പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ

ന്യൂസിലാണ്ടിനെ 6 വിക്കറ്റിനു പരാജയപ്പെടുത്തി ടി20 പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ. മെഗാന്‍ ഷട്ടിന്റെ മികച്ച ബൗളിംഗ് പ്രകടനത്തിന്റെ ബലത്തില്‍ ന്യൂസിലാണ്ടിനെ 145 റണ്‍സിനു പിടിച്ചുകെട്ടിയ ശേഷമാണ് ഓസ്ട്രേലിയയുടെ വിജയം. ഷട്ട് 4 ഓവറില്‍ 15 റണ്‍സിനു 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ 77 റണ്‍സുമായി സൂസി ബെയ്റ്റ്സ് ന്യൂസിലാണ്ട് നിരയിലെ ടോപ് സ്കോററായി. 52 പന്തില്‍ നിന്നാണ് സൂസി ഈ സ്കോര്‍ നേടിയത്. മറ്റു താരങ്ങളില്‍ നിന്ന് റണ്‍സ് വരാതിരുന്നതും ന്യൂസിലാണ്ടിനു തിരിച്ചടിയായി.

അലീസ ഹീലി(57), എല്‍സെ വില്ലാനി(50*) എന്നിവരുടെ അര്‍ദ്ധ ശതകങ്ങളുടെ ബലത്തില്‍ ഓസ്ട്രേലിയ 4 വിക്കറ്റ് നഷ്ടത്തിലാണ് 18.5 ഓവറില്‍ നിന്ന് വിജയം നേടുന്നത്. ഇതോടെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കി.

ഓസ്ട്രേലിയയെ വിജയത്തിലേക്ക് നയിച്ച് ലാന്നിംഗും ഹെയ്‍ന്‍സും

ന്യൂസിലാണ്ടിനെതിരെ ആദ്യ ടി20 മത്സരത്തില്‍ വിജയം ഉറപ്പാക്കി ഓസ്ട്രേലിയ. തുടക്കം തകര്‍ച്ചയോടെയായിരിന്നുവെങ്കിലും പൊരുതിക്കയറിയാണ് ഓസ്ട്രേലിയ ഈ വിജയം പിടിച്ചെടുത്തത്. 163 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഓസ്ട്രേലിയ ഒരു ഘട്ടത്തില്‍ 45/4 എന്ന രീതിയില്‍ പതറുകയായിരുന്നുവെങ്കിലും അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഒത്തുകൂടിയ മെഗ് ലാന്നിംഗ്-റേച്ചല്‍ ഹെയ്‍ന്‍സ് കൂട്ടുകെട്ട് മത്സരം ന്യൂസിലാണ്ടില്‍ നിന്ന് തട്ടിയെടുക്കുകയായിരുന്നു. 17.4 ഓവറിലാണ് 6 വിക്കറ്റ് ജയം ഓസ്ട്രേലിയ സ്വന്തമാക്കിയത്.

ഇരു താരങ്ങളും അര്‍ദ്ധ ശതകം നേടി 119 റണ്‍സ് അപരാജിത കൂട്ടുകെട്ടാണ് മത്സരത്തില്‍ നേടിയത്. മെഗ് ലാന്നിംഗ് 56 റണ്‍സും റേച്ചല്‍ ഹെയ്‍ന്‍സ് 69 റണ്‍സുമാണ് നേടിയത്. ന്യൂസിലാണ്ടിനായി ലെയ്ഗ് കാസ്പെറെക്, സോഫി ഡിവൈന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 34 പന്തില്‍ 56 റണ്‍സ് നേടിയ കേറ്റി മാര്‍ട്ടിന്‍, സോഫി ഡിവൈന്‍(43) എന്നിവരുടെ പ്രകടനത്തിന്റെ ബലത്തില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണ് നേടിയത്. ഓസ്ട്രേലിയയ്ക്കായി ആഷ്ലേ ഗാര്‍ഡ്നര്‍ രണ്ടും മെഗാന്‍ ഷട്ട്, എല്‍സെ പെറി, ജോര്‍ജ്ജിയ വേര്‍ഹാം എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കളിച്ചത് 14 ടി20കള്‍ മാത്രം, ലോക റാങ്കിംഗില്‍ 14ാം സ്ഥാനത്തേക്കുയര്‍ന്ന് ഇന്ത്യന്‍ താരം

കഴിഞ്ഞ ഫെബ്രുവരിയില്‍ മാത്രം അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച ഇന്ത്യയുടെ ജെമീമ റോഡ്രിഗസ് ഐസിസി വനിത ടി20 റാങ്കിംഗില്‍ 14ാം സ്ഥാനത്തേക്ക്. ശ്രീലങ്കയ്ക്കെതിരെയുള്ള പരമ്പരയില്‍ 4-0 നു വിജയിച്ച ഇന്ത്യയ്ക്കായി ജെമീമ മികച്ച ഫോമിലായിരുന്നു. നാല് ഇന്നിംഗ്സുകളില്‍ നിന്നായി താരം 191 റണ്‍സാണ് നേടിയത്.

46 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ജെമീമ റാങ്കിംഗിലെ ആദ്യ 15 സ്ഥാനക്കാരിലേക്ക് എത്തുന്നത്. 518 റാങ്കിംഗ് പോയിന്റാണ് താരം ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്. പരമ്പരയിലെ താരവും മികച്ച ബാറ്റിംഗ് താരവുമായി ജെമീമയെ സംഘാടകര്‍ തിരഞ്ഞെടുത്തിരുന്നു.

അഞ്ചാം മത്സരത്തില്‍ ആധികാരിക ജയം, മഴ മുടക്കിയ മത്സരമൊഴികെ പരമ്പര തൂത്തുവാരി ഇന്ത്യ

ശ്രീലങ്കയ്ക്കെതിരെ ടി20 പരമ്പര തൂത്തുവാരി ഇന്ത്യ. പരമ്പരയിലെ രണ്ടാം മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെട്ടത് ഒഴിച്ച് നിര്‍ത്തിയാല്‍ എല്ലാ മത്സരങ്ങളിലും ഇന്ത്യ വിജയം കൈവരിക്കുകയായിരുന്നു. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ജെമീമാ റോഡ്രിഗസ്(46), ഹര്‍മ്മന്‍പ്രീത് കൗര്‍(63) എന്നിവരുടെ മികവില്‍ 18.3 ഓവറില്‍ 156 റണ്‍സ് നേടുന്നതിനിടെ ഓള്‍ഔട്ട് ആവുകയായിരുന്നു. ഇരുവരും ഒഴികെ ടീമില്‍ ആര്‍ക്കും മികവ് പുലര്‍ത്താനായില്ലെങ്കിലും 38 പന്തില്‍ നിന്ന് 63 റണ്‍സ് നേടിയ കൗറിന്റെ പ്രകടനം ഇന്ത്യന്‍ ഇന്നിംഗ്സിനു കരുത്തേകുകയായിരുന്നു. 5 സിക്സും 3 ബൗണ്ടറിയും അടക്കമാണ് ഹര്‍മ്മന്‍പ്രീത് കൗറിന്റെ ഇന്നിംഗ്സ്. 105/2 എന്ന നിലയില്‍ നിന്ന് ഇന്ത്യ 51 റണ്‍സ് കൂടി നേടുന്നതിനിടയില്‍ ഇന്ത്യ ഓള്‍ഔട്ട് ആവുകയായിരുന്നു. ശ്രീലങ്കയ്ക്കായി ഇനോഷി പ്രിയദര്‍ശനിയും ശശികല സിരിവര്‍ദ്ധനേയും മൂന്ന് വിക്കറ്റ് നേടി തിളങ്ങി.

ബൗളര്‍മാര്‍ നടത്തിയ തിരിച്ചുവരവില്‍ നിന്ന് ലങ്കന്‍ ബാറ്റിംഗ് നിരയ്ക്ക് പ്രചോദനം ഉള്‍ക്കൊള്ളുവാന്‍ സാധിക്കാതെ പോയപ്പോള്‍ 17.4 ഓവറില്‍ ലങ്കന്‍ ഇന്നിംഗ്സിനു തിരശീല വീണു. 29 റണ്‍സ് നേടിയ അനുഷ്ക സഞ്ജീവനിയാണ് ടീമിലെ ടോപ് സ്കോറര്‍. ശശികല സിരിവര്‍ദ്ധനേ, ഒഷാഡി രണസിംഗേ എന്നിവര്‍ 22 റണ്‍സ് നേടി.

ഇന്ത്യയ്ക്കായി പൂനം യാദവ് 3 വിക്കറ്റ് നേടയിപ്പോള്‍ ദീപ്തി ശര്‍മ്മ, രാധ യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

നാലാം ടി20യില്‍ ഇന്ത്യയ്ക്ക് ജയം, പരമ്പര 3-0നു സ്വന്തം

മഴ മൂലം 17 ഓവറാക്കി ചുരുക്കിയ നാാലം ടി20യില്‍ ആതിഥേയരായ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ. ഇന്ന് കൊളംബോയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ 7 വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്. ജെമീമ റോഡ്രിഗസിന്റെയും അനൂജ പാട്ടിലിന്റെയും അര്‍ദ്ധ ശതകങ്ങളാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. 96 റണ്‍സ് നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 15.4 ഓവറിലാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയ ജയം ഉറപ്പാക്കിയത്.

135 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് സ്മൃതി മന്ഥാനയെയും(5) മിത്താലി രാജിനെയും(11) രണ്ടാം ഓവറില്‍ നഷ്ടമായി. ഒഷാഡി രണസിംഗേയ്ക്കാണ് ഇരുവരുടെയും വിക്കറ്റ്. താനിയ ഭാട്ടിയ(5) പുറത്താകുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 43 റണ്‍സായിരുന്നു. എന്നാല്‍ പിന്നീട് അപരാജിത കൂട്ടുകെട്ടുമായി ജെമീമ റോഡ്രിഗസും(52*) അനൂജ പാട്ടിലും(54*) ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. താനിയയുടെ വിക്കറ്റും രണസിംഗേയ്ക്കായിരുന്നു.

നേരത്തെ ശശികല സിരിവര്‍ദ്ധേനെ(40), ചാമരി അട്ടപ്പട്ടു(31) എന്നിവരുടെ ബാറ്റിംഗ് പ്രകടനത്തില്‍ ശ്രീലങ്ക 17 ഓവറില്‍ നിന്ന് 5 വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് നേടുകയായിരുന്നു. ഇന്ത്യയ്ക്കായി അനൂജ പാട്ടില്‍ മൂന്നും രാധ യാദവ്, ദീപ്തി ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ഓസ്ട്രേലിയന്‍ വനിത ടി20 ടീമിനു പുതിയ ഉപ പരിശീലകന്‍

ഓസ്ട്രേലിയന്‍ വനിത ടി20 ലോക ടി20യുടെ അവസാനം വരെ പുതിയ ഉപ പരിശീലകന്‍. നിലവില്‍ സിഡ്നി സിക്സേഴ്സ് കോച്ചായ ബെന്‍ സോയറെയാണ് പുതിയ ദൗത്യം ഏല്പിച്ചിരിക്കുന്നത്. ആഷ്‍ലി നോഫ്കേയ്ക്ക് പകരമാണ് ബെന്‍ സോയര്‍ എത്തുന്നത്. വിന്‍ഡീസില്‍ നവംബറിലാണ് ടി20 ലോകകപ്പ് നടക്കുന്നത്.

വനിത ബിഗ് ബാഷ് ലീഗില്‍ രണ്ട് കിരീടത്തിലേക്ക് സിഡ്നി സിക്സേഴ്സിനെ നയിച്ച ബെന്‍ സോയേഴ്സ് ഷെല്ലി നിറ്റ്ഷ്കെ മുഖ്യ കോച്ചായ കോച്ചിംഗ് പാനലിലേക്കാണ് പരിശീലകനായി എത്തുന്നത്. ന്യൂസിലാണ്ടില്‍ സെപ്റ്റംബര്‍ 29നു ആരംഭിക്കുന്ന ടി20 പരമ്പരയ്ക്ക് മുമ്പ് ടീമിനൊപ്പം സോയര്‍ എത്തുമെന്നാണ് അറിയുന്നത്. അതിനു ശേഷം പാക്കിസ്ഥാനെ മലേഷ്യയില്‍ ടീം നേരിടുന്നതാണ് സോയറുടെ അടുത്ത ദൗത്യം.

മിന്നു മണിയും സജനയും ഇന്ത്യ റെഡില്‍

അണ്ടര്‍ 23 വനിത ചാലഞ്ചര്‍ ടൂര്‍ണ്ണമെന്റിനുള്ള ഇന്ത്യ റെഡ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മലയാളി താരങ്ങളായ മിന്നു മണിയും സജന എസും. ഒക്ടോബര്‍ 4 മുതല്‍ 8 വരെയാണ് ടൂര്‍ണ്ണമെന്റ് മൈസൂരില്‍ നടക്കുന്നത്. സജന കേരളത്തിനെ അണ്ടര്‍ 23 ടി20 കിരീടത്തിലേക്ക് നയിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ വനിത ക്രിക്കറ്റിലെ ഏജ് ഗ്രൂപ്പില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വേഗതയേറിയ ശതകത്തിനും സജന ഉടമയായിരുന്നു. ട്വിന്റി20 ചലഞ്ച്‍ ട്രോഫിയില്‍ ഇന്ത്യ ഗ്രീന്‍ സ്ക്വാഡിലേക്ക് താരത്തിനെ തിരഞ്ഞെടുത്തതായിരുന്നു. സ്വന്തം വീട്ടില്‍ വെള്ളം കയറിയ അവസ്ഥയില്‍ രക്ഷാപ്രവര്‍ത്തകര്‍ എത്തിയാണ് സജനയെ അന്ന് രക്ഷിച്ചത്.

ഈ വര്‍ഷം ആദ്യം കേരള സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച മിന്നു മണി അണ്ടര്‍ 19 ടീമിന്റെ ക്യാപ്റ്റനായിരുന്നു. മിന്നു മണിയും വെള്ളപ്പൊക്കത്തെ അതിജീവിച്ച മറ്റൊരു താരമാണ്. തന്റെ വീട്ടില്‍ വെള്ളം കയറിയ അവസ്ഥയില്‍ മിന്നു തിരുവനന്തപുരത്ത് കെസിഎയുടെ റെസിഡന്‍ഷ്യല്‍ അക്കാഡമിയില്‍ ആയിരുന്നു.

മൂന്നാം ടി20യിലും ജയം ഇന്ത്യയ്ക്ക്

ശ്രീലങ്കയ്ക്കെതിരെ മൂന്നാം ടി20യിലും ജയം സ്വന്തമാക്കി ഇന്ത്യ. ആദ്യ ടി20 ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം മത്സരം മഴ മൂലം ഒഴിവാക്കപ്പെടുകയായിരുന്നു. മൂന്നാം മത്സരത്തില്‍ ഇന്ത്യ 5 വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്. കൊളംബോ ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ശ്രീലങ്കയാണ് ആദ്യം ബാറ്റ് ചെയ്തത്. 20 ഓവറില്‍ നിന്ന് 131/8 എന്ന സ്കോര്‍ ആതിഥേയര്‍ നേടിയപ്പോള്‍ ഇന്ത്യ 18.2 ഓവറില്‍ നിന്ന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

ജെമീമ റോഡ്രിഗസ് 40 പന്തില്‍ നിന്ന് നേടിയ 57 റണ്‍സാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്. ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് കൗര്‍ 24 റണ്‍സ് നേടി. ശ്രീലങ്കന്‍ നായിക ചാമരി അട്ടപ്പട്ടു 2 വിക്കറ്റ് നേടിയപ്പോള്‍ കവിഷ ദില്‍ഹാരി, ഉദ്ദേശിക പ്രബോധിനി, ശശികല സിരിവര്‍ദ്ധനേ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്കായി ശശികല സിരിവര്‍ദ്ധനേ 35 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ചാമരി അട്ടപ്പട്ടു(28), നീലാക്ഷി ഡി സില്‍വ(31) എന്നിവരും ലങ്കയ്ക്കായി റണ്‍സ് കണ്ടെത്തി. അരുന്ധതി റെഡ്ഢി, ഹര്‍മ്മന്‍പ്രീത് കൗര്‍ ഇന്ത്യന്‍ നിരയില്‍ 2 വീതം വിക്കറ്റ് നേടിയപ്പോള്‍ അനൂജ പാട്ടില്‍, രാധ യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

പാക്കിസ്ഥാന്‍ വനിത ടീമിനു പുതിയ നായിക

ഓസ്ട്രേലിയയ്ക്കും ബംഗ്ലാദേശിനുമെതിരെ ഈ വര്‍ഷം നടക്കാനിരിക്കുന്ന ക്രിക്കറ്റ് പരമ്പരയിലേക്ക് പുതിയ പാക്കിസ്ഥാന്‍ നായികയെ പ്രഖ്യാപിച്ചു. ജവേരിയ ഖാനിനെയാണ് പുതിയ ദൗത്യം ടീം ഏല്പിച്ചിരിക്കുന്നത്. പരിക്കേറ്റ് ടീമിനു പുറത്ത് പോയ ബിസ്മ മഹ്റൂഫിനു പകരമാണ് പാക്കിസ്ഥാന്റെ പുതിയ ക്യാപ്റ്റന്‍ നിയമം.

ബിസ്മ തിരികെ കളത്തിലേക്ക് എത്തുമ്പോള്‍ ക്യാപ്റ്റന്‍സി സ്വാഭാവികമായി തിരികെ താരത്തിന്റെ കൈകളിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പടുന്നത്. പാക്കിസ്ഥാന്‍ ബംഗ്ലാദേശില്‍ 4 ഏകദിനങ്ങളും 1 ടി20 മത്സരവുമാണ് കളിക്കുന്നത്. അതിനു ശേഷം മലേഷ്യയില്‍ ഓസ്ട്രേലിയയെ മൂന്ന് ഏകദിനങ്ങള്‍ക്കും മൂന്ന് ടി20കള്‍ക്കുമായി ടീം നേരിടും.

പാക്കിസ്ഥാന്‍ വനിത ടീം: ജവേരിയ ഖാന്‍, നാഹിദ ഖാന്‍, അയേഷ സഫര്‍, മുനീബ അലി, സിദ്ര അമീന്‍, ഉമൈമ സൊഹൈല്‍, നിദ റഷീദ്, സന മിര്‍, സിദ്ര നവാസ്, നഷ്ര സന്ധു, അനം അമിന്‍, നതാലിയ പര്‍വൈസ്, അലിയ റിയാസ്, ഡയാന ബൈഗ്, ഐമാന്‍ അന്‍വര്‍

ആദ്യ ടി20യില്‍ ഇന്ത്യയ്ക്ക് 13 റണ്‍സ് ജയം

ശ്രീലങ്കയ്ക്കെതിരെയുള്ള അഞ്ച് ടി20 മത്സരങ്ങളുടെ പരമ്പരയിലേതില്‍ ആദ്യത്തേതില്‍ വിജയം സ്വന്തമാക്കി ഇന്ത്യ. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടിയപ്പോള്‍ ശ്രീലങ്ക 19.3 ഓവറില്‍ 155 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. താനിയ ഭാട്ടിയ(46), ജെമിമ റോഡ്രിഗസ്(36), അനൂജ പാട്ടില്‍(36), വേദ കൃഷ്ണമൂര്‍ത്തി(21) എന്നിവരാണ് ഇന്ത്യയ്ക്കായി തിളങ്ങിയത്.

ശ്രീലങ്കയ്ക്കായി ഉദ്ദേശിക പ്രബോധിനി, ചാമരി അട്ടപ്പട്ടു എന്നിവര്‍ രണ്ട് വിക്കറ്റും ഓരോ വിക്കറ്റുമായി നീലാക്ഷി ഡി സില്‍വ, ശ്രീപാലി വീരക്കോടി, ശശികല സിരിവര്‍ദ്ധനേ എന്നിവരും തിളങ്ങി.

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് മികച്ച തുടക്കം ലഭിച്ചുവെങ്കിലും പിന്നീട് ടീം പിന്നോട്ട് പോയി. മൂന്നോവറില്‍ 39 റണ്‍സ് നേടിയ ശേഷം യശോദ മെന്‍ഡിസിനെ(12 പന്തില്‍ 32 റണ്‍സ്) നഷ്ടമായ ശ്രീലങ്കയ്ക്കായി എഹ്സാനി ലോകുസുരിയാഗേ 45 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ചാമരി അട്ടപ്പട്ടു 27 റണ്‍സ് നേടി പുറത്തായി.

19.3 ഓവറില്‍ ടീം 155 റണ്‍സ് നേടി ഓള്‍ഔട്ട് ആവുകയായിരുന്നു. നാല് വിക്കറ്റുമായി പൂനം യാദവ് ഇന്ത്യന്‍ ബൗളിംഗ് നിരയില്‍ തിളങ്ങി. രാധ യാദവ്, ഹര്‍മ്മന്‍പ്രീത് കൗര്‍ എന്നിവര്‍ രണ്ട് വിക്കറ്റും അനൂജ പാട്ടില്‍, അരുന്ധതി റെഡ്ഢി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മൂന്നാം ഏകദിനം വിജയിച്ച് ശ്രീലങ്ക, പരമ്പരയിലെ ആശ്വാസ ജയം

ഇന്ത്യ ശ്രീലങ്ക പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ വിജയം കുറിച്ച് ശ്രീലങ്ക. ഇരു ടീമുകളിലെയും ക്യാപ്റ്റന്മാര്‍ ശതകങ്ങള്‍ നേടിയ മത്സരത്തില്‍ മിത്താലി രാജ്(125*), സ്മൃതി മന്ഥാന(51) എന്നിവര്‍ക്കൊപ്പം ദീപ്തി ശര്‍മ്മയും(38) ചേര്‍ന്ന് ഇന്ത്യയെ 253/5 എന്ന സ്കോറിലേക്ക് നയിക്കുകയായിരുന്നു. 254 റണ്‍സ് വിജയ ലക്ഷ്യം ലങ്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഒരു പന്ത് അവശേഷിക്കെയാണ് മറികടന്നത്. 156/1 എന്ന നിലയില്‍ നിന്ന് ശ്രീലങ്കന്‍ നിരയെ സമ്മര്‍ദ്ദത്തിലാക്കുവാന്‍ ഇന്ത്യയ്ക്കായെങ്കിലും പരമ്പര തൂത്തുവാരുവാന്‍ ടീമിനായില്ല.

അവസാന ഓവറില്‍ വിജയിക്കുവാന്‍ 6 റണ്‍സ് വേണ്ടിയിരുന്ന ശ്രീലങ്ക ആദ്യ നാല് പന്തില്‍ നിന്ന് തന്നെ സ്കോര്‍ ഒപ്പമെത്തിക്കുകയും അഞ്ചാം പന്ത് ബൗണ്ടറി പായിച്ച് വിജയം നേടുകയുമായിരുന്നു. ശ്രീപാലി വീരകോഡി(14*), കവിഷ ദില്‍ഹാരി(12*) എന്നിവരാണ് ടീമിന്റെ വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നത്. എട്ടാം വിക്കറ്റില്‍ നിര്‍ണ്ണായകമായ 16 റണ്‍സാണ് കൂട്ടുകെട്ട് നേടിയത്.

നേരത്തെ ചാമരി അട്ടപ്പട്ടു ശ്രീലങ്കയ്ക്കായി ശതകം(115) നേടി അനായാസ വിജയത്തിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ഇന്ത്യ തിരിച്ചടിയ്ക്കുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ ഹസിനി പെരേരയും(45) ചാമരിയും 101 റണ്‍സാണ് നേടിയത്. അനായാസ ജയത്തിലേക്ക് കുതിയ്ക്കുകയായിരുന്ന ശ്രീലങ്കയെ 156/1 എന്ന നിലയില്‍ നിന്ന് 229/6 എന്ന നിലയിലേക്ക് ഇന്ത്യ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും അവസാന ഓവറുകളില്‍ സമ്മര്‍ദ്ദം അതിജീവിച്ച് ലങ്ക വിജയം നേടി.

ഇന്ത്യയ്ക്കായി മാന്‍സി ജോഷിയും ജൂലന്‍ ഗോസ്വാമിയും രണ്ട് വിക്കറ്റും പൂനം യാദവ്, ദയലന്‍ ഹേമലത എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മിത്താലിയുടെ ശതകം, ശ്രീലങ്കയ്ക്കെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 253 റണ്‍സ്

ശ്രീലങ്കയ്ക്കെതിരെയുള്ള മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 253 റണ്‍സ്. മിത്താലി രാജ് നേടിയ ശതകവും സ്മൃതി മന്ഥാനയുടെ അര്‍ദ്ധ ശതകവും ദീപ്തി ശര്‍മ്മയുടെ ബാറ്റിംഗുമാണ് ടീമിനെ 5 വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സ് നേടുവാന്‍ സഹായകരമായത്. മന്ഥാന 51 റണ്‍സ് നേടിയപ്പോള്‍ മിത്താലി രാജ് 125 റണ്‍സുമായി പുറത്താകാതെ നിന്നു. ദീപ്തി ശര്‍മ്മ(38), ഹര്‍മ്മന്‍പ്രീത് കൗര്‍(17) എന്നിവരാണ് റണ്‍സ് കണ്ടെത്തിയ മറ്റു താരങ്ങള്‍.

ഇന്നിംഗ്സിന്റെ രണ്ടാം പന്തില്‍ ജെമീമ റോഡ്രിഗസിനെ നഷ്ടമാകുമ്പോള്‍ ഇന്ത്യ തങ്ങളുടെ അക്കൗണ്ട് തുറന്നിരുന്നില്ല. പിന്നീട് രണ്ടാം വിക്കറ്റില്‍ 102 റണ്‍സുമായി സ്മൃതി മന്ഥാനയും മിത്താലി രാജും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു. ഹര്‍മ്മന്‍പ്രീതിനെയും, ദയാലന്‍ ഹേമലതയെയും നഷ്ടപ്പെട്ട് 154/4 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ അഞ്ചാം വിക്കറ്റില്‍  92റണ്‍സ് നേടി മിത്താലി-ദീപ്തി ശര്‍മ്മ കൂട്ടുകെട്ടാണ് 250 കടത്തിയത്. 2 പന്തുകള്‍ അവശേഷിക്കെയാണ് ദീപ്തി പുറത്തായത്.

ശ്രീലങ്കയ്ക്കായി ഉദ്ദേശിക പ്രബോധിനി, നീലാക്ഷി ഡി സില്‍വ, ശശികല സിരിവര്‍ദ്ധേനെ, ചാമരി അട്ടപ്പട്ടു, കവിഷ ദില്‍ഹാരി എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

Exit mobile version