ലോകകപ്പ് ഫൈനല്‍ സ്വപ്നങ്ങളുമായി ഇന്ത്യയും ഓസ്ട്രേലിയയും

ഓസ്ട്രേലിയയ്ക്കും ഇന്ത്യയ്ക്കും ഒരു പടി അകലെയാണ് ലോകകപ്പ് ഫൈനല്‍. ജൂലായ് 23 ഞായറാഴ്ച ലോര്‍ഡ്സില്‍ ഇംഗ്ലണ്ടുമായി ഫൈനല്‍ മോഹവുമായാണ് ഇരു ടീമുകളും ഏറ്റുമുട്ടുക. നിലവിലെ ഫോമും ടൂര്‍ണ്ണമെന്റില്‍ ഇതിനു മുമ്പ് ഇരുവരും ഏറ്റുമുട്ടിയപ്പോളുമെല്ലാം ഓസ്ട്രേലിയയ്ക്കായിരുന്നു മേല്‍ക്കൈ. എന്നാല്‍ അവസാന മത്സരത്തില്‍ ന്യൂസിലാണ്ടിനെ തകര്‍ത്ത് തരിപ്പണമാക്കി എത്തുന്ന ഇന്ത്യയുടെ സാധ്യതകള്‍ കുറച്ച് കാണാനാവില്ല. അന്ന് 186 റണ്‍സ് വിജയം കൊയ്ത ഡെര്‍ബിയില്‍ തന്നെയാണ് ഇന്ത്യ ഓസ്ട്രേലിയയെ നേരിടുന്നതെന്നത് ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും.

ഇന്ത്യ നാല് വിജയങ്ങളാണ് ഡെര്‍ബിയില്‍ ഇതുവരെ സ്വന്തമാക്കിയത്. അതില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ ആദ്യ മത്സരത്തില്‍ നേടിയ വിജയവും ഉള്‍പ്പെടുന്നു. വരണ്ട ഡെര്‍ബി പിച്ചില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ഏറെ നിര്‍ണ്ണായകമാവും എന്നത് തീര്‍ച്ച. ഇന്ത്യയുടെ ബാറ്റിംഗ് നിര ഫോമിലേക്കുയര്‍ന്നാല്‍ ഓസ്ട്രേലിയയെ കെട്ടുകെട്ടിക്കാന്‍ ഇന്ത്യയ്ക്കാവും. ആദ്യ രണ്ട് മത്സരങ്ങളുടെ മികവിനു ശേഷം സ്മൃതി മന്ഥാന റണ്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നതാണ് ഇന്ത്യയെ അലട്ടുന്ന പ്രശ്നം. ക്യാപ്റ്റന്‍ മിത്താലി രാജ് ആണ് സ്കോറിംഗ് ദൗത്യം നിറവേറ്റി വരുന്നത്. പൂനം റൗത്ത്, ദീപ്തി ശര്‍മ്മ എന്നിവരെല്ലാം പല ടൂര്‍ണ്ണമെന്റില്‍ മികവ് പുലര്‍ത്തിയെങ്കിലും സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കാനായിട്ടില്ല. ഹര്‍മന്‍പ്രീത് കൗറും വേദ കൃഷ്ണമൂര്‍ത്തിയുമാണ് ഹിറ്റര്‍മാരുടെ റോളില്‍. കഴിഞ്ഞ മത്സരത്തില്‍ വേദയുടെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യെ മികച്ച സ്കോറിലേക്ക് എത്തിച്ചത്.

ഓസ്ട്രേലിയ മികച്ചൊരു ഓള്‍റൗണ്ട് ടീമാണ്. ഓപ്പണര്‍മാരായ ബെത്ത് മൂണിയും നിക്കോള്‍ ബോള്‍ട്ടണും മികച്ച തുടക്കമാണ് ടീമിനു നല്‍കിയിട്ടുള്ളത്. അവര്‍ പരാജയപ്പെടുന്ന പക്ഷം എന്നും ആശ്രയിക്കാവുന്നൊരു താരമായി എല്‍സെ പെറി മധ്യ നിരയില്‍ നിലയുറപ്പിക്കുന്നുണ്ട്. വളരെ ആഴത്തില്‍ ബാറ്റിംഗ് ശക്തിയുള്ള ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യന്‍ സ്പിന്നര്‍മാരുടെ പ്രകടനത്തെ ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ ഫൈനല്‍ സാധ്യത. ഡെര്‍ബിയിലെ സ്പിന്‍ അനുകൂല പിച്ചില്‍ ഇന്ത്യയ്ക്കതിനു സാധിക്കുമെന്നാണ് ഇന്ത്യന്‍ ആരാധകരുടെയും പ്രതീക്ഷ.

സ്പിന്നര്‍മാര്‍ മാത്രമല്ല ഇന്ത്യന്‍ പേസ് ബൗളിംഗില്‍ നിന്നും മികച്ചൊരു പ്രകടനമാണ് ഓസ്ട്രേലിയയ്ക്കെതിരെ പ്രതീക്ഷിക്കുന്നത്. ഓപ്പണര്‍മാരെ പുറത്താക്കി സ്പിന്നര്‍മാര്‍ക്ക് കളമൊരുക്കേണ്ടത് ഏറെ നിര്‍ണ്ണായകമാണ്. ടൂര്‍ണ്ണമെന്റില്‍ ഇതുവരെ ഇന്ത്യന്‍ പേസ് ബൗളിംഗിനു അത്തരമൊരു പ്രകടനമൊരുക്കാന്‍ സാധിച്ചിട്ടില്ല. 36 വിക്കറ്റുകളാണ് ടൂര്‍ണ്ണമെന്റില്‍ ഇതുവരെ ഇന്ത്യയുടെ സ്പിന്‍ ബൗളിംഗ് നേടിയത്. പേസ് ബൗളര്‍മാര്‍ 13 വിക്കറ്റുകളും.

നിലവിലെ ലോക ചാമ്പ്യന്മാര്‍ക്ക് തന്നെയാണ് ഇന്നത്തെ മത്സരത്തില്‍ സാധ്യത. ഏറ്റുമുട്ടിയപ്പോള്‍ ഭൂരിഭാഗവും ഓസ്ട്രേലിയ തന്നെയാണ് വിജയം കൊയ്തിട്ടുള്ളതും എന്നാല്‍ ഇതൊന്നും ഇന്ത്യയുടെ സാധ്യത തള്ളിക്കളയുന്നില്ല. ടീം ഹോം ഗ്രൗണ്ടെന്ന് വിശേഷിപ്പിക്കുന്ന ഡെര്‍ബിയില്‍ ഒരു അട്ടിമറി സാധ്യമാണെന്ന് തന്നെയാണ് ടീമും ആരാധകരും പ്രതീക്ഷിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial