ഇന്ത്യയെ നേരിടാന്‍ തയ്യാറായി ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത് 59 റണ്‍സിനു

ദക്ഷിണാഫ്രിക്കയ്ക്കെതിരെ 59 റണ്‍സ് വിജയം നേടി 12 പോയിന്റുമായി പോയിന്റ് ടേബിളില്‍ ഇംഗ്ലണ്ടിനൊപ്പമെത്തിയെങ്കിലും റണ്‍റേറ്റ് അടിസ്ഥാനത്തില്‍ രണ്ടാം സ്ഥാനത്തേക്ക് ഓസ്ട്രേലിയ പിന്തള്ളപ്പെടുകയായിരുന്നു. മൂന്നാം സ്ഥാനക്കാരായ ഇന്ത്യയാണ് സെമിയില്‍ ഓസ്ട്രേലിയയുടെ എതിരാളികള്‍. ഇന്ന് നടന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള മത്സരം അപ്രസക്തമായിരുന്നുവെങ്കിലും ഇരു ടീമുകളും ജയത്തിനായി തന്നെയാണ് പൊരുതിയത്.

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്ക് മികച്ച തുടക്കം ലഭിച്ചുവെങ്കിലും 48.3 ഓവറില്‍ ടീം ഓള്‍ഔട്ട് ആവുകയായിരുന്നു. എന്നാല്‍ ഓപ്പണര്‍മാരായ ബെത്ത് മൂണി, നിക്കോള്‍ ബോള്‍ട്ടണ്‍ എന്നിവരുടെയും എല്‍സെ പെറി, അലക്സ് ബ്ലാക്ക്‍വെല്‍ തുടങ്ങിയ മധ്യനിര താരങ്ങളുടെയും മികവ് ഓസ്ട്രേലിയയെ 269 റണ്‍സ് നേടാന്‍ സഹായിച്ചിരുന്നു. ഒന്നാം വിക്കറ്റില്‍ 114 റണ്‍സാണ് മൂണി-ബോള്‍ട്ടണ്‍ സഖ്യം നേടിയത്. മൂണി 53 റണ്‍സ് നേടി പുറത്തായപ്പോള്‍ നിക്കോള്‍ ബോള്‍ട്ടണ്‍ 79 റണ്‍സിനു ഉടമയായി. തുടരെ തുടരെ വിക്കറ്റുകള്‍ വീണുവെങ്കിലും എല്‍സെ പെറി(55), അലക്സ് ബ്ലാക്ക്വെല്‍(33) എന്നിവര്‍ ഓസ്ട്രേലിയയുടെ സ്കോര്‍ബോര്‍ഡ് ചലിച്ചുകൊണ്ടിരുന്നു എന്നുറപ്പാക്കി.

സൂനേ ലൂസ് 5 വിക്കറ്റ് നേടിയപ്പോള്‍ ഡേന്‍ വാന്‍ നീകെര്‍ക്ക്, മരിസാനെ കാപ് എന്നിവര്‍ രണ്ടും അയബോംഗ ഖാക ഒരു വിക്കറ്റും നേടി.

270 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണര്‍ ലോറ വോള്‍വാര്‍ഡ്ട്(71)നു മികച്ച പിന്തുണ നല്‍കാന്‍ മറ്റു താരങ്ങള്‍ക്ക് കഴിയാതെ പോയതാണ് തിരിച്ചടിയായത്. തൃഷ് ഷെട്ടി(37), ഷബിനം ഇസ്മൈല്‍(26), മിഗ്നണ്‍ ഡു പ്രീസ്(20) എന്നിവര്‍ക്ക് തുടക്കങ്ങള്‍ ലഭിച്ചുവെങ്കിലും അവ വലിയ സ്കോറാക്കി മാറ്റുവാനായില്ല.
50 ഓവറില്‍ 210 റണ്‍സിനു ഓള്‍ഔട്ടായ ദക്ഷിണാഫ്രിക്ക നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

ബാറ്റിംഗ് മികവിനോടൊപ്പം ബൗളിംഗില്‍ 2 വിക്കറ്റും നേടിയ എല്‍സെ പെറിയാണ് കളിയിലെ താരം. ജെസ്സ് ജോനാസ്സെന്‍, റേച്ചല്‍ ഹെയ്‍ന്‍സ് എന്നിവരും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. മെഗാന്‍ ഷുട്ട്, ക്രിസ്റ്റെന്‍ ബീംസ് എന്നിവരും ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleനോട്ടിംഗഹാമില്‍ പിടിമുറുക്കി ദക്ഷിണാഫ്രിക്ക,ഇംഗ്ലണ്ടിനു ബാറ്റിംഗ് തകര്‍ച്ച, ലീഡ് 205 റണ്‍സ്
Next articleഡേവിഡ് വിയ്യ MLS ലെ മികച്ച താരം