ഇന്ത്യയുടെ വനിത ടി20 ചലഞ്ച് ഷെഡ്യൂളില്‍ അതൃപ്തി ഉയര്‍ത്തി വിദേശ വനിത താരങ്ങള്‍

- Advertisement -

ഐപിഎലിനൊപ്പം ബിസിസിഐ വനിത ടി20 ചലഞ്ച് നടത്തുമെന്ന് അറിയിച്ചതില്‍ അതൃപ്തി രേഖപ്പെടുത്തി വിദേശ വനിത താരങ്ങള്‍. ഈ തീരുമാനത്തെ ഇന്ത്യന്‍ താരങ്ങള്‍ സ്വാഗതം ചെയ്തുവെങ്കിലും ഓസ്ട്രേലിയന്‍ താരങ്ങളായ അലൈസ ഹീലിയും റെയ്ച്ചല്‍ ഹെയ്ന്‍സും ന്യൂസിലാണ്ട് താരം സൂസി ബൈറ്റ്സുമാണ് വനിത ബിഗ് ബാഷിന്റെ ഇടയ്ക്ക് തന്നെ ഈ ടൂര്‍ണ്ണമെന്റും നടത്തുന്നതിനെതിരെ പ്രതികരിച്ചത്.

ഐപിഎലില്‍ കളിക്കുവാന്‍ ആഗ്രഹിക്കുന്ന വിദേശ വനിത താരങ്ങളും ബിഗ് ബാഷില്‍ കളിക്കുന്ന ഇന്ത്യന്‍ താരങ്ങളും ഇതുമായി എത്തരത്തില്‍ പൊരുത്തപ്പെടുമെന്ന് കണ്ടറിയേണ്ടത് തന്നെയാണെന്നാണ് അലൈസ ഹീലി പറഞ്ഞത്. താരം ഇതിനെക്കുറിച്ച് ട്വീറ്റും ചെയ്തിട്ടുണ്ട്.

ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 29 വരെയാണ് വനിത ബിഗ് ബാഷ് നടത്തുവാനിരിക്കുന്നത്. ഐപിഎല്‍ പ്ലേ ഓഫുകള്‍ക്ക് ഒപ്പമാണ് വനിത ടി20 ചലഞ്ച് നടത്തുവാനുള്ള ബിസിസിഐ തീരുമാനം. സത്യമാണെങ്കില്‍ ഇത് നാണക്കേടാണെന്നാണ് റേച്ചല്‍ ഹെയ്ന്‍സ് ട്വീറ്റ് ചെയ്തത്. ലോകത്തെ മുന്‍ നിര പ്രീമിയര്‍ ലീഗ് ടൂര്‍ണ്ണമെന്റുകള്‍ പരസ്പരം കൊമ്പുകോര്‍ക്കുന്ന സാഹചര്യം ഒഴിവാക്കേണ്ട ഒന്നാണെന്നും റേച്ചല്‍ ഹെയ്ന്‍സ് തന്റെ ട്വീറ്റില്‍ പറഞ്ഞു.

ന്യൂസിലാണ്ട് താരം സൂസി ബെയ്റ്റസും തന്റെ അതൃപ്തി അറിയിച്ചു. വനിത ബിഗ് ബാഷിനും വനിത ഐപിഎലിനും ഏറ്റ വലിയ തിരിച്ചടിയാണ് ഈ തീരുമാനം എന്നാണ് ബെയ്റ്റ്സ് പറഞ്ഞത്.

Advertisement