ശതകങ്ങളുമായി ഡാനിയേല്‍ വയട്ടും താമി ബ്യുമോണ്ടും, ഇംഗ്ലണ്ടിന് വലിയ ജയം

- Advertisement -

പാക്കിസ്ഥാനെതിരെ ഐസിസി ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വമ്പന്‍ ജയം നേടി ഇംഗ്ലണ്ട്. ഇന്ന് മലേഷ്യയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 284/6 എന്ന വലിയ സ്കോറാണ് നേടിയത്. ഓപ്പണര്‍മാരായ താമി ബ്യുമോണ്ടും ഡാനിയേല്‍ വയട്ടും നേടിയ ശതകങ്ങളാണ് ഇംഗ്ലണ്ടിന് വലിയ സ്കോര്‍ നേടിക്കൊടുത്തത്.

ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 188 റണ്‍സാണ് നേടിയത്. പിന്നീട് ക്യാപ്റ്റന്‍ ഹീത്തര്‍ നൈറ്റിന് കൂടി മാത്രമേ റണ്‍സ് കണ്ടെത്താനായുള്ളു. വയട്ട് 110 റണ്‍സും ബ്യുമോണ്ട് 107 റണ്‍സും നേടിയപ്പോള്‍ ഹീത്തര്‍ നൈറ്റ് 41 റണ്‍സ് നേടി. പാക്കിസ്ഥാന് വേണ്ടി റമീന്‍ ഷമീം മൂന്ന് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍ 44.4 ഓവറില്‍ 209 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. 69 റണ്‍സ് നേടിയ ബിസ്മ മഹ്റൂഫും 39 റണ്‍സ് നേടിയ ആലിയ റിയാസും മാത്രമാണ് പാക് നിരയില്‍ പൊരുതി നോക്കിയത്. ഇംഗ്ലണ്ടിനായി കേറ്റ് ക്രോസ് നാലും കാത്തറിന്‍ ബ്രണ്ട്, സാറ ഗ്ലെന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. 75 റണ്‍സിന്റെ വിജയം ആണ് ഇംഗ്ലണ്ട് നേടിയത്.

Advertisement