55/4 എന്ന നിലയില്‍ നിന്ന് ഈ പ്രകടനത്തിന്റെ മുഴുവന്‍ ഖ്യാതിയും മാത്യൂസ്-തിരിമന്നേ കൂട്ടുകെട്ടിന്

ശ്രീലങ്കയുടെ ഇന്നലത്തെ ഇന്ത്യയ്ക്കെതിരെയുള്ള പ്രകടനത്തില്‍ എടുത്ത് പറയേണ്ടത് ആഞ്ചലോ മാത്യൂസ്-ലഹിരു തിരിമന്നേ എന്നിവരുടെ കൂട്ടുകെട്ടാണെന്ന് വ്യക്തമാക്കി ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണാരത്നേ. 55/4 എന്ന നിലയിലേക്ക് വീണ ടീമിനെ 179/5 എന്ന നിലയിലേക്ക് എത്തിച്ചത് ഇവരുടെ കൂട്ടുകെട്ടായിരുന്നു. 124 റണ്‍സാണ് ലഹിരു തിരിമന്നേ-ആഞ്ചലോ മാത്യൂസ് കൂട്ടുകെട്ട് നേടിയത്. തിരിമന്നേ 53 റണ്‍സ് നേടി കുല്‍ദീപ് യാദവിന് വിക്കറ്റ് നല്‍കി മടങ്ങിയപ്പോള്‍ ആഞ്ചലോ മാത്യൂസ് 113 റണ്‍സാണ് നേടിയത്.

ആദ്യ ഓവറുകളില്‍ മികച്ച രീതിയില്‍ ബാറ്റിംഗ് ശ്രീലങ്ക ആരംഭിച്ചുവെങ്കിലും വിക്കറ്റുകള്‍ വീണ് കൊണ്ടിരുന്നത് തിരിച്ചടിയായി. പിന്നീട് ഈ കൂട്ടുകെട്ടിന്റെ ചെറുത്ത് നില്പാണ് ശ്രീലങ്കയെ മികച്ച സ്കോറിലേക്ക് നയിച്ചതെന്ന് ദിമുത് കരുണാരത്നേ പറഞ്ഞു. താന്‍ ഇത് മികച്ച സ്കോറാണെന്നാണ് കരുതിയത്. എന്നാല്‍ രോഹിത്തും രാഹുലും ബാറ്റ് ചെയ്ത രീതിയില്‍ ലങ്കയ്ക്ക് ഒരവസരവും ലഭിച്ചില്ല. തിരികെ ചെന്ന് പിഴവുകള്‍ എവിടെയെല്ലാമായിരുന്നുവെന്ന് വിലയിരുത്തണമെന്നും ദിമുത് സൂചിപ്പിച്ചു.