
ആവേശപ്പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ 3 വിക്കറ്റ് വിജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. പാക്കിസ്ഥാന് നേടിയ 206/8 എന്ന സ്കോര്‍ പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക ഒരോവര്‍ ശേഷിക്കെയാണ് വിജയം സ്വന്തമാക്കിയത്. ശക്തമായ തുടക്കം ലഭിച്ച ദക്ഷിണാഫ്രിക്കയെ 113/0 എന്ന നിലയില്‍ നിന്ന് 177/7 എന്ന നിലയിലേക്ക് എറിഞ്ഞിട്ട പാക് ബൗളര്‍മാരുടെ പ്രകടനം എടുത്ത് പറയേണ്ടതാണ്. അവസാന രണ്ടോവറില്‍ 16 റണ്‍സ് എന്ന സ്ഥിതിയിലേക്ക് എത്തിച്ചുവെങ്കിലും കൈനത് ഇംതിയാസ് എറിഞ്ഞ 49ാം ഓവറില്‍ ദക്ഷിണാഫ്രിക്ക വിജയം സ്വന്തമാക്കി. ഷബ്നിം ഇസ്മയില്‍ 16 പന്തില്‍ നേടിയ 22 റണ്‍സാണ് നിര്‍ണ്ണായകമായത്. സൂനെ ലൂസ് 15 റണ്‍സ് നേടി ഷബിനത്തിനു മികച്ച പിന്തുണ നല്കി. ഇരുവരും പുറത്താകാതെ നില്ക്കകുയായിരുന്നു. അവസാന നാലോവറില്‍ 30 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. അതില്‍ 16 റണ്‍സും 49ാം ഓവറിലും.ഷബ്നിം ഇസ്മയില്‍ ആണ് മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.
ഓപ്പണര്‍മാരായ ലൗറ വോള്‍വാര്‍ട്(52), ലിസെല്ലേ ലീ(60) എന്നിവരുടെ ബാറ്റിംഗ് പ്രകടനത്തിലൂടെ അനായാസ വിജയം ദക്ഷിണാഫ്രിക്ക സ്വന്തമാക്കുമെന്ന് കരുതിയതായിരുന്നുവെങ്കിലും പാക് ബൗളിംഗ് നിര പാക്കിസ്ഥാനു വിജയ പ്രതീക്ഷ നല്‍കുകയായിരുന്നു. മിഗ്നോണ്‍ ഡു പ്രീസ്(30) ആണ് മികവ് പുലര്‍ത്തിയ മറ്റൊരു ദക്ഷിണാഫ്രിക്കന്‍ താരം. പാക്കിസ്ഥാനു വേണ്ടി സാദിയ യൂസഫ് 2 വിക്കറ്റും സന മിര്‍, ബിസ്മ മഹ്റൂഫ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാക് വനിതകള്‍ക്ക് കാര്യമായ ബാറ്റിംഗ് പ്രകടനം പുറത്തെടുക്കാനായില്ല. ഓപ്പണര്‍ നാഹിദ ഖാന് നേടിയ 79 റണ്‍സ് മാത്രമാണ് എടുത്ത് പറയാവുന്ന സ്കോര്‍. മറ്റു പല താരങ്ങള്‍ക്കും തുടക്കം ലഭിച്ചുവെങ്കിലും അവയെ വലിയ സ്കോറാക്കുന്നതില്‍ പരാജയപ്പെടുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഷബ്നിം ഇസ്മയില്‍, മോസെലൈന് ഡാനിയല്‍സ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടി. മരിസാനെ കാപ്, ഡാന്‍ വാന്‍, സൂനെ ലൂസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial