ജയത്തോടെ ഓസ്ട്രേലിയ, പാക്കിസ്ഥാനെ കീഴടക്കിയത് 52 റണ്‍സിനു

പാക്കിസ്ഥാനെ കീഴടക്കി വനിത ലോക ടി20യില്‍ ഓസ്ട്രേലിയയ്ക്ക് മിന്നും തുടക്കം. 52 റണ്‍സിനാണ് ഇന്ന് നടന്ന മത്സരത്തില്‍ പാക്കിസ്ഥാനെ ഓസ്ട്രേലിയ കെട്ടുകെട്ടിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറില്‍ 165 റണ്‍സ് നേടുകയായിരുന്നു. അലീസ ഹീലി 29 പന്തില്‍ 48 റണ്‍സ് നേടിയപ്പോള്‍ ബെത്ത് മൂണി(48), മെഗ് ലാന്നിംഗ്(41) എന്നിവരും ഓസ്ട്രേലിയയ്ക്കായി തിളങ്ങി. അഞ്ച് വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്. പാക്കിസ്ഥാനായി നശ്ര സന്ധുവും ആലിയ റിയാസും രണ്ട് വീതം വിക്കറ്റ് നേടി.

20 ഓവറുകളില്‍ നിന്ന് പാക്കിസ്ഥാനു 113 റണ്‍സ് മാത്രമേ എട്ട് വിക്കറ്റുകളുടെ നഷ്ടത്തില്‍ നേടാനായത്. 26 റണ്‍സ് നേടിയ ബിസ്മ മഹ്ഫൂറും 20 വീതം റണ്‍സ് നേടിയ സന മിറും ഒമൈമ സൊഹൈലുമാണ് പാക് നിരയില്‍ റണ്‍സ് കണ്ടെത്തിയ താരങ്ങള്‍. സന മിര്‍ പുറത്താകാതെ നില്‍ക്കുകയായിരുന്നു. മെഗാന്‍ ഷട്ട്, ജോര്‍ജ്ജിയ വെയര്‍ഹാം എന്നിവരാണ് ഓസ്ട്രേലിയന്‍ നിരയില്‍ രണ്ട് വിക്കറ്റുകള്‍ നേടി തിളങ്ങിയത്.