
തന്റെ അവസാന ലോകകപ്പിനിറങ്ങുന്ന ചാമ്പ്യന്‍ ബൗളര്‍ ജൂലന്‍ ഗോസ്വാമിയും പേസ് ബൗളര്‍മാരും ഇംഗ്ലണ്ടിനെ വരിഞ്ഞു കെട്ടിയപ്പോള്‍ ലോര്‍ഡ്സിലെ ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 229 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സാണ് നേടിയത്. നത്താലി സ്കിവര്‍(51) റണ്‍സുമായി ടോപ് സ്കോറര്‍ ആയി.
ടോസ് നേടിയ ആതിഥേയര്‍ ബാറ്റിംഗ് തിരഞ്ഞെടുത്തപ്പോള്‍ സ്ഥിരതയാര്‍ന്ന തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. 11.1 ഓവറില്‍ ലോറന് വിന്‍ഫീല്‍ഡ് (23) പുറത്തായപ്പോള്‍ ഇംഗ്ലണ്ടിന്റെ സ്കോര്‍ 47. അപകടകാരിയായി ബാറ്റിംഗ് താരം താമി ബ്യൂമോണ്ടിനെയും(23) അടുത്ത ഓവറില്‍ ഹീത്തര്‍ നൈറ്റിനെയും(1) പുറത്താക്കി പൂനം യാദവ് ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി. 63/3 എന്ന നിലയില്‍ ഒത്തുചേര്‍ന്ന സാറ ടെയ്ലര്-നത്താലി സ്കിവര്‍ സഖ്യമാണ് ഇംഗ്ലണ്ടിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. 83 റണ്‍സിന്റെ നാലാം വിക്കറ്റ് കൂട്ടുകെട്ടിന്റെ സഹായത്തോടെ ഇരുവരും ചേര്‍ന്ന് ഇംഗ്ലണ്ടിനെ മികച്ച നിലയില്‍ എത്തിച്ചു. 45 റണ്‍സ് നേടിയ സാറ ടെയ്ലറെ പുറത്താക്കി ജൂലന്‍ ഗോസ്വാമി തന്റെ വിക്കറ്റ് വേട്ട ആരംഭിക്കുകയായിരുന്നു. തൊട്ടടുത്ത പന്തില്‍ ഫ്രാന് വില്‍സണെ പുറത്താക്കി ഗോസ്വാമി തന്റെ വിക്കറ്റ് നേട്ടം രണ്ടാക്കി ഉയര്‍ത്തി.
അര്‍ദ്ധ ശതകം തികച്ച ഉടനെ(51) നത്താലി സ്കിവറെയും വിക്കറ്റിനു മുന്നില്‍ കുടുക്കി ഗോസ്വാമി തന്റെ അവസാന ലോകകപ്പ് മത്സരത്തില്‍ വിക്കറ്റ് നേട്ടം മൂന്നാക്കി. അവസാന ഓവറുകളിലെ കാതറിന് ബ്രണ്ട്(34), ജെന്നി ഗണ്‍(25*), ലോറ മാര്‍ഷ്(14) എന്നിവരുടെ ബാറ്റിംഗ് മികവാണ് ഇംഗ്ലണ്ടിനെ 200 കടക്കാന്‍ സഹായിച്ചത്.
ആദ്യമേറ്റ തിരിച്ചടികള്‍ക്ക് ശേഷം ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്ന ജൂലന്‍ ഗോസ്വാമിയുടെ മൂന്ന് വിക്കറ്റ് പ്രകടനത്തിനു പുറമേ പൂനം യാദവ് രണ്ടും, രാജേശ്വരി ഗായ്ക്വാഡ് ഒരു വിക്കറ്റും നേടി. ഒരു ഇംഗ്ലീഷ് താരം റണ്‍ഔട്ട് ആവുകയായിരുന്നു. തന്റെ പത്തോവര്‍ സ്പെല്ലില് വെറും 23 റണ്‍സാണ് ജൂലന്‍ വഴങ്ങിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial