മൂന്നാം തോല്‍വി, ഇന്ത്യയുടെ ഫൈനല്‍ സാധ്യത അവസാനിച്ചു

ത്രിരാഷ്ട്ര ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യ തോല്‍വി വഴങ്ങിയതോടെ ടീമിന്റെ ഫൈനല്‍ സാധ്യതകള്‍ അസ്തമിച്ചു. ഇന്നത്തെ മത്സരത്തില്‍ ഓസ്ട്രേലിയ 36 റണ്‍സിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തുവെങ്കിലും പ്രതീക്ഷിച്ച പോലെ ഓസ്ട്രേലിയയെ പിടിച്ചുകെട്ടാന്‍ ടീമിനായില്ല. ബെത്ത് മൂണിയും എല്‍സെ വില്ലാനിയും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ ഓസ്ട്രേലിയ 20 ഓവറില്‍ അഞ്ച് വിക്കറ്റുകളുടെ നഷ്ടത്തില്‍ 186 റണ്‍സ് നേടി. ബെത്ത് മൂണി 46 പന്തില്‍ നിന്ന് 71 റണ്‍സ് നേടിയപ്പോള്‍ എല്‍സെ വില്ലാനി 42 പന്തില്‍ നിന്ന് 61 റണ്‍സ് നേടി പുറത്തായി. ഇന്ത്യയ്ക്കായി പൂജ വസ്ത്രാക്കര്‍ രണ്ടും രാധ യാദവ്, പൂനം യാദവ്, ജൂലന്‍ ഗോസ്വാമി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

187 റണ്‍സ് ലക്ഷ്യം തേടി ഇറങ്ങിയ ഇന്ത്യയെ പിടിച്ചുലച്ചത് മെഗന്‍ ഷൂട്ടിന്റെ ഹാട്രിക്കാണ്. സ്മൃതി മന്ഥാന, മിത്താലി രാജ്, ദീപ്തി ശര്‍മ്മ എന്നിവരെ പുറത്താക്കി മെഗന്‍ ഇന്ത്യയെ പ്രതിരോധത്തിലാക്കി. ജെമീമ റോഡ്രിഗസ് 50 റണ്‍സ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് കൗര്‍ 33 റണ്‍സ് നേടി പുറത്തായി. അനൂജ പാട്ടില്‍, പൂജ വസ്ത്രാക്കര്‍ എന്നിവരുടെ ശ്രമത്തിന്റെ ഫലമായി ഇന്ത്യ 20 ഓവറില്‍ 150 എന്ന സ്കോറിലേക്ക് 5 വിക്കറ്റുകളുടെ നഷ്ടത്തില്‍ എത്തുകയായിരുന്നു. 53 റണ്‍സ് നേടിയ ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ അനൂജ 38 റണ്‍സും പൂജ 19 റണ്‍സും നേടി പുറത്താകാതെ നിന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial