മിന്നും തുടക്കവുമായി വെസ്റ്റിൻ‍ഡീസ്, പിന്നെ ചീട്ടുകൊട്ടാരം പോലെ തക‍ർച്ച, തകർപ്പൻ തിരിച്ചുവരവുമായി ഇന്ത്യ

വെസ്റ്റിന്‍ഡീസിന്റെ അട്ടിമറികളുടെ പരമ്പരയ്ക്ക് തടസ്സം സൃഷ്ടിച്ച് ഇന്ത്യ. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 317/8 എന്ന മികച്ച സ്കോര്‍ നേടിയ ശേഷം ബാറ്റിംഗിനിറങ്ങിയ വെസ്റ്റിന്‍ഡീസ് 100 റൺസിലേക്ക് അതിവേഗം കുതിയ്ക്കുകയായിരുന്നു.

ഓപ്പണര്‍മാരായ ഡിയാന്‍ഡ്ര ഡോട്ടിനും ഹെയ്‍ലി മാത്യൂസും അടിച്ച് തകര്‍ത്തപ്പോള്‍ സ്നേഹ് റാണയാണ് ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക്ത്രൂ നൽകിയത്. 46 പന്തിൽ 62 റൺസാണ് ഡോട്ടിന്‍ നേടിയത്.

പിന്നീട് ഒരു വശത്ത് വിക്കറ്റുകളുമായി ഇന്ത്യന്‍ ബൗളിംഗ് നിര മത്സരത്തിൽ പിടിമുറുക്കുന്ന കാഴ്ചയാണ് കണ്ടത്. ഹെയ്‍ലി മാത്യൂസ് 36 പന്തിൽ 43 റൺസ് നേടി പുറത്തായി. 100/0 എന്ന നിലയിൽ നിന്ന് 127/5 എന്ന നിലയിലേക്ക് വീണ ശേഷം വിന്‍ഡീസിന് ഒരു തിരിച്ചുവരവ് അസാധ്യമാകുകയായിരുന്നു.

വെസ്റ്റിന്‍ഡീസ് 40.3 ഓവറിൽ 162 റൺസിന് ഓള്‍ഔട്ട് ആയപ്പോൾ ഇന്ത്യ 155 റൺസിന്റെ വിജയം ആണ് നേടിയത്.