സെമിയ്ക്കായി ഇന്ത്യ കാത്തിരിക്കണം, ഓസ്ട്രേലിയയ്ക്ക് അനായാസ ജയം

പൂനം റൗത്തിന്റെ ശതകവും മിത്താലി രാജിന്റെ റെക്കോര്‍ഡിന്റെയും നിറം കെടുത്തി ഇന്ത്യയ്ക്ക് ഓസ്ട്രേലിയയോട് തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നല്‍കിയ 227 റണ്‍സ് ലക്ഷ്യം 46ാം ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ സ്വന്തമാക്കി ഓസ്ട്രേലിയ സെമിയിലേക്ക്. അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയാണ് ഓസ്ട്രേലിയയുടെ എതിരാളികള്‍ എന്നത് ടൂര്‍ണ്ണമെന്റിനെ ആവേശക്കൊടിമുടിയില്‍ എത്തിച്ചിരിക്കുകയാണ്. വിജയം സ്വന്തമാക്കിയാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് സെമി സാധ്യത നില നിര്‍ത്താം. 76 റണ്‍സ് നേടിയ മെഗ് ലാന്നിംഗ് ആണ് കളിയിലെ താരം. മത്സരത്തിനിടെ തന്റെ 5000 ഏകദിന റണ്‍സ് മെഗ് ലാന്നിംഗ്സ് നേടുകയുണ്ടായി.

 

മെല്ലെ തുടങ്ങിയ ഓസീസിന്റെ ഇന്നിംഗ്സിനു വേഗത കൈവന്നത് ഓപ്പണര്‍മാര്‍ മടങ്ങിയ ശേഷമാണ്. ആദ്യ ഓവറുകളില്‍ റണ്ണൊഴുക്ക് തടയാനായെങ്കിലും വിക്കറ്റുകള്‍ വീഴ്ത്തി സമ്മര്‍ദ്ദം ചെലുത്താനാകാതെ പോയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. 62 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിനൊടുവില്‍ നിക്കോള്‍ ബോള്‍ട്ടണ്‍(36) പൂനം യാദവിനു വിക്കറ്റ് നല്‍കി മടങ്ങി. 41 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടയല്‍ ബെത്ത് മൂണിയും(45) മടങ്ങിയെങ്കിലും പിന്നീട് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഓസ്ട്രേലിയയെ ബുദ്ധിമുട്ടിക്കാനെ ആയില്ല. 124 റണ്‍സ് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിനൊടുവില്‍ മെഗ് ലാന്നിംഗ് 76 റണ്‍സുമായും എല്‍സെ പെരി 60 റണ്‍സുമായി പുറത്താകാതെ നിന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ ഓപ്പണര്‍മാര്‍ക്ക് മികച്ച തുടക്കം നല്‍കാനായില്ല. സ്മൃതി മന്ഥാന തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയപ്പെടുകയായിരുന്നു. പൂനം റൗത്ത്-മിത്താലി രാജ് സഖ്യം രക്ഷാപ്രവര്‍ത്തനം വിജയകരമായി നടത്തിയെങ്കിലും ഇന്നിംഗ്സിനു വേഗത പോരായിരുന്നു. ഇതിനിടെ 6000 ഏകദിന റണ്‍സെന്ന ചരിത്ര നേട്ടത്തിനു മിത്താലി അര്‍ഹയായി. മിത്താലി പുറത്തായ ശേഷം പൂനം റൗത്ത്-ഹര്‍മന്‍പ്രീത് കൗര്‍ കൂട്ടുകെട്ട് 37 റണ്‍സ് കൂടി ചേര്‍ത്തു. 106 റണ്‍സ് നേടിയ പൂനം റൗത്ത് പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 203 ആയിരുന്നു. 24 റണ്‍സ് എടുക്കുന്നതിനിടയില്‍ ഇന്ത്യയുടെ 5 വിക്കറ്റുകള്‍ നഷ്ടമായതും മികച്ചൊരു സ്കോര്‍ എന്ന ഇന്ത്യന്‍ മോഹങ്ങള്‍ക്ക് തിരിച്ചടിയായി.

മെഗാന്‍ ഷുട്ട്, എല്‍സെ പെറി എന്നിവര്‍ രണ്ട് വിക്കറ്റും, അസ്ലെ ഗാര്‍ഡ്നര്‍, ക്രിസ്റ്റെന്‍ ബീംസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ഇന്ത്യ ന്യൂസിലാണ്ട് അവസാന ഗ്രൂപ്പ് മത്സരം അക്ഷരാര്‍ത്ഥത്തില്‍ ഒരു ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടമായി മാറിയിരിക്കുകയാണ്. വിജയിക്കുന്നവര്‍ സെമിയിലേക്ക് യോഗ്യത നേടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial