Picsart 25 01 08 17 33 24 210

വിമൻസ് അണ്ടർ 19 ഏകദിനം, കേരളത്തെ തോല്പിച്ച് ഉത്തർപ്രദേശ്

നാഗ്പൂർ : വിമൻസ് അണ്ടർ 19 ഏകദിന ക്രിക്കറ്റിൽ കേരളത്തിന് ഉത്തർപ്രദേശിനോട് തോൽവി. ആറ് വിക്കറ്റിനായിരുന്നു ഉത്തർപ്രദേശിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് മാത്രമാണ് നേടാനായത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഉത്തർപ്രദേശ് 39ആം ഓവറിൽ ലക്ഷ്യത്തിലെത്തി.

ബാറ്റിങ് നിരയുടെ നിറം മങ്ങിയ പ്രകടനമാണ് മല്സരത്തിൽ കേരളത്തിന് തിരിച്ചടിയായത്. ഇന്നിങ്സിൻ്റെ ഒരു ഘട്ടത്തിലും ഭേദപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാൻ കേരള ബാറ്റർമാർക്കായില്ല. 27 റൺസെടുത്ത ഇസബെൽ മാത്രമാണ് കേരള ബാറ്റിങ് നിരയിൽ പിടിച്ചു നിന്നത്. അനുഷ്ക 16ഉം നിയ നസ്നീൻ 14ഉം റൺസെടുത്തു. ഉത്തർപ്രദേശിന് വേണ്ടി മനീഷ ചൌധരി, ജാൻവി ബലിയാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഉത്തർപ്രദേശിന് വിജയം അനായാസമാക്കാൻ കേരളം അനുദിച്ചില്ല. കണിശതയോടെ പന്തെറിഞ്ഞ കേരള ബൌളർമാർ സ്കോറിങ് ദുഷ്കരമാക്കി. 33 റൺസുമായി പുറത്താകാതെ നിന്ന ഭൂമി സിങ്ങും 29 റൺസ് വീതമെടുത്ത ശുഭ് ചൌധരിയും രമ കുഷ്വാഹയുമാണ് ഉത്തർപ്രദേശിന് വിജയമൊരുക്കിയത്. 38.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഉത്തർപ്രദേശ് വിജയത്തിലെത്തി. കേരളത്തിന് വേണ്ടി ഇസബെല്ലും, ഇഷിതയും നിയ നസ്നീനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Exit mobile version