ഓസ്ട്രേലിയയ്ക്ക് പിന്നാലെ സെമി ഉറപ്പാക്കി ഇംഗ്ലണ്ട്

ന്യൂസിലാണ്ടിനെതിരെ ആധികാരിക വിജയം സ്വന്തമാക്കി ഇംഗ്ലണ്ട്. 75 റണ്‍സിനു ന്യൂസിലാണ്ടിനെ തകര്‍ത്ത ആതിഥേയര്‍ സെമി യോഗ്യത നേടിയിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യയോടേറ്റ അപ്രതീക്ഷിത പരാജയത്തിനു ശേഷം ഇംഗ്ലണ്ട് ടൂര്‍ണ്ണമെന്റില്‍ ശക്തമായ മടങ്ങിവരവാണ് നടത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സ് നേടിയപ്പോള്‍ ന്യൂസിലാണ്ട 209 റണ്‍സിനു ഓള്‍ഔട്ടായി. ശതകം നേടിയ നതാലി സ്കിവര്‍ ആണ് മാന്‍ ഓഫ് ദി മാച്ച്.

ഇംഗ്ലണ്ട് ഇന്നിംഗ്സ് വിശകലനം ചെയ്യുകയാണെങ്കില്‍ ബാറ്റിംഗില്‍ രണ്ടേ രണ്ട് താരങ്ങളുടെ പ്രകടനമാണ് മത്സരം അവര്‍ക്ക് അനുകൂലമാക്കിയത്. താമി ബ്യൂമോണ്ട്(93), നതാലി സ്കിവര്‍(129) എന്നിവരുടെ സ്കോര്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത ഉയര്‍ന്ന സ്കോര്‍ 11 റണ്‍സാണ്. ഒരു ഘട്ടത്തില്‍ 52/3 എന്ന നിലയിലേക്ക് വീണ ഇംഗ്ലണ്ടിനെ ഇവരിരുവരുടെയും പോരാട്ട വീര്യം മാത്രമാണ് സെമിയിലേക്ക് യോഗ്യത നേടിക്കൊടുത്തത്. 27 ഓവര്‍ നീണ്ട നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ 170 റണ്‍സാണ് ഇരുവരും നേടിയത്. ബ്യൂമോണ്ടിനു അര്‍ഹമായ ശതകം നഷ്ടമായെങ്കിലും സ്കിവര്‍ അത് നേടുക തന്നെ ചെയ്തു.

നാല് വിക്കറ്റ് നേടിയ അമേലിയ കെര്‍ ആണ് ന്യൂസിലാണ്ടിനു വേണ്ടി തിളങ്ങിയത്. സ്കിവറിനെയും ബ്യൂമോണ്ടിനെയും പുറത്താക്കിയത് കെര്‍ ആണ്. ലെഗ് കാസ്പെറക് രണ്ടും ലിയ, സൂസി ബേറ്റ്സ്, എറിന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാണ്ട് ഇന്നിംഗ്സ് 46.4 ഓവറില്‍ 75 റണ്‍സ് അകലെ അവസാനിക്കുകയായിരുന്നു. സൂസി ബേറ്റ്സ്(44) ടോപ് സ്കോറര്‍ ആയപ്പോള്‍ ആമി സതര്‍വൈറ്റ്(35), കേറ്റി പെര്‍ക്കിന്‍സ്(43) എന്നിവരുടെ ഇന്നിംഗ്സുകള്‍ക്കും ന്യൂസിലാണ്ടിന്റെ പരാജയഭാരം കുറയ്ക്കാന്‍ മാത്രമാണ് കഴിഞ്ഞത്. അലക്സ് ഹാര്‍ട്ലി ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റ് നേടി. അന്യ ഷ്രബ്സോള്‍(2), ജെന്നി ഗണ്‍(2), ലോറ മാര്‍ഷ്, ഹീത്തര്‍ നൈറ്റ് എന്നിവരാണ് മറ്റു വിക്കറ്റ് നേട്ടക്കാര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial