പാക്കിസ്ഥാന്‍ ബൗളിംഗ് നിരയുടെ തകര്‍പ്പന്‍ പ്രകടനം, നാലാം ഏകദിനത്തിൽ 4 വിക്കറ്റിന്റെ ജയം

Pakistanwomen

വെസ്റ്റിന്‍ഡീസിനെതിരെയുള്ള ഏകദിന പരമ്പരയിലെ നാലാം മത്സരത്തിൽ ജയം നേടി പാക്കിസ്ഥാന്‍. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത പാക്കിസ്ഥാന്‍ വെസ്റ്റിന്‍ഡീസിനെ 49.4 ഓവറിൽ 210 റൺസിന് പുറത്താക്കിയ ശേഷം 48.3 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിലാണ് വിജയം ഉറപ്പാക്കാന്‍ പാക്കിസ്ഥാനായത്.

ഫാത്തിമ സനയും നശ്ര സന്ധുവും നാല് വീതം വിക്കറ്റ് നേടിയപ്പോള്‍ 88 റൺസ് നേടിയ കൈഷോണ നൈറ്റ് ആണ് വിന്‍ഡീസിന്റെ ടോപ് സ്കോറര്‍. സ്റ്റഫാനി ടെയിലര്‍ 49 റൺസ് നേടി. എന്നാൽ സ്കോറിംഗ് നടത്തുവാന്‍ മറ്റു താരങ്ങളെല്ലാം ബുദ്ധിമുട്ടിയപ്പോള്‍ വിന്‍ഡീസിന്റെ സ്കോര്‍ 210 റൺസിലൊതുങ്ങി.

ഒരു ഘട്ടത്തിൽ വിന്‍ഡീസ് 39.2 ഓവറിൽ 171/2 എന്ന നിലയിലായിരുന്നുവെങ്കിൽ പിന്നീട് 8 വിക്കറ്റുകള്‍ വെറും 39 റൺസിന് ടീമിന് നഷ്ടപ്പെടുകയായിരുന്നു. ഇതാണ് മത്സരത്തിന്റെ ഗതി തന്നെ മാറ്റിയത്.

61 റൺസ് നേടിയ ഒമൈമ സൊഹൈലിനൊപ്പം ഓപ്പണിംഗ് താരം സിദ്ര അമീന്‍ നേടിയ 41 റൺസ് കൂടിയായപ്പോള്‍ പാക്കിസ്ഥാന്‍ വിജയം കാണുകയായിരുന്നു. നിദ ദാര്‍ പുറത്താകാതെ 29 റൺസുമായി ടീമിന്റെ വിജയം ഒരുക്കി.