സെമി സാധ്യത വര്‍ദ്ധിപ്പിച്ച് ദക്ഷിണാഫ്രിക്ക,ശ്രീലങ്കയ്ക്കെതിരെ 8 വിക്കറ്റ് വിജയം

- Advertisement -

ശ്രീലങ്കയെ തോല്പിച്ച് ലോകകപ്പ് സെമി സാധ്യത കൂടുതല്‍ ശക്തമാക്കി ദക്ഷിണാഫ്രിക്ക. ലങ്കയ്ക്കെതിരെ 8 വിക്കറ്റ് വിജയം സ്വന്തമാക്കിയ ദക്ഷിണാഫ്രിക്ക നിലവില്‍ ഒന്നാം സ്ഥാനത്താണ്. ഇന്നത്തെ മറ്റു മത്സരങ്ങളുടെ ഫലമനുസരിച്ച് സ്ഥാനചലനമുണ്ടാകുമെങ്കിലും ദക്ഷിണാഫ്രിക്കയുടെ സെമി സാധ്യത വര്‍ദ്ധിച്ചിരിക്കുകയാണ്. ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് ആരംഭിച്ചുവെങ്കിലും തീരുമാനം പാടെ പരാജയമാണെന്ന് തെളിയിക്കുന്ന ബാറ്റിംഗ് പ്രകടനമാണ് ലങ്കന്‍ താരങ്ങള്‍ പുറത്തെടുത്തത്. വെറും 101 റണ്‍സിനു ഓള്‍ഔട്ട് ആയ അവര്‍ 40.3 ഓവറാണ് ക്രീസില്‍ ചിലവഴിച്ചത്.

ചാമരി പോള്‍ഗാംപോള(25), പ്രസാദിനി വീരക്കോടി(18), ദിലാനി മനദോര(25) എന്നിവര്‍ മാത്രമാണ് ലങ്കന്‍ നിരയില്‍ രണ്ടക്കം കടന്നത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ ഡേന്‍ വാന്‍ നീകെര്‍ക്ക് 4 വിക്കറ്റും ഷബിനം ഇസ്മയില്‍ 3 വിക്കറ്റും നേടി. സുനെ ലൂസ്, മസബാട ക്ലാസ്, മരിസാനെ കാപ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

 

മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തില്‍ 2 വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ലക്ഷ്യം തീരെ ചെറുതായതിനാല്‍ അതവര്‍ക്ക് യാതൊരു വിധ ബുദ്ധിമുട്ടും സൃഷ്ടിച്ചില്ല. 23.1 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സാണ് ദക്ഷിണാഫ്രിക്ക നേടിയത്. ലോറ വോള്‍വാര്‍ഡ്(48*), മിഗനോണ്‍ ഡു പ്രീസ്(38*) എന്നിവരായിരുന്നു വിജയ സമയത്ത് ക്രീസില്‍. ദക്ഷിണാഫ്രിക്കയുടെ ഡേന്‍ വാന്‍ നീകെര്‍ക്ക് ആണ് കളിയിലെ താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement