ഇംഗ്ലണ്ടിനു 9 റണ്‍സിന്റെ മധുര പ്രതികാരം

വിജയം കൈയ്യകലത്തില്‍ നഷ്ടമായപ്പോള്‍ ഇംഗ്ലണ്ടിനോട് ഫൈനല്‍ പരാജയപ്പെട്ട് ഇന്ത്യ. 191/3 എന്ന നിലയില്‍ നിന്ന് 201/7 എന്ന നിലയിലേക്ക് കൂപ്പുകുത്തിയ ഇന്ത്യ വിജയിക്കാവുന്ന ഒരു മത്സരം സ്വന്തം പിഴവുകള്‍ കൊണ്ട് കൈവിടുകയായിരുന്നു. 48.4 ഓവറില്‍  219 റണ്‍സിനു ഇന്ത്യ ഓള്‍ഔട്ട് ആവുയായിരുന്നു. ഇംഗ്ലണ്ടിനു 9 റണ്‍സിന്റെ മധുര പ്രതികാരം. റൗത്ത്(86), ഹര്‍മ്മന്‍പ്രീത് കൗര്‍(51), വേദ ശര്‍മ്മ(35) എന്നിവരുടെ മികവില്‍ വിജയിക്കാമെന്ന മോഹത്തെ ഇംഗ്ലീഷ് ബൗളര്‍മാര്‍ അവസാന ഓവറുകളില്‍ തടയിടുകയായിരുന്നു. 6 വിക്കറ്റ് നേടിയ അന്യ ഷ്രബ്സോളിന്റെ സ്പെല്ലാണ് മത്സരത്തില്‍ വഴിത്തിരിവായത്. തന്റെ പ്രകടനത്തിനു അന്യ ഷ്രബ്സോള്‍ കളിയിലെ താരമായപ്പോള്‍ ഇംഗ്ലണ്ടിന്റെ തന്നെ താമി ബ്യൂമോണ്ട് ആണ് പരമ്പരയിലെ താരം.

പരാജയപ്പെട്ടുവെങ്കിലും തലയുയര്‍ത്തി തന്നെ ഇന്ത്യയ്ക്ക് മടങ്ങാം. ശ്രീലങ്കയിലെ ക്വാളിഫയറുകളില്‍ നിന്നാരംഭിച്ച ഈ യാത്ര ലോര്‍ഡ്സിലെ രണ്ടാം സ്ഥാനം വരെ എത്തിച്ചതിനു ഏറെ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു മിത്താലിയുടെ ഈ പെണ്‍ പുലികള്‍.

ഇംഗ്ലണ്ടിന്റെ സ്കോറായ 228 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് രണ്ടാം ഓവറില്‍ തന്നെ തിരിച്ചടിയായിരുന്നു ഫലം. സ്മൃതി മന്ഥാന റണ്ണൊന്നുമെടുക്കാതെ പുറത്തായപ്പോള്‍ ടീം സ്കോര്‍ 5 റണ്‍സ്. പിന്നീട് മിത്താലി രാജും(17) പൂനം റൗത്തും തമ്മില്‍ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവരുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് റണ്‍ഔട്ട് രൂപത്തില്‍ ഇന്ത്യന്‍ നായിക മടങ്ങിയത്.

പിന്നീട് റൗത്തിനു കൂട്ടായെത്തിയ ഹര്‍മ്മന്‍പ്രീത് കൗര്‍ തന്റെ ഉഗ്രഭാവം ഉപേക്ഷിച്ചാണ് ഇംഗ്ലണ്ട് ബൗളര്‍മാരെ നേരിട്ടത്. അനാവശ്യ ഷോട്ടുകള്‍ക്ക് മുതിരാതെ ഇരുവരും ഇന്ത്യയെ സുരക്ഷിത സ്ഥാനത്തേ്കക് എത്തിയ്ക്കുകയായിരുന്നു. രണ്ട് താരങ്ങളും തങ്ങളുടെ അര്‍ദ്ധ ശതകങ്ങള്‍ തികച്ച് 95 റണ്‍സ് കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്. 33.3 ഓവറില്‍ 51 റണ്‍സ് നേടിയ കൗര്‍ പുറത്താകുമ്പോള്‍ സ്കോര്‍ 138/3

പൂനം-വേദ സഖ്യം ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുമെന്ന സ്ഥിതിയില്‍ നിന്ന് തുടരെ നാല് വിക്കറ്റ് നഷ്ടമായി ഇന്ത്യ സമ്മര്‍ദ്ദത്തിലാകുന്ന കാഴ്ചയാണ് ലോര്‍ഡ്സില്‍ പിന്നീട് കണ്ടത്. 191/3 എന്ന നിലയില്‍ നിന്ന് 10 റണ്‍സ് നേടുന്നതിനിടയില്‍ ഇന്ത്യയ്ക്ക് 3 വിക്കറ്റുകള്‍ നഷ്ടമായി. 53 റണ്‍സ് നാലാം വിക്കറ്റ് കൂട്ടുകെട്ടിനൊടുവില്‍ പൂനം റാവത്ത്(86), റണ്ണൊന്നുമെടുക്കാതെ സുഷമ വര്‍മ്മ, 35 റണ്‍സ് നേടിയ വേദ കൃഷ്ണമൂര്‍ത്തി, ജൂലന്‍ ഗോസ്വാമി(0) എന്നിവരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

ഇന്ത്യ 201/7 എന്ന നിലയിലേക്ക് കൂപ്പുകുത്തിയ ഇന്ത്യ ദീപ്തി ശര്‍മ്മ – ശിഖ പാണ്ഡേ സഖ്യത്തിന്റെ പിന്‍ബലത്തോടു കൂടി ലക്ഷ്യം അവസാന മൂന്നോവറില്‍ 14 റണ്‍സായി ചുരുക്കി. എന്നാല്‍ ലക്ഷ്യം 11 റണ്‍സ് അകലെ വെച്ച് ശിഖ പാണ്ഡേ റണ്‍ ഔട്ട് ആയതോടു കൂടി ഇന്ത്യയുടെ പ്രതീക്ഷകള്‍ ഏറെക്കുറെ അസ്തമിക്കുകയായിരുന്നു. ഏറെ വൈകാതെ അന്യയ്ക്ക് മുന്നില്‍ തകര്‍ന്ന ഇന്ത്യന്‍ വാലറ്റം 48.4 ഓവറില്‍ 219 റണ്‍സിനു ഓള്‍ഔട്ടായി.

 

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial