മിത്താലി രാജ് ഇല്ലാത്ത ഇന്ത്യയെ എറിഞ്ഞ് പിടിച്ച് ഇംഗ്ലണ്ട്, 23 റണ്‍സിനിടെ നഷ്ടമായത് 8 വിക്കറ്റ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിനെതിരെ വനിത ലോക ടി20 സെമി ഫൈനലില്‍ ഇന്ത്യയ്ക്ക് മോശം തുടക്കം. മിത്താലി രാജ് ഇല്ലാതെ കളത്തിലിറങ്ങിയ ഇന്ത്യയ്ക്ക് 19.3 ഓവറില്‍ 112 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ഭേദപ്പെട്ട നിലയില്‍ നിന്നാണ് ഇന്ത്യയുടെ മധ്യനിരയും വാലറ്റവും ചീട്ട് കൊട്ടാരം പോലെ തകര്‍ന്നത്. സ്മൃതി മന്ഥാനയുടെ മികവില്‍ വെടിക്കെട്ട് തുടക്കത്തിനു ശേഷം 5 ഓവറില്‍ 43/0 എന്ന നിലയില്‍ നിന്ന് ഇന്ത്യ തുടരെ വിക്കറ്റുകള്‍ നഷ്ടമായി കഷ്ടപ്പെടുകയായിരുന്നു.

ജെമീമ റോഡ്രിഗസ് 26 റണ്‍സ് നേടി. താനിയ ഭാട്ടിയ(11), ഹര്‍മ്മന്‍പ്രീത് കൗര്‍(20) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍. ഇന്ത്യ ഒരു ഘട്ടത്തില്‍ 89/2 എന്ന നിലയില്‍ നിന്നാണ് 23 റണ്‍സ് നേടുന്നതിനിടയില്‍ 8 വിക്കറ്റുകള്‍ നഷ്ടമായി ഓള്‍ഔട്ട് ആവുന്നത്.

ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ ഹീത്തര്‍ നൈറ്റ് മൂന്ന് വിക്കറ്റ് നേടി. ഒരേ ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി ഇന്ത്യന്‍ മധ്യനിരയുടെ നടുവൊടിച്ചതും ഹീത്തര്‍ നൈറ്റാണ്. രണ്ട് വീതം വിക്കറ്റ് നേടി സോഫി എക്സെല്‍സ്റ്റോണ്‍, ക്രിസ്റ്റി ഗോര്‍ഡന്‍ എന്നിവരും ഇംഗ്ലണ്ടിനു തുണയായി. ഇന്ത്യന്‍ നിരയില്‍ മൂന്ന് താരങ്ങള്‍ റണ്ണൗട്ട് രൂപത്തിലാണ് പുറത്തായത്.