ലീയുടെ വെടിക്കെട്ട്, ഇന്ത്യയ്ക്ക് ജയിക്കാന്‍ 274 റണ്‍സ്

ദക്ഷിണാഫ്രിക്കയ്ക്കെതിരായുള്ള വനിത ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയ്ക്ക് 274 റണ്‍സ് വിജയലക്ഷ്യം. ലിസെല്ലേ ലീ, ഡാന്‍ വാന്‍ നീകെര്‍ക്ക് എന്നിവരുടെ ബാറ്റിംഗ് മികവാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്കോര്‍ കണ്ടെത്താന്‍ സഹായിച്ചത്. 65 പന്തില്‍ 92 റണ്‍സാണ് ലീ നേടിയത്. 10 ബൗണ്ടറിയും 7 സിക്സറും അടങ്ങിയതായിരുന്നു ലീയുടെ ഇന്നിംഗ്സ്.

രണ്ടാം ഓവറില്‍ ഓപ്പണര്‍ ലോറ വോള്‍വാര്‍ഡ്ടിനെ നഷ്ടമായെങ്കിലും മധ്യനിരയുടെ സഹായത്തോടു കൂടി ലീ യഥേഷ്ടം റണ്‍ കണ്ടെത്തുകയായിരുന്നു. തൃഷ ചെട്ടി(24), മിഗ്നോണ്‍ ഡു പ്രീസ്(22), മരിസാനെ കാപ്പ്(19), ച്ലോ ട്രയണ്‍(24) എന്നിവരുടെ സംഭാവനകളും ദക്ഷിണാഫ്രിക്കയ്ക്ക് മുതല്‍കൂട്ടായി. ഇവരോടൊപ്പം നായിക ഡേന്‍ വാന്‍ നീകെര്‍ക്ക് കൂടി അര്‍ദ്ധ ശതകം(57) തികച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക ശക്തമായ സ്കോറിലേക്ക് നീങ്ങി.

ടൂര്‍ണ്ണമെന്റില്‍ ഉടനീളം മികച്ച പ്രകടനം നടത്തിയ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് എന്നാല്‍ ഇന്ന് നിലയുറയ്പ്പിക്കാനായില്ല. ശിഖ പാണ്ഡേ 3 വിക്കറ്റ് നേടിയപ്പോള്‍ രണ്ട് വീതം വിക്കറ്റുമായി ഹര്‍മന്‍പ്രീത് കൗര്‍, എക്ത ബിഷ്ട് എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം നേടി. ജൂലന്‍ ഗോസ്വാമി, പൂനം യാദവ് എന്നിവരാണ് ശേഷിച്ച വിക്കറ്റുകള്‍ വീഴ്ത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial