15 വര്‍ഷത്തിനു ശേഷം വിന്‍ഡീസ് വനിതകള്‍ പാക്കിസ്ഥാനിലേക്ക്

15 വര്‍ഷത്തിനു ശേഷം വിന്‍ഡീസില്‍ നിന്നുള്ള വനിത ടീം പാക്കിസ്ഥാന്‍ സന്ദര്‍ശിക്കും. മൂന്ന് ടി20 മത്സരങ്ങളില്‍ കളിയ്ക്കുന്നതിനു വേണ്ടിയാണ്ട് ടീം പാക്കിസ്ഥാനിലേക്ക് എത്തുന്നത്. അതിനു ശേഷം ഐസിസി വനിത ചാമ്പ്യന്‍ഷിപ്പ് ഏകദിന പരമ്പരയ്ക്കായി ടീമുകള്‍ യുഎഇയിലേക്ക് യാത്രയാകും. അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ അരങ്ങേറാത്ത പാക്കിസ്ഥാനില്‍ ഒരു വിദേശ ടീം എത്തുന്നു എന്നത് ബോര്‍ഡിനു ഏറ്റവും വലിയ വാര്‍ത്ത കൂടിയാണ്. ജനുവരി അവസാനത്തോടെയാവും ടീം പാക്കിസ്ഥാനിലെത്തുക.

ആദ്യ മത്സരം ജനുവരി 31നും അടുത്ത രണ്ട് മത്സരങ്ങള്‍ ഫെബ്രുവരി 1, 3 തീയ്യതികളിലും നടക്കും. ഏകദിന മത്സരങ്ങള്‍ ദുബായിയില്‍ ഫെബ്രുവരി 7, 9, 11 തീയ്യതികളില്‍ നടക്കും.

അപൂര്‍വ്വ നേട്ടവുമായി സ്മൃതി, ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം താരം

ന്യൂസിലാണ്ടിനെതിരെ ആദ്യ ഏകദിനത്തിനിടെ തന്റെ നാലാം ഏകദിന ശതകം പൂര്‍ത്തിയാക്കിയ സ്മൃതി മന്ഥാനയുടെ അപൂര്‍വ്വ നേട്ടം. ഈ നാല് ശതകങ്ങളും ഇന്ത്യയ്ക്ക് പുറത്താണ് സ്മൃതി നേടിയത്. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസിലാണ്ട് എന്നിവിടങ്ങളില്‍ ശതകം നേടുന്ന ലോകത്തിലെ രണ്ടാമത്തെ വനിത താരമെന്ന നേട്ടം കൂടി സ്മൃതി ഇന്നത്തെ പ്രകടനത്തിലൂടെ സ്വന്തമാക്കി. ക്ലയര്‍ ടെയിലര്‍ ആണ് സമാനമായ നേട്ടം ആദ്യം സ്വന്തമാക്കിയ താരം.

192 റണ്‍സിനു ന്യൂസിലാണ്ടിനെ പുറത്താക്കിയ ശേഷം 190 റണ്‍സ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് നേടിയ ശേഷമാണ് സ്മൃതി തന്റെ വ്യക്തിഗത സ്കോര്‍ 105ല്‍ നില്‍ക്കെ പുറത്തായത്. ഇന്ത്യ 9 വിക്കറ്റിന്റെ വിജയമാണ് മത്സരത്തില്‍ നേടിയത്.

ന്യൂസിലാണ്ടിനെ വീഴ്ത്തി ഇന്ത്യന്‍ വനിതകളും, ജയം ഒമ്പത് വിക്കറ്റിനു, മന്ഥാനയ്ക്ക് ശതകം

ഓള്‍റൗണ്ട് മികവില്‍ ന്യൂസിലാണ്ടിനെ വീഴ്ത്തി ഇന്ത്യന്‍ വനിതകള്‍. ഇന്ന് നേപ്പിയറില്‍ നടന്ന ആദ്യ മത്സരത്തില്‍ 192 റണ്‍സിനു ന്യൂസിലാണ്ടിനെ എറിഞ്ഞിട്ട ശേഷം ഇന്ത്യ 33 ഓവറില്‍ നിന്ന്  ഒരു വിക്കറ്റ് നഷ്ടത്തില്‍ വിജയം കുറിയ്ക്കുകയായിരുന്നു. ജയം മൂന്ന് റണ്‍സ് അകലെ നില്‍ക്കെയാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. 104 പന്തില്‍ നിന്ന് 105 റണ്‍സ് നേടിയ സ്മൃതി മന്ഥാനയെ അമേലിയ കെര്‍ പുറത്താക്കുകയായിരുന്നു. 81 റണ്‍സുമായി ജെമീമ റോഡ്രിഗസ് പുറത്താകാതെ നിന്നു.

48.4 ഓവറിലാണ് ന്യൂസിലാണ്ടിന്റെ ഇന്നിംഗ്സ് അവസാനിച്ചത്. ഏക്ത ബിഷ്ടും പൂനം യാദവും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ദീപ്തി ശര്‍മ്മയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു.

സൂസി ബെയ്റ്റ്സ് 36 റണ്‍സ് നേടി ന്യൂസിലാണ്ടിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ആമി സാത്തര്‍വൈറ്റ്(31), അമേലിയ കെര്‍(28), സോഫി ഡിവൈന്‍(28) എന്നിവരും നിലയുറപ്പിക്കുവാന്‍ ശ്രമിച്ചുവെങ്കിലും കാലിടറുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് സ്മൃതി മന്ഥാന-ജെമീമ റോഡ്രിഗസ് കൂട്ടുകെട്ട് ഒന്നാം വിക്കറ്റില്‍ മികച്ച തുടക്കമാണ് നല്‍കിയത്. 190 റണ്‍സ് കൂട്ടുകെട്ട് നേടിയ സഖ്യം വിജയത്തിനു മൂന്ന് റണ്‍സ് അകലെയാണ് തകര്‍ന്നത്.

ന്യൂസിലാൻഡ് പര്യടനം ഫോക്കസ് തിരിച്ചു പിടിക്കാനുള്ള മികച്ച അവസരമെന്ന് മിതാലി

ഇന്ത്യൻ വനിതാ ടീമിന്റെ ന്യൂസിലാൻഡ് പര്യടനം വളരെ പ്രത്യേകതകൾ നിറഞ്ഞതാണ്. ആറു വർഷത്തിന് ശേഷമാണ് ഇന്ത്യൻ വനിതാ ടീം ന്യൂസിലാൻഡിൽ പര്യടനം നടത്തുന്നത് എന്നതിന് പുറമെ പുതിയ കോച് രാമന്റെ കീഴിലുള്ള ആദ്യത്തെ പരമ്പരയും കൂടെയാണ്. മാത്രമല്ല മുൻ കോച് രമേശ് പാവറിന്റെ സമയത്തിന് ശേഷം മിതാലി രാജും ഹർമൻപ്രീതും ഇന്ത്യൻ ഡ്രസിങ് റൂമിൽ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്.

“കഴിഞ്ഞതെല്ലാം കഴിഞ്ഞു, നമ്മൾ അതൊക്കെ മറന്നു മുന്നോട്ട് പോവണം. എല്ലാം തരണം ചെയ്തു മുന്നോട്ട് പോവാൻ ആണ് ക്രിക്കറ്റ എന്നെ പഠിപ്പിച്ചിട്ടുള്ളത്”. മിതാലി പറഞ്ഞു. “ന്യൂസിലാൻഡ് പര്യടനം ഞങ്ങൾക്ക് ഒരു മികച്ച അവസരമാണ്, ടീമിന്റെ ഫോക്കസ് തിരിച്ചു പിടിക്കേണ്ടത് വളരെ അത്യാവശ്യമാണ്” മിതാലി കൂട്ടിച്ചേർത്തു.

മിതാലി രാജിനും ജൂലാൻ ഗോസ്വാമിയും മാത്രമാണ് മുൻപ് ന്യൂസിലാൻഡിൽ പര്യടനം നടത്തിയിട്ടുള്ളത്. എന്നാലും മികച്ച പ്രകടനം കാഴ്ചവെക്കാൻ ഇന്ത്യൻ ടീമിന് കഴിയുമെന്നും മിതാലി പ്രത്യാശ പ്രകടിപ്പിച്ചു.

ഇംഗ്ലണ്ട് വനിതകളുടെ ഇന്ത്യന്‍ പര്യടനത്തിലെ മത്സരങ്ങള്‍ മുംബൈയിലും ഗുവഹാട്ടിയിലുമായി നടക്കും

ഇന്ത്യ ടൂറിനെത്തുന്ന ഇംഗ്ലണ്ട് വനിതകളുടെ മത്സരങ്ങള്‍ മുംബൈ-ഗുവഹാട്ടി എന്നിവിടങ്ങളിലായി നടക്കും. മൂന്ന് ഏകദിനങ്ങള്‍ മുംബൈയിലെ വാങ്കഡേ സ്റ്റേഡിയത്തിലും ടി20 മത്സരങ്ങള്‍ ഗുവഹാട്ടിയില ബാരസ്പാര ക്രിക്കറ്റ് സ്റ്റേഡിയത്തിലും നടക്കും. ഏകദിനങ്ങള്‍ ഐസിസി വനിത ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്നതാണ്. ഫെബ്രുവരി 22നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. 25, 28 തീയ്യതികളില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ നടക്കും.

മാര്‍ച്ച് നാലിനു ആരംഭിക്കുന്ന ആദ്യ ടി20 ഗുവഹാട്ടിയില്‍ ആരംഭിക്കും. മാര്‍ച്ച് 7, 9 തീയ്യതികളിലാണ് മറ്റു രണ്ട് ടി20 മത്സരങ്ങള്‍. ഏകദിനങ്ങള്‍ രാവിലെ 9 മണിയ്ക്കും ടി20 മത്സരങ്ങള്‍ രാവിലെ 10 മണിയ്ക്കും ആരംഭിയ്ക്കും.

ഐസിസി അവാര്‍ഡ് പെരുമയില്‍ സ്മൃതി മന്ഥാന

ഐസിസി വനിത അവാര്‍ഡ് പെരുമയില്‍ ഇന്ത്യയുടെ സ്മൃതി മന്ഥാന. റേച്ചല്‍ ഹേയ്ഹോ-ഫ്ലിന്റ് അവാര്‍ഡ് നേടിയ സ്മൃതി ഐസിസി ഏകദിന താരമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2018ലെ വനിത ക്രിക്കറ്റര്‍ക്ക് നല്‍കുന്ന അവാര്‍ഡ് ആണ് റേച്ചല്‍ ഹേയ്ഹോ-ഫ്ലിന്റ് അവാര്‍ഡ്. ഇന്നാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം വന്നത്. ഈ വര്‍ഷം 12 ഏകദിനത്തില്‍ നിന്ന് 22 വയസ്സുകാരി ഇടംകൈ ബാറ്റിംഗ് താരം 669 റണ്‍സാണ് നേടിയിട്ടുള്ളത്. 25 ടി20 മത്സരങ്ങളില്‍ നിന്ന് സ്മൃതി 622 റണ്‍സ് നേടി.

ഐസിസി ടി20 താരമായി ഓസ്ട്രേലിയയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റിംഗ് താരം അലൈസ ഹീലിയെ തിരഞ്ഞെടുക്കു. ഐസിസി എമേര്‍ജിംഗ് പ്ലേയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ഇംഗ്ലണ്ടിന്റെ സോഫി എക്സല്‍സ്റ്റോണിനു ലഭിച്ചു.

