
ദക്ഷിണാഫ്രിക്കയ്ക്കെതിരെ മികച്ച വിജയം നേടി ഇംഗ്ലണ്ട്. ത്രിരാഷ്ട്ര ടി20 പരമ്പരയിലെ രണ്ടാം മത്സരമാണിത്. ആദ്യ മത്സരത്തില്‍ ന്യൂസിലാണ്ടിനോട് ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടിരുന്നു. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ 250 റണ്‍സാണ് നേടിയത്. 121 റണ്‍സിന്റ ആധികാരിക ജയമാണ് ഇംഗ്ലണ്ട് നേടിയത്.
മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ ഇംഗ്ലണ്ടിനു വേണ്ടി താമി ബ്യൂമോണ്ട്(116), ഡാനിയേല്‍ വയട്ട്(56), കാത്തറിന്‍ ബ്രണ്ട്(42*), നത്താലി സ്കിവര്‍(33) എന്നിവരാണ് തിളങ്ങിയത്. 52 പന്തില്‍ 18 ബൗണ്ടറിയും 4 സിക്സും അടങ്ങിയതായിരുന്നു താമിയുടെ ഇന്നിംഗ്സ്. തന്റെ കന്നി ടി20 ശതമാണ് താമി ഇന്നലെ സ്വന്തമാക്കിയത്. 16 പന്തില്‍ നിന്നായിരുന്നു കാതറിന് ബ്രണ്ടിന്റെ വെടിക്കെട്ട്. ദക്ഷിണാഫ്രിക്കയ്ക്കായി സ്റ്റേസി ലാക്കേ രണ്ട് വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സ് മാത്രമേ നേടാനായുള്ളു. ക്യാപ്റ്റന്‍ ഡേന്‍ വാന്‍ നീക്കേര്ക്ക് നേടിയ 72 റണ്‍സ് മാത്രമാണ് ടീമിലെ ശ്രദ്ധേയമായ പ്രകടനം. കാത്തറിന്‍ ബ്രണ്ട്, ഡാനിയേല്‍ ഹാസേല് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് ടീമിനായി നേടി.
ടൂര്‍ണ്ണമെന്റിലെ ആദ്യ മത്സരത്തില്‍ സൂസി ബെയ്റ്റ്സ് പുറത്താകാതെ നേടിയ 127 റണ്‍സിന്റെയും സോഫി ഡിവൈനിന്റെ 73 റണ്‍സിന്റെയും ബലത്തില്‍ 216 റണ്‍സ് നേടിയ ന്യൂസിലാണ്ട് ദക്ഷിണാഫ്രിക്കയെ 66 റണ്‍സിനു പരാജയപ്പെടുത്തിയിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് 6 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് ആണ് നേടാനായത്. മത്സരത്തിലും ഡേന്‍ വാന്‍ നീക്കേര്ക്ക്(58) അര്‍ദ്ധ ശതകം നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
