ന്യൂസിലാണ്ടിനു ആദ്യ ജയം, പാക്കിസ്ഥാനെതിരെ 54 റണ്‍സിന്റെ വിജയം

- Advertisement -

വനിത ലോക ടി20യില്‍ ആദ്യ ജയം സ്വന്തമാക്കി ന്യൂസിലാണ്ട്. ടൂര്‍ണ്ണമെന്റിലെ 14ാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 6 വിക്കറ്റിനു 144 റണ്‍സ് നേടിയപ്പോള്‍ പാക്കിസ്ഥാന്‍ 18 ഓവറില്‍ 90 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 54 റണ്‍സിന്റെ മികച്ച ജയമാണ് ന്യൂസിലാണ്ട് നേടിയത്. 4 ഓവറില്‍ 9 റണ്‍സിനു 3 വിക്കറ്റ് നേടിയ ജെസ്സ് വാട്കിന്‍ ആണ് കളിയിലെ താരം.

സൂസി ബെയ്റ്റ്സ്(35), സോഫി ഡിവൈന്‍(32), ആമി സാറ്റെര്‍ത്വെയിറ്റ്(26), കാറ്റി മാര്‍ട്ടിന്‍(29) എന്നിവര്‍ തിളങ്ങിയതിന്റെ ബലത്തിലാണ് ന്യൂസിലാണ്ട് 144 റണ്‍സ് നേടിയത്. പാക്കിസ്ഥാനു വേണ്ടി സന മിര്‍, ആലിയ റിയാസ് എന്നിവര്‍ രണ്ടും നിദ ദാര്‍, ഐമാന്‍ അന്‍വര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടുകയായിരുന്നു.

ജെസ്സ് വാട്കിനും അമേലിയ കെറും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയാണ് പാക്കിസ്ഥാന്റെ നടുവൊടിച്ചത്. 36 റണ്‍സ് നേടിയ നായിക ജവേരിയ ഖാന്‍ ആണ് പാക്കിസ്ഥാന്റെ ടോപ് സ്കോറര്‍. 18 ഓവറില്‍ ടീം 90 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

Advertisement