മഴ കളി മുടക്കി, വിന്‍ഡീസിനു 19 റണ്‍സ് ജയം

- Advertisement -

വനിത ലോകകപ്പ് മത്സരങ്ങളില്‍ രണ്ടാം ജയം സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ്. മഴ കളി മുടക്കിയ മത്സരത്തില്‍ ഡക്ക്‍വര്‍ത്ത് ലൂയിസ് പ്രകാരം 19 റണ്‍സിന്റെ വിജയമാണ് കരീബിയന്‍ വനിതകള്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 50 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സ് നേടുകയായിരുന്നു. പാക്കിസ്ഥാന്‍ ഇന്നിംഗ്സില്‍ 24 ഓവര്‍ പിന്നിട്ടപ്പോള്‍ 117/3 എന്ന സ്കോറിലെത്തി നില്‍ക്കെയാണ് മഴ വില്ലനായി എത്തിയത്. പാക്കിസ്ഥാനു ഇത് ആറാം തോല്‍വിയാണ്.

ടോസ് നേടിയ പാക്കിസ്ഥാന്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കം പിഴച്ചെങ്കിലും ക്യാപ്റ്റന്‍ സ്റ്റെഫാനി ടെയ്‍ലര്‍(90), ഡിയാന്‍ഡ്ര ഡോട്ടിന്‍ പുറത്താകാതെ നേടിയ ശതകം എന്നിവയുടെ പിന്‍ബലത്തില്‍ വെസ്റ്റിന്‍ഡീസ് മികച്ച സ്കോറിലേക്ക് നീങ്ങുകയായിരുന്നു. ചേഡിയന്‍ നേഷന്‍(35), മെരീസ അഗ്വില്ലേരിയ(24*) എന്നിവരും വെസ്റ്റിന്‍ഡീസിനായി മികച്ച സംഭാവന നല്‍കി.

പാക്കിസ്ഥാനു വേണ്ടി അസ്മാവിയ ഇക്ബാല്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഡയാന ബൈഗ്, നശ്ര സന്ധു എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

പാക്കിസ്ഥാനു വേണ്ടി നാഹിദ ഖാന്‍(40), ജവേരിയ ഖാന്‍(58*) എന്നിവരുടെ ബാറ്റിംഗ് മികവില്‍ മത്സരത്തില്‍ ശക്തമായ സാന്നിധ്യമായി മാറുന്നതിനിടയിലാണ് രണ്ടോവറില്‍ രണ്ട് വിക്കറ്റ് നഷ്ടമായി ഡക്ക്വ‍ര്‍ത്ത് ലൂയിസ് പ്രകാരം ടീം പിന്നില്‍ പോയത്. 104 റണ്‍സുമായി പുറത്താകാതെ നിന്ന ഡോട്ടിന്‍ ആണ് കളിയിലെ താരം.

അനീസ മുഹമ്മദ് വെസ്റ്റിന്‍ഡീസിനായി രണ്ട് വിക്കറ്റും അക്കീര പീറ്റേഴ്സ് ഒരു വിക്കറ്റും വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement