വീണ്ടും ത്രില്ല‍ർ, വീണ്ടും തോൽവിയേറ്റ് വാങ്ങി ന്യൂസിലാണ്ട്, ഇത്തവണ ദക്ഷിണാഫ്രിക്ക വക

ആതിഥേയരായ ന്യൂസിലാണ്ടിന് വനിത ഏകദിന ലോകകപ്പിൽ വീണ്ടും തിരിച്ചടി. ഇന്ന് നടന്ന ത്രില്ല‍‍ർ മത്സരത്തിൽ ദക്ഷിണാഫ്രിക്ക 3 പന്തുകള്‍ അവശേഷിക്കവെയാണ് ന്യൂസിലാണ്ടിനെതിരെ 2 വിക്കറ്റ് വിജയം നേടിയത്.

ദക്ഷിണാഫ്രിക്കയുടെ തുടര്‍ച്ചയായ നാലാം ജയം ആയിരുന്നു ഇന്നത്തേത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 228 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ 8 വിക്കറ്റ് നഷ്ടത്തിൽ 49.3 ഓവറിൽ ദക്ഷിണാഫ്രിക്ക ലക്ഷ്യം സ്വന്തമാക്കി.

67 റൺസ് നേടിയ ലോറ വോള്‍വാ‍ർ‍‍‍ഡ്ടും 51 റൺസ് നേടി സൂനേ ലൂസും ദക്ഷിണാഫ്രിക്കയെ 161/2 എന്ന ശക്തമായ നിലയിലേക്ക് എത്തിച്ചുവെങ്കിലും അമേലിയ കെര്‍ വീണ്ടും മത്സരത്തിലേക്ക് ന്യൂസിലാണ്ടിനെ തിരികെ കൊണ്ടുവരുന്ന കാഴ്ചയാണ് കണ്ടത്.

Nzwomen

ലോറയെയും മിഗ്നൺ ഡു പ്രീസിനെയും അടുത്തടുത്ത ഓവറുകളിൽ അമേലിയ കെര്‍ പുറത്താക്കിയപ്പോള്‍ സൂനേ ലൂസിന്റെ വിക്കറ്റ് ഹന്നാ റോ നേടി. 170/5 എന്ന നിലയിലേക്ക് വീണ ദക്ഷിണാഫ്രിക്കയെ പിന്നീട് മരിസാന്നേ കാപ്പിന്റെ ഇന്നിംഗ്സ് ആണ് മുന്നോട്ട് നയിച്ചത്.

Nzwomen

12 പന്തിൽ 14 റൺസ് വിജയത്തിനായി നേടേണ്ടിയിരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഷബ്നിം ഇസ്മൈലിന്റെ വിക്കറ്റ് 49ാം ഓവറിന്റെ രണ്ടാം ഓവറിൽ നഷ്ടമായപ്പോള്‍ കാപ്പ് ഓവറിൽ നിന്ന് ബൗണ്ടറി നേടി ലക്ഷ്യം ഒരോവറിൽ 6 ആക്കി മാറ്റി.

അവസാന ഓവറിലെ ആദ്യ പന്തിൽ ബൗണ്ടറി നേടിയ കാപ്പ് ലക്ഷ്യം രണ്ട് റൺസായി കുറച്ചു. അടുത്ത രണ്ട് പന്തുകളിൽ രണ്ട് സിംഗിളുകള്‍ വന്നപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ രണ്ട് വിക്കറ്റ് വിജയം ഉറപ്പായി. ന്യൂസിലാണ്ടിനായി അമേലിയ കെര്‍ മൂന്ന് വിക്കറ്റും ഫ്രാന്‍സസ് മക്കേ രണ്ട് വിക്കറ്റും നേടിയെങ്കിലും 34 റൺസുമായി പുറത്താകാതെ നിന്ന മരിസാന്നേ കാപ്പ് മത്സരം ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമാക്കി.