ആദ്യ ജയത്തിനായി പോരാടി ശ്രീലങ്കയും പാക്കിസ്ഥാനും, ജയം ശ്രീലങ്കയ്ക്ക്

ടൂര്‍ണ്ണമെന്റിലെ അപ്രസക്തമായൊരു മത്സരമാണ് ഇന്ന് ലെസേസ്റ്ററിലെ ഗ്രേസ് റോഡില്‍ നടന്നതെങ്കിലും പാക്കിസ്ഥാനും ശ്രീലങ്കയ്ക്കും അത് അഭിമാനപ്പോരാട്ടമായിരുന്നു. കാരണം ഈ ഇരുടീമുകളും മാത്രമാണ് ടൂര്‍ണ്ണമെന്റില്‍ ഇതുവരെ ജയം സ്വന്തമാക്കാനാകാതെ പോയ ടീമുകള്‍. അതിനാല്‍ത്തന്നെ ജയത്തില്‍ കുറഞ്ഞൊന്നും തന്നെ ഇരുവര്‍ക്കും ചിന്തിക്കാനാകുമായിരുന്നില്ല.

ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. രണ്ടാം ഓവറില്‍ നിപുനി ഹന്‍സിക തിരികെ മടങ്ങിപ്പോള്‍ നാലാം ഓവറില്‍ ഹസിനി പെരേരയും മടങ്ങി. മധ്യനിരയും കാര്യമായി തിളങ്ങാതിരുന്നപ്പോള്‍ ഒരു ഘട്ടത്തില്‍ ശ്രീലങ്ക 98/5 എന്ന നിലയിലേക്ക് പിന്തള്ളപ്പെട്ടുപ്പോയി. ദിലാനി മനദോരയുടെ ഒറ്റയാള്‍ പ്രകടനമാണ് മത്സരത്തില്‍ ശ്രീലങ്കയെ സജീവമാക്കിയത്. 84 റണ്‍സാണ് ദിലാനി നേടിയത്. ദിലാനിയ്ക്ക് മികച്ച പിന്തുണയുമായി വാലറ്റത്തില്‍ ഇഷാനി ലോകുസുരിയാഗേയും(28) അമ കാഞ്ചനയും(21*) തിളങ്ങിയപ്പോള്‍ ശ്രീലങ്ക 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് നേടി.

ഡയാന ബൈഗിന്റെ മൂന്ന് വിക്കറ്റ് നേട്ടമാണ് ശ്രീലങ്കയെ ചെറുത്തത്. അസമാവിയ ഇക്ബാല്‍, സന മിര്‍, കൈനത് ഇംതിയാസ്, സാദിയ യൂസഫ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

എന്നാല്‍ അനായാസ ലക്ഷ്യം തേടി ഇറങ്ങിയ പാക്കിസ്ഥാനും വിക്കറ്റുകള്‍ യഥേഷ്ടം നഷ്ടമായത് വിലങ്ങു തടിയാകുകയായിരുന്നു. മികച്ച രീതിയില്‍ ജവേരിയ ഖാനും(24), നൈന്‍ അബിദിയും(57) റണ്‍ഔട്ട് രൂപത്തില്‍ പുറത്തായത് ടീമിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി. അസമാവിയ ഇക്ബാല്‍ (38*) പൊരുതി നോക്കിയെങ്കിലും കൂട്ടിനു മറ്റൊരുടെയും സഹായം ലഭിക്കാത്തത് പാക്കിസ്ഥാനു തിരിച്ചടിയായി. 46.4 ഓവറില്‍ 206 റണ്‍സിനു പാക്കിസ്ഥാന്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. ടൂര്‍ണ്ണമെന്റിലെ ആദ്യ ജയം പാക്കിസ്ഥാനെ 15 റണ്‍സിനു തോല്പിച്ച് ശ്രീലങ്ക സ്വന്തമാക്കുകയായിരുന്നു.

ശ്രീലങ്കയ്ക്കായി നാല് വിക്കറ്റ് വീഴ്ത്തിയ ചന്ദിമ ഗുണരത്നേ ആണ് മത്സരത്തിലെ താരം. അമ കാഞ്ചന(2), ചാമരി അട്ടപ്പട്ടു, ഇനോക രണവീര എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleKLF | കവരത്തിയിൽ അബൂഷാബിന് ഹാട്രിക്ക്; നദീമിനെ തകർത്ത് റിഥം
Next articleനോട്ടിംഗഹാമില്‍ പിടിമുറുക്കി ദക്ഷിണാഫ്രിക്ക,ഇംഗ്ലണ്ടിനു ബാറ്റിംഗ് തകര്‍ച്ച, ലീഡ് 205 റണ്‍സ്