റി ഡേവിഡ് വാര്‍ണറെ ഓപ്പണിംഗില്‍ പരിഗണിക്കേണ്ട അവസ്ഥയാണ് ഓസ്ട്രേലിയയ്ക്ക്.

ആരോണ്‍ ഫിഞ്ചിനൊപ്പം ആരാവും ഓപ്പണിംഗ് എന്നതാണിപ്പോള്‍ ഓസ്ട്രേലിയയെ കുഴക്കുന്ന ചോദ്യം. ലോകകപ്പിനു ആഴ്ചകള്‍ അവശേഷിക്കുമ്പോള്‍ ഏറെ ചിന്തിച്ച് എടുക്കേണ്ട തീരുമാനമാണ് അതെന്നാണ് ആരോണ്‍ ഫിഞ്ച് പറഞ്ഞത്. ഡേവിഡ് വാര്‍ണര്‍ ഓപ്പണറായുള്ള റെക്കോര്‍ഡ് അവിശ്വസനീയമാണ്, താരത്തെ തീര്‍ച്ചയായും പരിഗണിക്കേണ്ടത് ഓപ്പണിംഗില്‍ തന്നെയാണ്. അതേ സമയം തന്നെ ഉസ്മാന്‍ ഖവാജ നിലവില്‍ മികച്ച ഫോമിലാണ് കളിയ്ക്കുന്നത്. ഏറെ ചിന്തിച്ചെടുക്കേണ്ട തീരുമാനങ്ങളാണിത്.

പരിഗണിക്കപ്പെടുന്ന മൂന്ന് പേര്‍ക്കും മൂന്നാം നമ്പറില്‍ കളിക്കാനുള്ള പ്രാപ്തിയുണ്ടെന്നത് ടീമിനു ഗുണം തന്നെയാണെന്നതാണ് ഇക്കാര്യത്തിലുള്ള ആശ്വാസമെന്നും ഫിഞ്ച് പറഞ്ഞു. പരിമിത ഓവര്‍ ക്രിക്കറ്റില്‍ മൂന്നാം നമ്പറില്‍ എനിയ്ക്കാണ് ആ സ്ഥാനത്ത് ഏറ്റവും കുറവ് അനുഭവം. അതോടൊപ്പം ഇടത്-വലത് ബാറ്റിംഗ് കോമ്പിനേഷനും ടീമിനു ഗുണം ചെയ്യും. എന്നാല്‍ ഏത് ഇടംകൈയ്യന്‍ ബാറ്റ്സ്മാന്‍ വേണമെന്നത് ചിന്തിക്കേണ്ട കാര്യമാണെന്നും ഫിഞ്ച് കൂട്ടിചേര്‍ത്തു.

Advertisement