
വനിത ലോകകപ്പ് ഫൈനലില്‍ കടന്ന് ഇംഗ്ലണ്ട്. ഇന്ന് നടന്ന ആവേശകരമായ മത്സരത്തില്‍ 2 പന്തുകള്‍ ശേഷിക്കയാണ് ഇംഗ്ലണ്ട് രണ്ട് വിക്കറ്റിന്റെ ജയം ഉറപ്പാക്കിയത്. അവസാന ഓവറില്‍ മൂന്ന് വിക്കറ്റ് ശേഷിക്കെ മൂന്ന് റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിനു മൂന്നാം പന്തില്‍ വിക്കറ്റ് നഷ്ടമായത് ഡ്രെസ്സിംഗ് റൂമില്‍ പരിഭ്രാന്തി പരത്തി. എന്നാല്‍ നാലാം പന്ത് ബൗണ്ടറി കടത്തി അന്യ ഷ്രബ്സോള്‍ ഇംഗ്ലണ്ടിനെ വിജയത്തിലെത്തിക്കുകയായിരുന്നു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് നേടുകയായിരുന്നു. മിഗ്നണ്‍ ഡു പ്രീസ് 76 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ സൂനേ ലൂസ് 21 റണ്‍സുമായി ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍ ഡു പ്രീസിനു കൂട്ടായി ക്രീസിലുണ്ടായിരുന്നു. ഓപ്പണര്‍ ലൗറ വോള്‍വാര്‍ഡ്ട് 66 ആണ് മറ്റൊരു പ്രധാന സ്കോറര്‍.
ഇംഗ്ലണ്ടിനായി അന്യ ഷ്രബ്സോള്‍, നതാലി സ്കിവര്‍, ജെന്നി ഗണ്‍, ഹീത്തര്‍ നൈറ്റ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. രണ്ട് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ റണ്‍ഔട്ട് രൂപത്തിലാണ് പുറത്തായത്.
219 എന്ന അനായാസ ലക്ഷ്യം തേടി ഇറങ്ങിയ ഇംഗ്ലണ്ടിനു എന്നാല്‍ കാര്യങ്ങള്‍ വിചാരിച്ച പോലെ മുന്നോട്ട് പോയില്ല. 139/2 എന്ന നിലയില്‍ സാറ ടെയ്ലര് റണ്‍ഔട്ട് ആയ ശേഷം ദക്ഷിണാഫ്രിക്ക പതുക്കെ മത്സരത്തിലേക്ക് തിരികെ എത്തുന്ന കാഴ്ചയാണ് കണ്ടത്. 54 റണ്‍സ് നേടിയ സാറ ടെയ്ലറാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്കോറര്‍. 30 റണ്‍സ് വീതം നേടി ഹീത്തര്‍ നൈറ്റും, ഫ്രാന് വില്‍സണും ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും വിക്കറ്റുകള്‍ വീഴ്ത്തി ദക്ഷിണാഫ്രിക്ക സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു.
27 റണ്‍സ് നേടി പുറത്താകാതെ നിന്ന ജെന്നി ഗണ്ണിന്റെ ഇന്നിംഗ്സ് ഇംഗ്ലണ്ടിനു ഏറെ നിര്‍ണ്ണായകമായിരുന്നു. എക്സ്ട്രാസ് രൂപത്തില്‍ 25 റണ്‍സ് വഴങ്ങിയതും ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി. സാറ ടെയ്ലറാണ് കളിയിലെ താരം. സുനേ ലൂസ്, അയബോംഗ ഖാക എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഷബിനം ഇസ്മൈല്‍, മരിസാനെ കാപ്, മോസെലിന്‍ ഡാനിയല്‍സ് എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial