മാന്‍ ഓഫ് ദി മാച്ച് നേടിയെങ്കിലും മത്സരത്തിന്റെ ക്രെഡിറ്റ് മുഴുവന്‍ ഖവാജയ്ക്കും സ്റ്റാര്‍ക്കിനെന്നും പറഞ്ഞ് അലെക്സ് കാറെ

Sayooj

Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്ട്രേലിയയുടെ വമ്പന്‍ തിരിച്ചുവരവാണ് ലോര്‍ഡ്സില്‍ ഇന്നലെ കണ്ടത്. 92/5 എന്ന നിലയിലേക്ക് വീണിട്ട് പിന്നീട് മികച്ച തിരിച്ചുവരവ് നടത്തിയ ഓസ്ട്രേലിയയ്ക്കായി തിളങ്ങിയത് ഉസ്മാന്‍ ഖവാജയും അലെക്സ് കാറെയുമായിരുന്നു. ഖവാജ നങ്കൂരമിട്ട് ഇന്നിംഗ്സിന്റെ അവസാനം വരെ പൊരുതി 88 റണ്‍സ് നേടി പുറത്തായപ്പോള്‍ 71 റണ്‍സ് നേടിയാണ് കാറെ മടങ്ങിയത്.

ഖവാജയ്ക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയത് കാറെയുടെ ബാറ്റിംഗ് ആയിരുന്നു. 129 പന്ത് നേരിട്ട ഖവാജ 5 ബൗണ്ടറി മാത്രമാണ് നേടിയത് തന്റെ ഇന്നിംഗ്സില്‍. അതേ സമയം അലെക്സ് കാറെ 72 പന്തില്‍ 11 ബൗണ്ടറി ഉള്‍പ്പെടെയായിരുന്നു തന്റെ ബാറ്റ് വീശിയത്. പിന്നീട് മിച്ചല്‍ സ്റ്റാര്‍ക്ക് വന്ന് ന്യൂസിലാണ്ട് ബാറ്റിംഗിനെ നിഷ്പ്രഭമാക്കിയെങ്കിലും മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം ലഭിച്ചത് ഓസ്ട്രേലിയയുടെ വിക്കറ്റ് കീപ്പറിനായിരുന്നു.

എന്നാല്‍ മത്സരത്തിലെ വിജയത്തിന്റെ ക്രെഡിറ്റ് ഖവാജയ്ക്കും മിച്ചല്‍ സ്റ്റാര്‍ക്കിനുമാണെന്നാണ് അലെക്സ് കാറെ പറഞ്ഞത്. താന്‍ പിച്ചിനെ പഠിച്ച ശേഷം മാത്രമാണ് തന്റെ സ്വതസിദ്ധമായ ശൈലിയിലേക്ക് മാറിയതെന്നും ഖവാജ വിക്കറ്റുകള്‍ വീഴുമ്പോള്‍ മനോധൈര്യം കൈവിടാതെ പിടിച്ച് നിന്നുവെന്നും കാറെ പറഞ്ഞു.

നേരത്തെ ക്രീസിലെത്തുമ്പോള്‍ കൂടുതല്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് കരുതാമെങ്കിലും താന്‍ ഇഷ്ടപ്പെടു്ന്നത് അവസാന പത്തോവറില്‍ ക്രീസിലെത്തുക എന്നതാണെന്ന് കാറെ പറഞ്ഞു. താന്‍ നേരത്തെ ക്രീസിലെത്തുമ്പോള്‍ അതിനര്‍ത്ഥം ടീം തകര്‍ച്ചയിലാണെന്നാണ്, അത് തനിക്ക് അത്ര സന്തോഷം നല്‍കുന്ന കാര്യമല്ലെന്നും കാറെ പറഞ്ഞു.