
ആദ്യത്തെ ഏകദിന ക്രിക്കറ്റ് ക്രിക്കറ്റ് വേൾഡ് കപ്പ് നടന്നത് ഏത് കൊല്ലമാണെന്ന് ചോദിച്ചാൽ ഒരുവിധം ക്രിക്കറ്റ് ജ്ഞാനമുള്ളവർ 1975 എന്ന് പറയും. എന്നാൽ ക്രിക്കറ്റ് ക്വിസുകളിൽ ഒക്കെ സ്ഥിരം പങ്കെടുക്കുന്നവർക്ക് ഉത്തരം വേറൊന്നായിരിക്കും, 1973. ആ കൊല്ലമാണ് വനിതകളുടെ ആദ്യത്തെ ഏകദിന ലോകകപ്പ് നടന്നത്. എന്നാൽ കാലാകാലങ്ങളായി പുരുഷൻമാരുടെ ക്രിക്കറ്റിനോടുള്ള ജനങ്ങളുടെ അഭിനിവേശം വനിതകളുടെ ക്രിക്കറ്റിന് പ്രസക്തി ഉണ്ടാക്കിയെടുക്കാൻ തടസമായി. അതുകൊണ്ട് തന്നെ പുരുഷ ക്രിക്കറ്റർമാർക്ക് ലഭിക്കുന്ന തരത്തിലുള്ള സാമ്പത്തിക സ്ഥിരതയോ അംഗീകാരമോ അവർക്ക് ലഭിക്കുന്നില്ല. എന്നാൽ കാലം മാറുകയാണ്. ഓരോ ബോർഡുകളും വനിത ക്രിക്കറ്റിന് പ്രാധാന്യം നല്കാൻ ആരംഭിച്ചിരിക്കുന്നു. സോഷ്യൽ മീഡിയയുടെ വളർച്ച വനിതാക്രിക്കറ്റർമാർക്ക് അവർ അർഹിക്കുന്ന തരത്തിലുള്ള അംഗീകാരം ലഭിക്കാൻ കാരണമായി.
ആദ്യത്തെ രണ്ട് വേൾഡ് കപ്പുകൾക്കും ഫൈനൽ ഉണ്ടായിരുന്നില്ല. 7 ടീമുകൾ പരസ്പരം കളിച്ചിട്ട് ഏറ്റവും കൂടുതൽ പോയിൻറ്റ്(20) നേടിയ ഇംഗ്ലണ്ട് ആദ്യത്തെ പ്രാവശ്യം വിജയിച്ചപ്പോൾ 4 ടീമുകൾ മാത്രം അണിനിരന്ന 1978 വേൾഡ് കപ്പിൽ ഓസ്ട്രേലിയ കൂടുതൽ പോയിന്റുകൾ നേടി കപ്പ് കരസ്ഥമാക്കി. പിന്നീടുള്ള വർഷങ്ങളിൽ ഫൈനലുകൾ നടന്നെങ്കിലും ഫലത്തിന് വലിയ മാറ്റം ഒന്നുമുണ്ടായില്ല. ഓസ്ട്രേലിയ, ഇംഗ്ലണ്ട് മാറിമാറി കപ്പ് നേടിക്കൊണ്ടിരുന്നു. ഇടയ്ക്ക് ഒരു തവണ മാത്രം ന്യൂസിലാൻഡ് ജയിച്ചു. ഇതുവരെ 10 വേൾഡ് കപ്പുകൾ നടന്നതിൽ ആറെണ്ണം ഓസ്ട്രേലിയയും, മൂന്നെണ്ണം ഇംഗ്ലണ്ടുമാണ് ജയിച്ചത്.
2017ലെ വേൾഡ് കപ്പ് ഇന്ന് ആരംഭിക്കുകയാണ്. എല്ലാ കൊല്ലത്തെയും പോലെ മെഗ് ലാന്നിങ്ങിന്റെ നേതൃത്വത്തിൽ വരുന്ന ഓസ്ട്രേലിയൻ ടീം ശക്തരാണ്. എലിസ പെറി എന്ന തകർപ്പൻ ഓൾ റൗണ്ടർ ഏത് ടീമും കൊതിക്കുന്ന തരത്തിലുള്ള കളിക്കാരിയാണ്. ഹീതർ നൈറ്റ് നയിക്കുന്ന ഇംഗ്ലണ്ടും നല്ല ജയസാധ്യത പുലർത്തുന്നു. ഇംഗ്ലണ്ടിന്റെ സാറ ടെയ്ലർ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻമാരിൽ ഒരാളാണ്.
ബാക്കിയുള്ള 6 ടീമുകളും, ക്യാപ്റ്റനും ശ്രദ്ധിക്കേണ്ട താരവും.
ഇന്ത്യ: മിതാലി രാജ് – ഹർമൻപ്രീത് കൗർ
സൗത്താഫ്രിക്ക: ഡേൻ വാൻ നീകർക്ക് – മിഗ്നോൻ ഡുപ്രീസ്
വെസ്റ്റ് ഇൻഡീസ്: സ്റ്റെഫാനീ ടെയ്ലർ – ഡിയാൻഡ്രെ ഡോട്ടിൻ
ന്യൂസീലാൻഡ്: സൂസി ബേറ്റ്സ് – സോഫി ഡിവൈൻ
ശ്രീലങ്ക: ഇനോക രണവീര – ശശികല സിരിവർധനെ
പാകിസ്ഥാൻ: സന മിർ – ജാവേറിയ ഖാൻ
അധികം റൺസ് വരാത്ത കളികൾ ആയിരുന്നു വനിതകളുടെ ക്രിക്കറ്റ് നേരത്തെ എങ്കിൽ ഇപ്പോൾ അതിൽ സാരമായ മാറ്റം ഉണ്ട്. തീപാറുന്ന ഒരു ടൂർണമെന്റ് തന്നെ കാണാൻ സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 2015 ജനുവരി മുതൽ കളിച്ച 25 ഏകദിനങ്ങളിൽ 20 എണ്ണവും ജയിച്ച ഇന്ത്യ ഇപ്പ്രാവശ്യം കപ്പ് നേടാൻ വളരെയധികം സാധ്യത കല്പിക്കപെടുന്ന ഒരു ടീമായി മാറി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial