ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് ശക്തിയെ മെരുക്കാനായി ദക്ഷിണാഫ്രിക്ക

വനിത ലോകകപ്പ് സെമി മത്സരങ്ങള്‍ക്കിന്ന് തുടക്കം. ആദ്യ സെമിയില്‍ ബ്രിസ്റ്റോളില്‍ ഇന്ന് ആതിഥേയരായ ഇംഗ്ലണ്ടിനു എതിരാളികള്‍ ദക്ഷിണാഫ്രിക്ക. ആദ്യ മത്സരത്തില്‍ ഇന്ത്യയോടേറ്റ തോല്‍വിയ്ക്ക് ശേഷം ഇംഗ്ലണ്ട് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. തുടര്‍ച്ചയായ 6 ആധികാരിക വിജയങ്ങള്‍ സ്വന്തമാക്കി ഇംഗ്ലണ്ടിന്റേത് ബാറ്റിംഗ് മികവിന്റെ കൂടി ജയമായിരുന്നു.

നേരെ മറിച്ച് ദക്ഷിണാഫ്രിക്കയുടെ സെമി പ്രവേശനം തന്നെ അപ്രതീക്ഷിതമായിരുന്നു എന്ന് വേണം കരുതാന്‍. ദക്ഷിണാഫ്രിക്കയുടെ ലെഗ്സ്പിന്‍ ഓള്‍റൗണ്ടര്‍ ഡേന്‍ വാന്‍ നീകെര്‍ക്ക് ആണ് ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്നത്. മൂന്ന് തവണ നാല് വിക്കറ്റ് നേട്ടം ആവര്‍ത്തിച്ച ഡേന്‍ 15 വിക്കറ്റുകളുമായി ടൂര്‍ണ്ണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ മുന്നിലാണ്. ഡേനിനൊപ്പം മരിസാനെ കാപ്, സൂനേ ലൂസ് എന്നിവര്‍ കൂടി ചേരുന്നത് ദക്ഷിണാഫ്രിക്കയുടെ ബൗളിംഗിനു കരുത്തേകുന്നതാണ്.

ടൂര്‍ണ്ണമെന്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ രണ്ട് താരങ്ങളും ഇംഗ്ലണ്ടിന്റേതാണ്. താമി ബ്യൂമോണ്ടും ഹീത്തര്‍ നൈറ്റും. സാറ ടെയ്‍ലറും തന്റെ മികവ് പലവട്ടം ടൂര്‍ണ്ണമെന്റില്‍ പുറത്തെടുത്തിട്ടുണ്ട്. ഇംഗ്ലണ്ട് ആകെ പരാജയപ്പെട്ട മത്സരത്തില്‍ സ്പിന്‍ ആയിരുന്നു അവരുടെ അന്തകരായത്. ദക്ഷിണാഫ്രിക്കയുടെ കരുത്തും ബൗളിംഗിലാണെന്നത് അവര്‍ക്ക് ആശ്വാസമേകുന്നു.

എന്നാല്‍ ഇരു ടീമുകളും ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇംഗ്ലണ്ട് മികച്ച ജയമാണ് സ്വന്തമാക്കിയത്. താമി ബ്യൂമോണ്ടും സാറ ടെയ്‍ലറും കത്തിക്കയറിയ മത്സരത്തില്‍ ഇംഗ്ലണ്ട് 373 റണ്‍സാണ് നേടിയത്. എന്നാല്‍ മൂന്നുറിനു മുകളില്‍ സ്കോര്‍ ചെയ്ത് ദക്ഷിണാഫ്രിക്ക തങ്ങള്‍ക്ക് ബാറ്റിംഗ് ശേഷിയുണ്ടെന്നും തെളിയിക്കുകയായിരുന്നു. മികച്ചൊരു ഓള്‍റൗണ്ട് ടീം തന്നെയാണ് തങ്ങളെന്ന് ഇംഗ്ലണ്ടിനു ഒരു മുന്നറിയിപ്പ് കൂടി നല്‍കുകയായിരുന്നു ദക്ഷിണാഫ്രിക്ക് ആ മത്സരത്തില്‍.

ചരിത്രവും ഫോമും എന്ത് തന്നെയായാലും ഇന്നത്തെ ആദ്യ സെമി പോരാട്ടം തീപാറുമെന്നുള്ളത് ഉറപ്പ് തന്നെ. ഫൈനലി‍ലേക്ക് ഇംഗ്ലണ്ട് കടക്കുമോ അതോ ആദ്യ ഫൈനല്‍ പ്രവേശനം ഉറപ്പാക്കി ദക്ഷിണാഫ്രിക്കയാകുമോ മുന്നോട്ട് എന്ന് കാത്തിരുന്ന് കാണാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial