ശ്രീലങ്കയെ നാട്ടില്‍ കീഴടക്കി പാക്കിസ്ഥാന്‍

ജവേരിയ ഖാന്‍ നേടിയ 113* ന്റെ ബലത്തില്‍ പാക്കിസ്ഥാന് ശ്രീലങ്കയ്ക്കെതിരെ ജയം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 50 ഓവറില്‍ 250/6 എന്ന സ്കോര്‍ നേടുകയായിരുന്നു. 142 പന്തില്‍ നിന്ന് 15 ബൗണ്ടറി നേടി പുറത്താകാതെ 113 റണ്‍സുമായി ജവേരിയ ഖാന്‍ ആണ് പാക് ബാറ്റിംഗ് നിരയെ നയിച്ചത്. നിദ ദാര്‍(34), സന മിര്‍(27), നതാലിയ പെര്‍വൈസ്(21*) എന്നിവരും നിര്‍ണ്ണായകമായ സംഭാവനകള്‍ ടീമിനു നല്‍കി. ശ്രീലങ്കയ്ക്ക് വേണ്ടി ചാമരി അട്ടപട്ടു, ശശികല സിരിവര്‍ദ്ധനേ എന്നിവര്‍ രണ്ടും ശ്രീപാലി വീരകോടി, അചിനി കുലസൂര്യ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്കയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ ചാമരി അട്ടപട്ടുവും(46), ശശികല സിരിവര്‍ദ്ധനേയും(44) മാത്രമാണ് തിളങ്ങിയത്. 45.2 ഓവറില്‍ ശ്രീലങ്കയുടെ ചെറുത്ത് നില്പ് അവസാനിച്ചു. 181 റണ്‍സില്‍ ശ്രീലങ്ക പുറത്തായപ്പോള്‍ പാക്കിസ്ഥാനു 69 റണ്‍സിന്റെ ജയം സ്വന്തമായി.

പാക്കിസ്ഥാനു വേണ്ടി ക്യാപ്റ്റന്‍ ബിസ്മ മഹ്റൂഫ് മൂന്നും സന മിര്‍ രണ്ടും വിക്കറ്റ് നേടി. ഓരോ വിക്കറ്റുമായി ഡയാന ബൈഗ്, നതാലിയ പെര്‍വൈസ്, നശ്ര സന്ധു, നിദ ദാര്‍ എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബംഗ്ലാദേശ് അസിസ്റ്റന്റ് കോച്ച് രാജിവെച്ചു
Next articleകൊച്ചിയിൽ നിന്ന് ക്രിക്കറ്റ് മാറ്റുന്നതിനെ പിന്തുണച്ച് സച്ചിനും