ചാമ്പ്യന്മാര്‍ ഫൈനല്‍ കാണുമോ? അട്ടിമറി പ്രതീക്ഷയുമായി ഇന്ത്യ ‘ഹോം’ ഗ്രൗണ്ടില്‍

വനിതകളുടെ വേൾഡ് കപ്പിൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള സെമി ഫൈനൽ ഇന്ന് നടക്കുകയാണ്. 7 മത്സരങ്ങളിൽ 5 എണ്ണം ജയിച്ച ഇന്ത്യ തോറ്റ 2 കളികളിൽ ഒരെണ്ണം ഓസ്‌ട്രേലിയയോടായിരുന്നു. പേപ്പറിൽ ഇന്ത്യയേക്കാൾ ശക്തരാണ് ഓസ്ട്രേലിയ. പക്ഷെ തങ്ങളുടേതായ ദിവസത്തിൽ അസാധ്യപ്രകടനം നടത്താൻ കഴിവുള്ളവരാണ് ഇന്ത്യൻ ടീം.

ബാറ്റിംഗ് ആണ് രണ്ടു ടീമുകളുടെയും പ്രധാന ശക്തി. ഇന്ത്യൻ ക്യാപ്റ്റൻ മിഥാലി രാജ് ഇന്ത്യയുടെ ബാറ്റിങ്ങിന്റെ നട്ടെല്ല് ആണെന്നതുപോലെ ഓസ്‌ട്രേലിയൻ ബാറ്റിങ്ങിന്റെ നട്ടെല്ലും അവരുടെ ക്യാപ്റ്റൻ ആയ മെഗ് ലാന്നിങ് ആണ്. ഒരു കലണ്ടർ വര്ഷം ഏറ്റവും കൂടുതൽ അർധസെഞ്ചുറികൾ നേടിയ താരമായി മിഥാലി നിൽക്കുമ്പോൾ തന്നെ പ്രമുഖ പുരുഷ ക്രിക്കറ്റർമാർക്ക് പോലും അസൂയാവഹമായ തരത്തിലുള്ള കണക്കുകൾ ആണ് ലാന്നിങ്ങിന്റേത്.

പൂനം റൗത്, വേദ കൃഷ്ണമൂർത്തി, ഹർമൻപ്രീത് കൗർ എന്നിവർ ഇന്ത്യയ്ക്ക് വേണ്ടി ചില കളികളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചു. സ്‌മൃതി മന്ദാന ആദ്യത്തെ രണ്ടു കളികളിൽ അര്ധസെഞ്ചുറികൾ നേടിയെങ്കിലും തുടർന്നുള്ള കളികളിൽ നിരാശാജനകമായിരുന്നു. ദീപ്തി ശർമയും, സുഷമ വർമയും, ജൂലാൻ ഗോസ്വാമിയും ആണ് ബാക്കിയുള്ള ബാറ്റിംഗ് ഓർഡർ പൂർത്തീകരിക്കുന്നത്. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം താരങ്ങളുടെ സ്ഥിരതയില്ലാത്ത പ്രകടനമാണ്. അത് കാരണം തന്നെ ടീമിന്റെ ബാറ്റിംഗ് ഓർഡർ പല വട്ടം മാറ്റേണ്ടതായി വന്നു. ഒരിക്കൽ മൂന്നാമത് ഇറങ്ങിയ ദീപ്തി മറ്റൊരു കളിയിൽ ലോവർമിഡിൽ ഓർഡറിൽ കളിക്കുന്നത് കാണാൻ കഴിഞ്ഞു.

എന്നാൽ ഈ വക പ്രശ്നങ്ങൾ ഒന്നുംതന്നെ ഓസ്‌ട്രേലിയയെ അലട്ടുന്നില്ല. അവരുടെ ബാറ്റിങ്ങിന്റെ ശക്തി മനസിലാക്കാൻ ലോവർ മിഡിൽ ഓർഡർ ബാറ്റ്സ്മാൻമാർക്ക് ഈ വേൾഡ്കപിൽ ബാറ്റ് ചെയ്യാൻ എത്ര അവസരങ്ങൾ കിട്ടി എന്ന നോക്കിയാൽ മതിയാകും. ലാന്നിങ്ങിനു പുറമെ, വാർണറിന്റെ കളിശൈലിയെ അനുസ്മരിപ്പിക്കുന്ന നിക്കോൾ ബോൾട്ടൻ, ബേത്ത് മൂണി എന്നിവരും മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്നു.

ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള മത്സരത്തിൽ മത്സരത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്താൻ സാധ്യത ഉള്ള കളിക്കാരി പക്ഷെ എലിസ് പെറി ആയിരിക്കും. ഇപ്പോഴുള്ള ഓൾറൗണ്ടർമാരിൽ പലരും ഒന്നുകിൽ ബാറ്റിങ്ങിൽ അല്ലെങ്കിൽ ബൗളിംഗിൽ മികച്ചവർ ആയിരിക്കുന്നതാണ് പതിവ്. എന്നാൽ പെറി വ്യത്യസ്ഥയാണ്. രണ്ടിലും തുല്യമായി തിളങ്ങുന്നു എന്നത് ശ്രദ്ധേയമാണ്. പെറിയെ പോലൊരു ഓൾറൗണ്ടർ ഏത് ടീമിന്റെയും സ്വപ്നമാണ്.

ബൗളിംഗിൽ ഇന്ത്യൻ സ്പിന്നർമാർ ഇതുവരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ജൂലാൻ ഗോസ്വാമിയും പൂനം യാദവ്, മാൻസി ജോഷി, ശിഖ പാണ്ഡെയും ചേർന്ന ബൗളിംഗ് നിര സ്ഥിരത കാത്തുസൂക്ഷിക്കാൻ ബുദ്ധിമുട്ടുന്നതായിട്ട് അനുഭവപ്പെട്ടു. ഓസ്‌ട്രേലിയൻ ബൗളിങ്ങും പെറിയുടെ നേതൃത്വത്തിൽ ശക്തമാണ്.

എല്ലാത്തരത്തിലും ഒരു ഓസ്‌ട്രേലിയൻ മുൻതൂക്കം വ്യക്തമാണെന്നിരിക്കെ ഇന്ത്യൻ കളിക്കാരും മുൻ താരങ്ങളും ഫാൻസും ഒന്നും തന്നെ പ്രതീക്ഷകൾ കൈവിട്ടിട്ടില്ല. ടൂർണമെന്റിലെ ഏറ്റവും ജയസാധ്യത കല്പിക്കപ്പെട്ടിരുന്ന ടീമായ ഇംഗ്ലണ്ടിനെ ആദ്യകളിയിൽ തോല്പിച്ചതിന്റെ ആത്മവിശ്വാസം നിലനിർത്താനായൽ ഇന്ത്യയ്ക്ക് ജയം സാധ്യമാണ്. ബാറ്റിങ്ങിൽ ടോപ് ഓർഡറിന്റെ കരുത്തിൽ ഇതുവരെ എത്തിയ ഓസ്ട്രേലിയ ആദ്യമേ ഒരു തകർച്ച നേരിട്ടാൽ അതിനെ എങ്ങനെ മറികടക്കുമെന്ന് കാണേണ്ടതാണ്. രണ്ട് ടീമുകളും ജയപാതയിൽ ആയതിനാൽ, ടീം കോമ്പിനേഷനിൽ പരീക്ഷണങ്ങൾക്ക് സാധ്യത കുറവാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial