
വനിതകളുടെ വേൾഡ് കപ്പിലെ 4ആമത്തെ മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരെ ഓസ്ട്രേലിയയ്ക് 8 വിക്കറ്റിന്റെ തകർപ്പൻ വിജയം. ബൗളർമാരുടെ മികച്ച പ്രകടനവും, ഓപ്പണര്‍മാരായ നിക്കോൾ ബോൾട്ടൻറെയും, ബേത്ത് മൂണിയുടെയും ക്ലാസിക് ബാറ്റിംഗ് ഒക്കെയാണ് ഓസ്ട്രേലിയയെ എളുപ്പവിജയത്തിൽ എത്തിച്ചത്.
ആദ്യത്തെ ഇന്നിങ്സിൽ വെസ്റ്റ് ഇൻഡീസ് 204 റൺ നേടിയിരുന്നു. ഹെയ്ലി മാത്യൂസ് 46 റൺ നേടി ടീമിന്റെ ടോപ് സ്കോറർ ആയി. ഡിയാൻഡ്രെ ഡോട്ടിൻ തന്റെതായ ശൈലിയിൽ 20 പന്തിൽ 29 റൺ നേടിയെങ്കിലും എലിസ പെറി ബൗൾഡ് ആക്കിയതോടെ ഉയർന്ന സ്കോറിൽ എത്താമെന്നുള്ള വെസ്റ്റ് ഇൻഡീസിന്റെ മോഹങ്ങൾ പൊലിഞ്ഞു. എലിസ പെറി 3 വിക്കറ്റ് നേടിയപ്പോൾ, ജോനാസെനും ബീംസും 2 വിക്കറ്റുകൾ വീതം നേടി.
രണ്ടാം ബാറ്റിങ്ങിൽ കണ്ടത് ഫോമിലുള്ള രണ്ട് ബാറ്റ്സ്മാൻമാരുടെ ശ്രദ്ധയോടുള്ളതും എന്നാൽ തന്നെയും റൺ റേറ്റ് ഒട്ടും തന്നെ തലവേദന ആകാതെ നിലനിർത്തിക്കൊണ്ടുള്ളതുമായ ബാറ്റിംഗ് ആയിരുന്നു. ആദ്യം അർദ്ധ സെഞ്ച്വറി തികച്ചത് ബേത്ത് മൂണി ആണ്. എന്നാൽ അർദ്ധസെഞ്ച്വറി കടന്നതിനുശേഷം ബോൾട്ടൻ ബൗളർമാരെ ഗ്രൗണ്ടിന്റെ തലങ്ങും വിലങ്ങും പായിക്കുന്നതാണ് കണ്ടത്. 73 പന്തിൽ 50 തികച്ച ബോൾട്ടൻ പിന്നീടുള്ള 50 റൺ നേടിയത് വെറും 35 പന്തിലാണ്. ഈ ടൂർണമെന്റിലെ ആദ്യത്തെ സെഞ്ച്വറി ആണിത്. ഓസ്ട്രേലിയയ്ക്ക് നഷ്ടമായ രണ്ടു വിക്കറ്റുകളും ടെയ്ലർ സ്വന്തമാക്കി.
107 റൺ നേടി ഓസ്ട്രേലിയയുടെ വിജയം എളുപ്പമാക്കിയ നിക്കോൾ ബോൾട്ടൻ തന്നെയാണ് കളിയിലെ താരം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial