ആദ്യ ജയം സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍

- Advertisement -

2017 ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ്. ഇന്നലെ ഡെര്‍ബിയിലെ കൗണ്ടി ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 47 റണ്‍സിനു ശ്രീലങ്കയെ തകര്‍ത്താണ് വെസ്റ്റ് ഇന്‍ഡീസ് ടൂര്‍ണ്ണമെന്റിലെ ആദ്യ ജയം രുചിച്ചത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 50 ഓവറില്‍ 229 റണ്‍സ് നേടുകയായിരുന്നു. 9 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ അവര്‍ നേടിയത്. മെരിസ അഗ്വിലൈറ 46 റണ്‍സ് നേടി പുറത്താകാതെ ടീമിന്റെ ടോപ് സ്കോറര്‍ ആയി. ഡീയണ്ട്ര ഡോട്ടിന്‍(38) മികച്ച പിന്തുണ നല്‍കി. ഒട്ടനവധി വിന്‍ഡീസ് താരങ്ങള്‍ 20ലധികം റണ്‍സ് നേടിയെങ്കിലും അത് വലിയ സ്കോറിലേക്ക് മാറ്റുവാന്‍ സാധിക്കാത്തത് അവര്‍ക്ക് തിരിച്ചടിയായി.

ശ്രീലങ്കയുടെ ശ്രീപാലി വീരകോടി മൂന്നും ഇനോക് രണവീര, അമ കാഞ്ചന എന്നിവര്‍ രണ്ടും വിക്കറ്റുകള്‍ നേടി. ശശികല സിരിവര്‍ദ്ധനേ ആണ് വിക്കറ്റ് നേടിയ മറ്റൊരു ശ്രീലങ്കക്കാരി.

230 റണ്‍സ് വിജയലക്ഷ്യം തേടി ഇറങ്ങിയ ശ്രീലങ്ക എന്നാല്‍ 48ാം ഓവറില്‍ 182 റണ്‍സിനു ഓള്‍ഔട്ട് ആയി. ശശികല(33) ആണ് ടോപ് സ്കോറര്‍. പ്രസാദിനി വീരക്കോടി 30 റണ്‍സ് നേടി. 3 വിക്കറ്റ് നേടിയ അനീസ മുഹമ്മദ് ആണ് കളിയിലെ താരം. എഫി ഫ്ലെച്ചര്‍, ഷാനെല്‍ ഡാലി എന്നിവര്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement