ലോര്‍ഡ്സില്‍ കലാശപ്പോരാട്ടത്തിനൊരുങ്ങി ഇന്ത്യയും ഇംഗ്ലണ്ടും

ഐസിസി വനിത ലോകകപ്പ് പതിനൊന്നാം പതിപ്പിന്റെ ഫൈനലിൽ ഞായറാഴ്ച്ച ഇന്ത്യയും ഇംഗ്ലണ്ടും ഐതിഹാസിക ഗ്രൗണ്ടായ ലോർഡ്സിൽ ഏറ്റുമുട്ടും. ആതിഥേയരായ ഇംഗ്ലണ്ട് തങ്ങളുടെ നാലാം കിരീടനേട്ടത്തിലേക്ക് ലക്ഷ്യമിട്ടാണിറങ്ങുന്നതെങ്കിൽ, പ്രഥമ കിരീടം ലക്ഷ്യംവെച്ചാണ് 12 വർഷത്തിന് ശേഷം ഫൈനൽ ബർത്ത് ഉറപ്പിച്ച ഇന്ത്യ കണ്ണ് വക്കുന്നത്.

ആതിഥേയർ എന്ന നിലക്കും, ഇതിന് മുൻപ് സ്വന്തം നാട്ടിൽ വച്ച് രണ്ട് തവണ കിരീടം നേടിയിട്ടുള്ള ചരിത്രത്തിന്റെ പിൻബലത്തിലും ഇംഗ്ലണ്ട് തന്നെയാണ് തുടക്കം മുതൽക്കേ ടൂർണമെന്റ് ഫേവറൈറ്റുകൾ. എന്നിരുന്നാലും ടൂർണ്ണമെന്റിലുട നീളം മിതാലി രാജിന്റെ കീഴിൽ മികച്ച പോരാട്ടം കാഴ്ച്ച വച്ച ടീം ഇന്ത്യയിലും ഒട്ടേറെ പേർ പ്രതീക്ഷ അർപ്പിക്കുന്നു.

ഗ്രൂപ്പു ഘട്ടത്തിൽ ഇരുവരും ഏറ്റുമുട്ടിയ ആദ്യ കളിയിൽ ഇംഗ്ലണ്ടിനെതിരെ 35 റൺസിന് ഇന്ത്യക്കായിരുന്നു വിജയം. എന്നാൽ പിന്നീടങ്ങോട്ട് ഒരു കളി പോലും തോൽക്കാതെയാണ് ഇംഗ്ലണ്ട് ഫൈനലിലേക്ക് എത്തിയത് .ഇന്ത്യയാകട്ടെ ഗ്രൂപ്പ് ഘട്ടത്തിൽ ആസ്ട്രേലിയക്കും, സൗത്ത് ആഫ്രിക്കക്കും എതിരെ തോൽവി വഴങ്ങിയതിന് ശേഷം ന്യൂസിലന്റിനെതിരായ ജീവന്മരണ പോരാട്ടത്തിലും തുടർന്ന് നിലവിലെ ചാമ്പ്യന്മാരായ ആസ്ട്രേലിയക്കെതിരായ സെമിയിലും തകർപ്പൻ ജയത്തോടെയാണ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.

ഒരു ടീമെന്ന നിലയിൽ ഈ ടൂർണമെന്റിൽ ഏറ്റവും ഒത്തിണക്കത്തോടെ കളിച്ച ടീം ഇംഗ്ലണ്ടാണ്. അത് തന്നെയാണ് അവരുടെ പ്രധാന പ്ലസ് പോയിന്റും. ഈ ടൂർണമെന്റിൽ തന്നെ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ ടോപ്പ് ടെൻ ലിസ്റ്റിൽ ഇംഗ്ലണ്ട് ബാറ്റിംഗ് നിരയിലെ നാല് പേർ ഉൾപ്പെടുന്നു, ഓപ്പണർ താമി ബ്യൂമോണ്ട് ( 387), ക്യാപ്റ്റൻ ഹീത്തര്‍ നൈറ്റ് (363), വിക്കറ്റ് കീപ്പർ സാറ ടെയ്‍ലര്‍ (351), ടൂർണ്മെന്റിൽ ഇത് വരെ രണ്ട് സെഞ്ചുറി നേടികഴിഞ്ഞ നഥാലി സ്കിവര്‍ (318) എന്നീ നാല് പേർ തന്നെയാണ് ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് പ്രതീക്ഷ.

Heather Knight

ഇവരെക്കൂടാതെ തന്നെ ഇന്ത്യക്കെതിരായ ആദ്യ മൽസരത്തിൽ 81 റൺസ് നേടിയ ഫ്രാങ്ക് വിൽസൺ , കാതറീൻ ബ്രന്റ്, സൗത്ത് ആഫ്രിക്കക്കെതിരായ സെമിയിൽ അവസാന വെടിക്കെട്ടോടെ ടീമിനെ വിജയിപ്പിച്ച ജെന്നി ഗൺ എന്നിവർ വരെ നീളുന്നതാണ് ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് കരുത്ത്.
ബൗളിംഗിൽ കാതറിന്‍ ബ്രണ്ട് , അന്യ ഷ്രുബ്സോള്‍, ജെന്നി ഗണ്‍ എന്നീ ത്രിമൂർത്തികൾക്കൊപ്പം നഥാലി സ്കിവര്‍ ഉം കൂടി ചേരുന്ന ഫാസ്റ്റ് ബൗളിംഗ് നിരയും ലൗറ മാര്‍ഷ് , ഡാനിയേല്‍ ഹേസല്‍, അലക്സ് ഹാര്‍ട്ട്‍ലി എന്നിവരോടൊപ്പം ടീമിന് എപ്പോഴും ബ്രേക് ത്രൂ നൽകുന്ന ക്യാപ്റ്റൻ ഹീത്തര്‍ നൈറ്റ് കൂടി ചേരുന്ന സ്പിൻ നിരയും ഒരു പോലെ ശക്തമാണ്.

Katherine Brunt

ഇന്ത്യയെ സംബന്ധിച്ച് ഓരോ മൽസരത്തിലും ടീമിന് ഏറ്റവും ആവശ്യമുള്ള ഘട്ടത്തിൽ തന്നെ തങ്ങളുടെ ഇടയിൽ നിന്ന് ഓരോ മാച്ച് വിന്നിംഗ് പ്രകടനം രൂപം കൊള്ളുന്നു എന്നതാണ് പ്രധാന പ്ലസ് പോയിന്റ്. ടൂർണമെന്റിലുടനീളം മികച്ച സ്ഥിരത പുലർത്തുന്ന, റണ്‍ നേടുന്നത്തില്‍ രണ്ടാം സ്ഥാനത്ത് (392) നിൽക്കുന്ന ക്യാപ്റ്റൻ മിതാലി രാജ്, വൈസ് ക്യാപ്റ്റൻ ഹർമ്മൻപ്രീത് കൗർ എന്നിവരുടെ ബാറ്റിംഗിൽ തന്നെയാണ് ഇന്ത്യ ഏറ്റവുമധികം പ്രതീക്ഷ വച്ച് പുലർത്തുന്നത്. ടീമിന് വേണ്ടി ഏറ്റവും നിർണായക ഘട്ടത്തിൽ തന്നെ തങ്ങളുടെ മികച്ച പ്രകടനം പുറത്തെടുക്കുന്നവരാണ് ഇവർ രണ്ടു പേരും.

മിതാലി ഗ്രൂപ്പ് ഘട്ടത്തിൽ ന്യൂസിലന്റിനെതിരായ നിർണായക മൽസരത്തിൽ സെഞ്ചുറി നേടികൊണ്ട് ടീമിനെ സെമിയിലേക്കെത്തിക്കുന്നതിൽ നിർണായ പങ്ക് വഹിച്ചെങ്കിൽ, കൗർ ആസ്ട്രേലിയക്കെതിരായ സെമിയിൽ തന്റെ കരിയർ ബെസ്റ്റ് പെർഫോമൻസിലൂടെ ടീമിനെ ഫൈനലിലേക്ക് എത്തിച്ചു. ഇംഗ്ലണ്ടിനും വെസ്റ്റിൻഡീസിനും എതിരായ ആദ്യ രണ്ട് മൽസരങ്ങളിലെ മിന്നുന്ന പ്രകടനത്തിന് ശേഷം തീർത്തും നിറം മങ്ങി പോയ ഓപ്പണർ സ്മൃതി മന്ദാനയുടെ ഫോമാണ് ഇന്ത്യക്ക് കല്ലുകടി. മറ്റൊരു ഓപ്പണറായ പൂനം റാവത്തിന്റെ സ്ഥിരതയില്ലായ്മും തലവേദനയാണ്. എന്നിരുന്നാലും ഇംഗ്ലണ്ടിനെതിരായ ആദ്യ മൽസരത്തിൽ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ച്ച വച്ച ഇരുവരേയും മാറ്റി നിർത്തി ഫൈനലിലേക്ക് മാത്രം ഒരു അഴിച്ചു പണി നടത്താൻ സാധ്യത കുറവാണ്. ഇവരെക്കൂടാതെ മധ്യനിരയിൽ യംഗ് ടാലന്റ് ദീപ്തി ശർമ്മയും അവസാന ഓവറുകളിൽ അഗ്രസ്സീവ് ബാറ്റിംഗ് ശൈലി കൈമുതലാക്കിയ വേദ കൃഷ്ണമൂർത്തിയും ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് കരുത്തു പകരും.

ബൗളിംഗിൽ ജുലൻ ഗോസ്വാമി – ശിഖ പാണ്ഡേ ത്രയം ഫോമിലാണെന്നതിന്റെ തെളിവാണ് ഇരുവരുടേയും ആസ്ട്രേലിയക്കെതിരായ സെമി പ്രകടനം. ഇവർക്കൊപ്പം ടൂർണ്ണമെന്റിൽ 12 വിക്കറ്റ് നേടിയ ദീപ്തി ശർമ്മ, 9 വിക്കറ്റ് നേടിയ പൂനം യാദവ്, ടൂർണമെന്റിൽ ഒരോ തവണ കാമിയോ പ്രകടനങ്ങൾ കാഴ്ച്ച വച്ച ഏക്ത ബിസ്ത് (പാക്കിസ്ഥാനെതിരെ), രാജേശ്വരി ഗേയ്ക്ക്വാദ് (ന്യൂസിലാൻറിനെതിരെ) എന്നിവർ അടങ്ങുന്ന സ്പിൻ നിരയും ഫോമിൽ തന്നെയാണ്.

 

സെമിപോരാട്ടങ്ങൾക്ക് മുൻപ് വരെ ഇന്ത്യ – ഇംഗ്ലണ്ട് ഫൈനൽ ചിന്തകളിൽ ഇംഗ്ലണ്ടിന് തന്നെയാണ് മുൻതൂക്കമായിരുന്നതെങ്കിലും, സെമിയിൽ മുൻചാമ്പ്യന്മാരെ നിഷ്പ്രഭമാക്കിയ പ്രകടനത്തോടെ ഇന്ത്യയും ഒപ്പത്തിനൊപ്പമെത്തി. ഇംഗ്ലണ്ടാവട്ടെ സൗത്ത് ആഫ്രിക്കക്കെതിരെ അവസാന ഓവർ വരെ നീണ്ട അനിശ്ചിത്യങ്ങൾക്കൊടുവിലാണ് ഫൈനലിലേക്ക് എത്തിയത്.

എന്തൊക്കെ ആയാലും ഓരോ ടീമിന്റേയും അന്നന്നത്തെ പ്രകടനം തന്നെയാണ് കളിയുടെ റിസൽട്ട് തീരുമാനിക്കുക. എന്നിരുന്നാലും ആ ഭാഗ്യ ഘടകം ലോർഡ്സിൽ ടീം ഇന്ത്യക്കൊപ്പം തന്നെയാവട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം, കാരണം ഇനിയൊരു വേൾഡ്കപ്പ് അങ്കത്തിന് കൂടി ബാല്യം ബാക്കിയില്ലാത്ത മിതാലി രാജ്, ജുലൻ ഗോസ്വാമി എന്നീ രണ്ട് വനിതാ കായിക ലോകത്തെ ലെജന്റ്സിന് വേണ്ടി ഇന്ത്യക്കിത് നേടിയെ തീരൂ. ആ ഒരു സ്വപ്നം ലോർഡ്‌സിൽ പൂവണിയുകയാണെങ്കിൽ ഇന്ത്യയുടെ വരും കാലപോരാട്ടങ്ങൾക്ക് ചുക്കാൻ പിടിക്കേണ്ടുന്ന ദീപ്തി ശർമ്മയെ പോലുള്ള യുവതാരങ്ങൾക്ക് അത് വലിയൊരു ഊർജ്ജം തന്നെയായിരിക്കും എന്നതിൽ സംശയമില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഡ്രാഫ്റ്റിൽ പുതിയ ഒമ്പതു താരങ്ങൾ കൂടെ; ആദ്യ ലിസ്റ്റിലെ മൂന്നു പേർ പുറത്ത്
Next articleടിഎന്‍പിഎല്‍ പ്രീമിയര്‍ ലീഗ് 2017 സീസണ്‍ ആദ്യ ജയം ടൂട്ടി പാട്രിയറ്റ്സ്