
ഓസ്ട്രേലിയയ്ക്കെതിരെയുള്ള നിര്‍ണ്ണായക ലോകകപ്പ് മത്സരത്തിനു ഇന്ത്യ ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ നായിക മിത്താലി രാജ് സമ്മര്‍ദ്ദത്തിലായിരുന്നു. നാല് വിജയങ്ങള്‍ക്ക് ശേഷം ദക്ഷിണാഫ്രിക്കയുമായുള്ള മത്സരത്തില്‍ ബൗളര്‍മാര്‍ക്ക് പ്രഹരം ഏറ്റുവാങ്ങിയപ്പോള്‍ ബാറ്റിംഗ് നിര പകച്ചു പോകുന്ന കാഴ്ചയായിരുന്നു അന്ന് മത്സരത്തില്‍ കണ്ടത്. സെമി സാധ്യതകള്‍ക്കായി അഞ്ച് ടീമുകള്‍ ഒരേ പോലെ മത്സരിക്കുമ്പോള്‍ ഒരു ചെറിയ പിഴവിനു പോലും വലിയ വില കല്പിക്കേണ്ടി വരുന്ന അവസ്ഥ. ഈ സമ്മര്‍ദ്ദ മത്സരത്തിലും ലോകത്തിന്റെ നെറുകയിലേക്ക് റണ്‍ അടിച്ചു കൂട്ടിയിരിക്കുകയാണ് ഇന്ത്യയുടെ റണ്‍ മെഷിന്. വനിത ഏകദിന ക്രിക്കറ്റില്‍ 6000 റണ്‍സ് കടക്കുന്ന ആദ്യ വ്യക്തി എന്ന ബഹുമതി ഇനി ഇന്ത്യയുടെ മിത്താലി രാജിനു സ്വന്തം.
സ്മൃതി മന്ഥാന ആദ്യ മത്സരങ്ങളിലെ മികവിനു ശേഷം സ്ഥിരമായി പരാജയപ്പെടുന്നത് ബാറ്റിംഗിനെ ഏറെ അലട്ടിയിരുന്നു. ദീപ്തി ശര്‍മ്മയുടെ ഇന്നിംഗ്സുകളായിരുന്നു അവസാന രണ്ട് മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് ആശ്വാസം. ഈ മത്സരത്തിലും സ്മൃതി പരാജയപ്പെട്ടപ്പോള്‍ രക്ഷദൗത്യം ഏറ്റെടുക്കാന്‍ മിത്താലി തന്നെ വണ്‍ഡൗണായി ഇറങ്ങുകയായിരുന്നു. ഓസ്ട്രേലിയ ബൗളര്‍മാരെ നേരിടാന്‍ ബുദ്ധിമുട്ടിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് സ്കോര്‍ അതിവേഗം ചലിപ്പിക്കുവാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. മെല്ലെ മത്സരത്തിലേക്ക് തിരികെയത്തിയ ഇന്ത്യന്‍ താരങ്ങള്‍ ഇരുവരും ടീമിനെ കരകയറ്റുന്നതിനിടയില്‍ ഇന്ത്യന്‍ നായിക തന്റെ പേരില്‍ അനവധി റെക്കോര്‍ഡുകള്‍ കുറിക്കുകയായിരുന്നു.
29ാം ഓവറിലെ മൂന്നാം പന്തില്‍ നേടിയ സിംഗിളിന്റെ സഹായത്തോടു കൂടി മിത്താലി ഏകദിനത്തിലെ ഏറ്റവുമധികം റണ്‍സെന്ന ബഹുമതി സ്വന്തമാക്കി. ഇംഗ്ലണ്ടിന്റെ ചാര്‍ലെറ്റ് എഡ്വേര്‍ഡ്സിന്റെ പേരിലുള്ള റെക്കോര്‍ഡാണ് മിത്താലി തിരുത്തിയത്. തൊട്ടടുത്ത ഓവറില്‍ ക്രിസ്റ്റന്‍ ബീംസിനെ സിക്സര്‍ പറത്തി മിത്താലി തന്റെ 6000 റണ്‍സ് പൂര്‍ത്തിയാക്കുകയായിരുന്നു. 33ാം ഓവറില്‍ തന്റെ 49ാം അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ മിത്താലിയെ ബീംസ് തന്നെ പുറത്താക്കുകയായിരുന്നു.
തന്റെ കരിയറിലെ മികച്ച ഒരു ഇന്നിംഗ്സ് അല്ല കളിച്ചതെങ്കില്‍ പോലും 114 പന്തില്‍ മിത്താലി നേടിയ 69 റണ്‍സ് ഇന്ത്യയുടെ സെമി സാധ്യതകളില്‍ ഏറെ നിര്ണ്ണായകമാകുമെന്നത് തീര്‍ച്ച.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial