അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ച് സന മിര്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

മുന്‍ പാക്കിസ്ഥാന്‍ ടീം ക്യാപ്റ്റന്‍ സന മിര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 15 വര്‍ഷത്തെ കരിയറിനാണ് ഇതോടെ വിരാമം ആവുന്നത്. 2009 മുതല്‍ 2017 വരെ ടീം ക്യാപ്റ്റനായിരുന്ന സന മിര്‍ 137 മത്സരങ്ങളില്‍ ടീമിനെ നയിച്ചു. ആകെ 226 അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിച്ച താരം കഴിഞ്ഞ വര്‍ഷം നവംബറില്‍ ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു.

തന്റെ കഴിവിന്റെ പരമാവധിയില്‍ താന്‍ രാജ്യത്തെ സേവിച്ചിട്ടുണ്ടെന്നും ക്രിക്കറ്റിന് മികച്ച പ്രകടനങ്ങള്‍ നല്‍കുവാനായിട്ടുണ്ടെന്നും വിശ്വസിക്കുന്നുവെന്ന് പറഞ്ഞ താരം ഇതാണ് വേറെ ദിശയില്‍ നീങ്ങുവാനുള്ള യഥാര്‍ത്ഥ സമയമെന്ന് തോന്നുന്നതിനിലാണ് തന്റെ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിക്കുന്നതെന്നും അറിയിച്ചു.

ഡിസംബര്‍ 2005ല്‍ ആണ് സന തന്റെ ഏകദിന അരങ്ങേറ്റം കുറിയ്ക്കുന്നത്. ശ്രീലങ്കയ്ക്കെതിരെ കറാച്ചിയിലാണ് ഈ മത്സരം. 120 ഏകദിനങ്ങളില്‍ നിന്ന് 1630 റണ്‍സും 151 വിക്കറ്റുകളുമാണ് താരം നേടിയിട്ടുള്ളത്. 2009ല്‍ അയര്‍ലണ്ടിനെതിരെയായിരുന്നു സനയുടെ ടി20 അരങ്ങേറ്റം. ടി20യില്‍ 106 മത്സരങ്ങളില്‍ നിന്ന് 802 റണ്‍സും 89 വിക്കറ്റും സന നേടി.

സനയുടെ ക്യാപ്റ്റന്‍സിയില്‍ 72 ഏകദിനത്തില്‍ 26 വിജയവും 45 പരാജയങ്ങളുമാണ് പാക്കിസ്ഥാന്റെ ഫലം. 65 ടി20യില്‍ പാക്കിസ്ഥാനെ 26 വിജയത്തിലേക്കും 36 പരാജയത്തിലേക്കും താരം നയിച്ചു. പാക്കിസ്ഥാനെ 2013, 2017 ലോകകപ്പിലും 2009, 2010, 2012, 2014, 2016 ടി20 ലോകകപ്പിലും സന നയിച്ചിട്ടുണ്ട്.