
ഹര്‍മന്‍പ്രീത് കൗര്‍ ഓസീസ് ബൗളര്‍മാരെ തച്ചുതകര്‍ത്തപ്പോള്‍ ഓസ്ട്രേലിയയ്ക്കെതിരെ സെമിയില്‍ ഇന്ത്യയ്ക്ക് മികച്ച സ്കോര്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 42 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സ് നേടുകയായിരുന്നു. മഴ മൂലം വൈകി തുടങ്ങിയ മത്സരം 42 ഓവറായി പുനക്രമീകരിക്കുകയായിരുന്നു. ഹര്‍മന്‍പ്രീത് 90 പന്തില്‍ തന്റെ ശതകം പൂര്‍ത്തിയാക്കുകയായിരുന്നു. ദീപ്തി ശര്‍മ്മ, മിത്താലി രാജ് എന്നിവരായിരുന്നു മറ്റു പ്രധാന സ്കോറര്‍മാര്‍. ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ 171 റണ്‍സുമായി കൗര്‍ പുറത്താകാതെ നില്‍ക്കുകയായിരുന്നു. 7 റണ്‍സിനാണ് ടൂര്‍ണ്ണമെന്റിലെ ഉയര്‍ന്ന് സ്കോര്‍ കൗറിനു നഷ്ടമായത്.
ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയുടെ തുടക്കം മെല്ലെയായിരുന്നു. സ്മൃതി മന്ഥാന തുടര്‍ച്ചയായ ആറാം മത്സരത്തിലും പരാജയപ്പെട്ടപ്പോള്‍ ആദ്യ ഓവറില്‍ തന്നെ ഇന്ത്യയ്ക്ക് വിക്കറ്റ് നഷ്ടമായി. പൂനം റൗത്തും(16) വേഗം മടങ്ങിയതോടു കൂടി ഇന്ത്യയുടെ നില പരുങ്ങലിലായി. എന്നാല്‍ മിത്താലി രാജും ഹര്‍മ്മന്‍പ്രീത് കൗറും ചേര്‍ന്ന് ഇന്ത്യയുടെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. 36 റണ്‍സ് നേടിയ മിത്താലിയെ ക്രിസ്റ്റന്‍ ബീംസ് പുറത്താക്കിയ ശേഷമാണ് ഹര്‍മന്‍പ്രീത് തന്റെ വിശ്വരൂപം പുറത്തെടുക്കുന്നത്.
ദീപ്തി ശര്‍മ്മയോടൊപ്പം ചേര്‍ന്ന് ഹര്‍മന്‍പ്രീത് ഓസീസ് ബൗളര്‍മാരെ കണക്കറ്റ് പ്രഹരിച്ചു. ശതകം തികച്ച ശേഷം കൂടുതല്‍ അപകടകാരിയായ കൗറിനു മുന്നില്‍ പിടിച്ച് നില്ക്കാന് ഓസീസിനു കഴിഞ്ഞില്ല. 137 റണ്‍സിന്റെ നാലാം വിക്കറ്റ് കൂട്ടുകെട്ടിനൊടുവില്‍ എല്സേ വില്ലാനി ദീപ്തി ശര്‍മ്മയെ(25) പുറത്താക്കുകയായിരുന്നു. 20 ബൗണ്ടറികളും 7 സിക്സറുകളും അടങ്ങിയ ഇന്നിംഗ്സില്‍ കൗര്‍ 171 റണ്‍സ് നേടുകയായിരുന്നു. വെറും 115 പന്തില്‍ നിന്നാണ് ഹര്‍മന്‍പ്രീത് ഈ സ്കോര്‍ നേടിയത്. 10 പന്തില്‍ 16 റണ്‍സുമായി വേദ കൃഷ്ണമൂര്‍ത്തിയും കൗറിനു മികച്ച പിന്തുണ നല്കി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial