ന്യൂസിലാണ്ടോ ഇന്ത്യയോ ഇന്നറിയാം നാലാം സെമി സ്ഥാനം ആര്‍ക്കെന്ന്

ടൂര്‍ണ്ണമെന്റ് തുടങ്ങുന്നതിനു മുമ്പുള്ള പരിശീലന മത്സരത്തിലാണ് ഇരു ടീമുകളും ഇതിനു മുമ്പ് മത്സരിച്ചത്. അന്നത്തെ സ്ഥിതിയല്ല ഇപ്പോള്‍. ഇന്ന് നടക്കുന്ന മത്സരത്തില്‍ വിജയം ആര്‍ക്കോ അവരാകും ലോകകപ്പ് സെമിഫൈനലില്‍ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവരോടൊപ്പം ചേരുക. നാല് തുടര്‍ വിജയങ്ങള്‍ക്ക് ശേഷം രണ്ട് പരാജയങ്ങളാണ് ഇന്ത്യയെ ഈ അവസ്ഥയില്‍ കൊണ്ടെത്തിച്ചത്. ഈ വര്‍ഷം കളിച്ച എല്ലാ മത്സരങ്ങളിലും ദക്ഷിണാഫ്രിക്കയെ തോല്പിക്കാനായെങ്കിലും നിര്‍ണ്ണായകമായ മത്സരത്തില്‍ അവര്‍ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടു, അതും വലിയ മാര്‍ജിനില്‍.

 

ഇംഗ്ലണ്ടിനെ അട്ടിമറിച്ചാണ് ഇന്ത്യ തുടങ്ങിയത്. പിന്നീട് മൂന്ന് മത്സരങ്ങളില്‍ കൂടി ജയം. ടൂര്‍ണ്ണമെന്റിലെ മൂന്ന് മോശം ടീമുകള്‍ക്കെതിരെയായിരുന്നു ഈ ജയങ്ങളെങ്കിലും ആദ്യ രണ്ട് മത്സരങ്ങളില്‍ മികവ് പുലര്‍ത്തിയ ബാറ്റിംഗ് നിര നിറം മങ്ങുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള തോല്‍വി ടീമിനെ വല്ലാതെ ഉലച്ചു എന്നത് തീര്‍ച്ച. അടുത്ത മത്സരത്തിലും ബാറ്റിംഗ് ആദ്യാവസാനം പതറിയപ്പോള്‍ ഓസ്ട്രേലിയയും അനായാസ വിജയം സ്വന്തമാക്കി. ബാറ്റിംഗ് നിരയില്‍ പലരും പല മത്സരങ്ങളിലും തിളങ്ങിയെങ്കിലും ന്യൂസിലാണ്ടിനെ തകര്‍ക്കാന്‍ മൂന്നോ നാലോ താരങ്ങള്‍ മികച്ച ഇന്നിംഗ്സുകള്‍ പുറത്തെടുക്കേണ്ടി വരും. സ്പിന്‍ ബൗളര്‍മാരുടെ മികവിലാണ് ഇന്ത്യ ടൂര്‍ണ്ണമെന്റിലിതുവരെ പിടിച്ച് നിന്നത്. നിര്‍ണ്ണായക മത്സരത്തില്‍ പേസ് ബൗളര്‍മാര്‍ ഫോം കണ്ടെത്തുമെന്നാവും ടീം മാനേജ്മെന്റിന്റെ പ്രതീക്ഷ.

 

ന്യൂസിലാണ്ടിനായി ആമി സതര്‍വൈറ്റും സൂസി ബേറ്റ്സും മികച്ച ഫോമിലാണ്. ടൂര്‍ണ്ണമെന്റില്‍ ഇരുവരും ഇഷ്ടംപോലെ റണ്‍ അടിച്ചു കൂട്ടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയെപ്പോലെ രണ്ട് സ്പിന്നര്‍മാരാണ് ന്യൂസിലാണ്ടിനെയും നയിക്കുന്നത് – അമേലിയ കെറും, ലെഗ് കാസ്പെറെക്കും. ഡെര്‍ബിയില്‍ സ്പിന്നര്‍മാരെ പിന്തുണയ്ക്കുന്ന പിച്ചില്‍ ഇന്ത്യ ടൂര്‍ണ്ണമെന്റിലെ എല്ലാ മത്സരങ്ങളും ജയിച്ചിട്ടുണ്ടെന്നുള്ളത് മാറ്റി നിര്‍ത്തിയാല്‍ മത്സരത്തില്‍ ന്യൂസിലാണ്ടിനാണ് മേല്‍ക്കൈ. എന്നാല്‍ ടൂര്‍ണ്ണമെന്റ് പോയിന്റ് ടേബിളിലെ താഴെത്തട്ടിലെ ടീമുകള്‍ക്കെതിരെയാണ് ഈ വിജയങ്ങളെല്ലാമെന്നതാണ് ന്യൂസിലാണ്ട് ഉറ്റുനോക്കുന്നത്. ടൂര്‍ണ്ണമെന്റ് തുടക്കത്തില്‍ മഴതട്ടിയെടുത്ത ഒരു പോയിന്റിനു ഇന്ത്യയ്ക്ക് പിന്നിലുള്ള ന്യൂസിലാണ്ടിനെ വീണ്ടും മഴ ചതിച്ചാല്‍ ഇന്ത്യ സെമിയിലേക്ക് കടക്കും.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleജപ്പാനു ജയം രണ്ട് ഗോളുകള്‍ക്ക്, ദക്ഷിണാഫ്രിക്കയെ മറികടന്ന് ചിലി
Next articleഗോളടി ശീലമാക്കി അര്‍ജന്റീന, ജര്‍മ്മനിയെ വീഴ്ത്തി ഇംഗ്ലണ്ട്