ഡെര്‍ബിയില്‍ ജയം കൈവിടാതെ ഇന്ത്യ, ഇനി ലോര്‍ഡ്സില്‍ ഇംഗ്ലണ്ടുമായി അങ്കം

വനിത ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ട് – ഇന്ത്യ പോരാട്ടം. ഇന്ന് നടന്ന സെമി മത്സരത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ 36 റണ്‍സ് വിജയം സ്വന്തമാക്കിയാണ് ഇന്ത്യ ഫൈനലിലേക്ക് പ്രവേശിച്ചത്. ഹര്‍മന്‍പ്രീത് കൗര്‍ അടിച്ച് കൂട്ടിയ റണ്ണുകളും ബൗളര്‍മാരുടെ മികവാര്‍ന്ന പ്രകടനവുമാണ് ഇന്ത്യയ്ക്ക് അട്ടിമറി വിജയം സമ്മാനിച്ചത്. 115 പന്തില്‍ 171 റണ്‍സ് നേടി പുറത്താകാതെ നിന്ന ഹര്‍മന്‍പ്രീത് കൗറിന്റെ ബാറ്റിംഗ് മികവില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 281 റണ്‍സ് നേടിയിരുന്നു.

ആദ്യ എട്ടോവറില്‍ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട ഓസ്ട്രേലിയയ്ക്ക് പ്രതീക്ഷ നല്‍കിയത് എല്‍സെ വില്ലാനി-എല്‍സെ പെറി കൂട്ടുകെട്ടാണ്. ഇന്ത്യന്‍ ബൗളര്‍മാരെ സധൈര്യം നേരിട്ട ഇരുവരും മത്സരം ഇന്ത്യയില്‍ നിന്ന് തട്ടിയെടുക്കുമെന്ന് സ്ഥിതിയിലാണ് രാജേശ്വരി ഗായ്ക്വാഡ് ഏറെ നിര്‍ണ്ണായകമായ വിക്കറ്റ് വീഴ്ത്തിയത്. 58 പന്തില്‍ 75 റണ്‍സ് നേടിയ വില്ലാനിയെയാണ് രാജേശ്വരി മടക്കി അയയ്ച്ചത്. 13 ബൗണ്ടറി തന്റെ ഇന്നിംഗ്സില്‍ നേടിയ വില്ലാനി പെറിയുമായി ചേര്‍ന്ന് 105 റണ്‍സാണ് നാലാം വിക്കറ്റില്‍ നേടിയത്. ഏറെ വൈകാതെ പെറിയും (38) പുറത്തായതോടു കൂടി ഓസ്ട്രേലിയ 126/3 എന്ന നിലയില്‍ നിന്ന് 140/5 എന്ന നിലയിലേക്ക് കൂപ്പുകുത്തി.

അലക്സ് ബ്ലാക്വെല്ലിന്റെ ഒറ്റയാള്‍ പോരാട്ടം ഓസ്ട്രേലിയന്‍ ക്യാമ്പില്‍ പ്രതീക്ഷ പരത്തിയെങ്കിലും കൂട്ടിനു വേണ്ടത്ര പിന്തുണ മറ്റു താരങ്ങളില്‍ നിന്ന് ലഭിക്കാതെ പോയതാണ് ഓസ്ട്രേലിയയ്ക്ക് വിനയായത്.  ഓസീസ് വനിതകള്‍ 40.1 ഓവറില്‍ 245 റണ്‍സിനു ഓള്‍ഔട്ടായി. ഇന്ത്യയ്ക്ക് 36 റണ്‍സിന്റെ വിജയം. 56 പന്തില്‍ 90 റണ്‍സ് നേടിയ ബ്ലാക്വെല്‍ പുറത്താകുമ്പോള്‍ അവസാന വിക്കറ്റില്‍ 76 റണ്‍സാണ് ഓസ്ട്രേലിയ നേടിയത്. 10 ബൗണ്ടറിയും 3 സിക്സറും അടങ്ങിയതായിരുന്നു ബ്ലാക്വെല്ലിന്റെ ഇന്നിംഗ്സ്.

ഇന്ത്യയ്ക്കായി ദീപ്തി ശര്‍മ്മ മൂന്ന് വിക്കറ്റും ജൂലന്‍ ഗോസ്വാമി, ശിഖ പാണ്ഡേ എന്നിവര്‍ രണ്ടും രാജേശ്വരി ഗായ്ക്വാഡ്, പൂനം യാദവ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. ഞായറാഴ്ച് ജൂലായ് 23നു ലോര്‍ഡ്സില്‍ ഇംഗ്ലണ്ടുമായാണ് ഇന്ത്യയുടെ ഫൈനല്‍ മത്സരം.

 

 

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial