ജയം പിടിച്ചെടുത്ത് ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തേക്ക്

ദക്ഷിണാഫ്രിക്കയ്ക്കെതിരെ മികവാര്‍ന്ന വിജയം സ്വന്തമാക്കി ഇംഗ്ലണ്ട് പോയിന്റ് പട്ടികയില്‍ മൂന്നാമത്. ഇരു ടീമുകളുടെയും ബാറ്റിംഗ് നിര തിളങ്ങിയ മത്സരത്തില്‍ ബൗളര്‍മാര്‍ക്കിത് മറക്കുവാനാഗ്രഹിക്കുന്ന ദിനം. 300 കടന്ന ദക്ഷിണാഫ്രിക്കയ്ക്ക് വിജയം 68 റണ്‍സ് അകലെ നഷ്ടമാവുകയായിരുന്നു. 374 റണ്‍സ് വിജയം ലക്ഷ്യം തേടി ഇറങ്ങിയ ദക്ഷിണാഫ്രിക്ക മെല്ലെയാണ് തുടങ്ങിയത്. 128 റണ്‍സ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് നേടിയെങ്കിലും മത്സരത്തിന്റെ പകുതി ഓവറുകള്‍ അവസാനിച്ചിരുന്നു. 72 റണ്‍സ് നേടിയ ലിസ്സെല്ലേ ലീ ആണ് ആദ്യം പുറത്തായത്. ലോറ വോള്‍വാര്‍ഡടും(67)പുറത്തായപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ നില പരുങ്ങലിലായി.

മിഗനണ്‍ ഡു പ്രീസ്(43)നോടൊപ്പം വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ച്ലോ ട്രയണ്‍ പൊരുതി നോക്കിയെങ്കിലും ഇംഗ്ലണ്ട് നേടിയ കൂറ്റന്‍ സ്കോര്‍ ദക്ഷിണാഫ്രിക്കയ്ക്ക് അപ്രാപ്യമായി മാറുകയായിരുന്നു. 26 പന്തില്‍ നിന്ന് 54 റണ്‍സ് നേടിയ ട്രയണ്‍ പുറത്തായതോടു കൂടി 50 ഓവറില്‍ 305 റണ്‍സ് നേടി ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സ് അവസാനിച്ചു. ശ്രമത്തിനിടെ 9 വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി.

ഇംഗ്ലണ്ടിന്റെ സാറ ടെയ്‍ലര്‍ ആണ് കളിയിലെ താരം. ഡാനിയല്ലേ ഹേസല്‍ മൂന്ന് വിക്കറ്റും ഹീത്തര്‍ നൈറ്റ് രണ്ട് വിക്കറ്റും നേടിയപ്പോള്‍ ഓരോ വിക്കറ്റുമായി ആന്യ ഷ്രുബ്‍സോള്‍, അലക്സ് ഹാര്‍ട്ലേ, നതാലി സ്കിവര്‍ എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം നേടി.

 

സാറ ടെയ്‍ലറിന്റെ മികവില്‍ ഇംഗ്ലണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial