ടി20 റാങ്കിംഗില്‍ ആദ്യ മൂന്ന് സ്ഥാനത്തെത്തി സ്മൃതി മന്ഥാന

ടി20 പരമ്പരയില്‍ ഇന്ത്യ നാണംകെട്ട് ഇംഗ്ലണ്ടിനോട് കീഴടങ്ങിയെങ്കിലും പരമ്പരയില്‍ ഇന്ത്യയുടെ ടോപ് സ്കോറര്‍ ആയി മാറിയ സ്മൃതി മന്ഥാന ഐസിസി വനിത ടി20 റാങ്കിംഗില്‍ ആദ്യ മൂന്ന് സ്ഥാനത്തിനുള്ളിലെത്തി. പരമ്പരയില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് 72 റണ്‍സുമായി സ്മൃതിയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഇന്ത്യ പരമ്പര 0-3നു അടിയറവ് പറയുകയായിരുന്നു.

698 റേറ്റിംഗ് പോയിന്റുമായി സ്മൃതി മൂന്നാം റാങ്കിലേക്ക് ഉയര്‍ന്നു. അതേ സമയം ഇന്ത്യയുടെ ജെമീമ റോഡ്രിഗസ് പരമ്പരയിലെ മോശം പ്രകടനം കാരണം ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 765 പോയിന്റുള്ള ന്യൂസിലാണ്ടിന്റെ സൂസി ബെയ്റ്റ്സ് ഒന്നാമതും വിന്‍ഡീസിന്റെ ഡിയാണ്ട്ര ഡോട്ടിന്‍ 727 പോയിന്റുമായി രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.