ഹര്‍മ്മന്‍പ്രീത് കൗര്‍ വെടിക്കെട്ടിനു ശേഷം ബൗളര്‍മാരും തിളങ്ങി, ന്യൂസിലാണ്ടിനെ തകര്‍ത്ത് ഇന്ത്യ തുടങ്ങി

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

വെടിക്കെട്ട് പ്രകടനവുമായി ഹര്‍മ്മന്‍പ്രീത് കൗറും ഒപ്പം മികച്ച പിന്തുണയുമായി ജെമീമ റോഡ്രിഗസും തിളങ്ങിയ മത്സരത്തില്‍ ഇന്ത്യയ്ക്ക് മികച്ച വിജയം. ആദ്യം ബാറ്റ് ചെയ്ത് 194/5 എന്ന പടു കൂറ്റന്‍ സ്കോര്‍ നേടിയ ഇന്ത്യ ന്യൂസിലാണ്ടിനെ 160/9 എന്ന നിലയില്‍ ചെറുത്ത് നിര്‍ത്തി വനിത ലോക ടി20യിലെ ഉദ്ഘാടന മത്സരത്തില്‍ 34 റണ്‍സിന്റെ വിജയം സ്വന്തമാക്കി.

51 പന്തില്‍ നിന്ന് ഹര്‍മ്മന്‍പ്രീത് കൗര്‍ 103 റണ്‍സാണ് നേടിയത്. 8 സിക്സുകളും 7 ഫോറുമാണ് ഇന്ത്യയുടെ ക്യാപ്റ്റന്‍ സ്വന്തമാക്കിയത്. ജെമീമ 45 പന്തില്‍ നിന്ന് 59 റണ്‍സ് നേടി. 40/3 എന്ന നിലയിലേക്ക് ആദ്യ ആറോവറിനുള്ളില്‍ വീണ ഇന്ത്യയെ നാലാം വിക്കറ്റില്‍ 134 റണ്‍സ് കൂട്ടുകെട്ടാണ് തിരികെ മത്സരത്തിലേക്ക് എത്തിച്ചത്. ജെമീമ 18.2 ഓവറില്‍ പുറത്തായപ്പോള്‍ ഹര്‍മ്മന്‍പ്രീത് ഇന്നിംഗ്സ് അവസാനിക്കുവാന്‍ ഒരു പന്ത് അവശേഷിക്കെയാണ് പുറത്തായത്. ന്യൂസിലാണ്ടിനായി ലിയ തഹാഹു രണ്ടും ജെസ്സ് വാട്കിന്‍, ലെയ്ഗ കാസ്പെറ്ക് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ബാറ്റിംഗില്‍ ഹര്‍മ്മന്‍പ്രീത് കൗര്‍ ആണെങ്കില്‍ ബൗളിംഗില്‍ ദയാലന്‍ ഹേമലതയും പൂനം യാദവും  ആണ് ന്യൂസിലാണ്ടിനെ വട്ടം ചുറ്റിച്ചത്. ഒന്നാം വിക്കറ്റില്‍ 52 റണ്‍സ് ന്യൂസിലാണ്ട് നേടിയ ശേഷം അന്ന പെറ്റേര്‍സണെ(14) ദയാലന്‍ ഹേമലത പുറത്താക്കിയപ്പോള്‍ 10ാം ഓവറില്‍ രണ്ട് ന്യൂസിലാണ്ട് താരങ്ങളെ പുറത്താക്കി പൂനം യാദവ് ടീമിനെ പ്രതിരോധത്തിലാക്കി.

സൂസി ബെയ്റ്റ്സ് പൊരുതി തന്റെ അര്‍ദ്ധ ശതകം തികച്ചുവെങ്കിലും റണ്‍റേറ്റ് ഓരോ പന്തിനു ശേഷവും കുതിച്ച് കയറുവാന്‍ തുടങ്ങിയത് ന്യൂസിലാണ്ടിനു കാര്യങ്ങള്‍ പ്രയാസകരമാക്കി. 67 റണ്‍സ് നേടിയ സൂസി ബെയ്റ്റ്സിനെ അരുന്ധതി റെഡ്ഢി പുറത്താക്കിയതോടെ ന്യൂസിലാണ്ടിന്റെ തോല്‍വി വേഗത്തിലായി.

ന്യൂസിലാണ്ടിനായി കാറ്റി മാര്‍ട്ടിനും(39) ലെയ്ഗ് കാസ്പെറക്കും(19) പൊരുതി നോക്കിയെങ്കിലും ഇന്ത്യയുടെ സ്കോര്‍ കീഴ്പ്പെടുത്തുവാന്‍ പ്രയാസകരമായ ഒന്നായിരുന്നു. ഇന്ത്യയ്ക്കായി ദയാലന്‍ ഹേമലതയും പൂനം യാദവും മൂന്ന് വിക്കറ്റും രാധ യാദവ് രണ്ട് വിക്കറ്റും നേടി.