ആതിഥേയര്‍ക്ക് മികച്ച ജയം, ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത് 31 റണ്‍സിനു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

107 റണ്‍സ് മാത്രമേ വിന്‍ഡീസ് വനിതകള്‍ക്ക് നേടാനായുള്ളുവെങ്കിലും ബൗളിംഗ് മികവില്‍ മികച്ച ജയം പിടിച്ചെടുത്ത് വിന്‍ഡീസ്. ഇന്ന് നടന്ന രണ്ടാം ലോക ടി20 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനു 107/7 എന്ന സ്കോര്‍ മാത്രമേ 20 ഓവറില്‍ നിന്ന് നേടാനായുള്ളു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ 18.4 ഓവറില്‍ പുറത്താക്കി വിന്‍ഡീസ് 31 റണ്‍സിന്റെ ജയം മത്സരത്തില്‍ സ്വന്തമാക്കി.

ക്യാപ്റ്റന്‍ സ്റ്റെഫാനി ടെയിലറുടെ മികച്ച ബൗളിംഗ് പ്രകടനമാണ് വിന്‍ഡീസ് വിജയം സാധ്യമാക്കിയത്. 3.4 ഓവറില്‍ 12 റണ്‍സിനു നാല് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകളാണ് ടെയിലര്‍ സ്വന്തമാക്കിയത്. ഒരു ഘട്ടത്തില്‍ 48/1 എന്ന നിലയില്‍ വിജയത്തിലേക്ക് നീങ്ങുമെന്ന് ദക്ഷിണാഫ്രിക്ക തോന്നിപ്പിച്ചുവെങ്കിലും തുടരെ വിക്കറ്റുകള്‍ നഷ്ടമായതോടെ ടീം പ്രതിരോധത്തിലാകുകയായിരുന്നു.

ലിസെല്ലെ ലീ(24), മരിസാനെ കാപ്പ്(26) കൂട്ടുകെട്ട് പുറത്തായ ശേഷം ആര്‍ക്കും തന്നെ രണ്ടക്കം കടക്കാനായില്ല എന്നുള്ളതും ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി. മൂന്ന് താരങ്ങള്‍ റണ്ണൗട്ട് രൂപത്തില്‍ പുറത്തായതും ദക്ഷിണാഫ്രിക്കയുടെ സാധ്യതകള്‍ക്ക് മങ്ങലേല്പിച്ചു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ തുണച്ചത് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ്. 29/4 എന്ന നിലയില്‍ നിന്ന് 45 റണ്‍സ് കൂട്ടിചേര്‍ത്ത കൈസിയ നൈറ്റ്(32)-നതാഷ മക്ലീന്‍(28) കൂട്ടുകെട്ടാണ് വിന്‍ഡീസിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരുന്നത്. ദക്ഷിണാഫ്രിക്കയ്ക്കായി ഷബിനം ഇസ്മൈല്‍ മൂന്നും ഡെയന്‍ വാന്‍ നീക്കെര്‍ക്ക് രണ്ടും വിക്കറ്റ് നേടി.