ന്യൂസിലാണ്ട് ടൂര്‍, ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു

ന്യൂസിലാണ്ടിലേക്ക് ടൂര്‍ ചെയ്യുന്ന ഇന്ത്യന്‍ വനിത സംഘത്തെ പ്രഖ്യാപിച്ചു. പുതിയ കോച്ച് ഡബ്ല്യു വി രാമന്റെ കീഴിലാവും ഇന്ത്യന്‍ ടീം കളത്തിലിറങ്ങുന്നത്. ജനുവരി 24നു ഏകദിനങ്ങളോടെയാണ് പരമ്പര ആരംഭിക്കുന്നത്. ടീമില്‍ നിന്ന് വേദ കൃഷ്ണമൂര്‍ത്തി പുറത്ത് പോകുമ്പോള്‍ പകരം മോണ മേശ്രാം ടീമിലെത്തുന്നു. സെപ്റ്റംബറില്‍ ശ്രീലങ്കയ്ക്കെതിരെ കളിച്ച ഏകദിന ടീമിില്‍ ഈ ഒരു മാറ്റം മാത്രമാണുള്ളത്.

ടി20 സ്ക്വാഡില്‍ ഓപ്പണര്‍ പ്രിയ പൂനിയ എത്തുന്നു. മികച്ച ഫോമില്‍ കളിയ്ക്കുന്ന താരമാണ് പ്രിയ. ഏകദിനത്തില്‍ മിത്താലിയും ടി20യില്‍ ഹര്‍മ്മന്‍പ്രീത് കൗറും ടീമിനെ നയിക്കും.

ഏകദിനങ്ങള്‍: മിത്താലി രാജ്, ഹര്‍മ്മന്‍പ്രീത് കൗര്‍, സ്മൃതി മന്ഥാന, പൂനം റൗത്ത്, ദീപ്തി ശര്‍മ്മ, ദയാലന്‍ ഹേമലത, ജെമീമ റോഡ്രിഗസ്, മോണ മേശ്രാം, താനിയ ഭാട്ടിയ, ഏക്ത ബിഷ്ട്, പൂനം യാദവ്, രാജേശ്വരി ഗായക്വാഡ്, ജൂലന്‍ ഗോസ്വാമി, മാന്‍സി ജോഷി, ശിഖ പാണ്ടേ

ടി20: ഹര്‍മ്മന്‍പ്രീത് കൗര്‍, സ്മൃതി മന്ഥാന, മിത്താലി രാജ്, ദീപ്തി ശര്‍മ്മ, ദയാലന്‍ ഹേമലത, ജെമീമ റോഡ്രിഗസ്, താനിയ ഭാട്ടിയ, ഏക്ത ബിഷ്ട്, പൂനം യാദവ്, മാന്‍സി ജോഷി, ശിഖ പാണ്ടേ, പ്രിയ പൂനിയ, അരുന്ധതി റെഡ്ഢി, അനൂജ പാട്ടില്‍, രാധ യാദവ്

കിര്‍സ്റ്റനോ ഗിബ്സോ അല്ല, വനിത ടീമിനു പുതിയ കോച്ചായി ഡബ്ല്യു വി രാമന്‍

ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഡബ്ല്യു വി രാമന്‍ ഇന്ത്യന്‍ വനിത ടീമിനെ പരിശീലിപ്പിക്കും. രാമനെ തിരഞ്ഞെടുത്ത് കഴിഞ്ഞുവെന്നും അവസാന പേപ്പര്‍ വര്‍ക്കുകള്‍ക്ക് ശേഷം വെള്ളിയാഴ്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് ലഭിയ്ക്കുന്ന വിവരം. കപില്‍ ദേവ്, അന്‍ഷുമാന്‍ ഗായക്വാഡ്, ശാന്ത രംഗസ്വാമി എന്നിവരടങ്ങുന്ന പാനലാണ് ഈ തിരഞ്ഞെടുപ്പിനു പിന്നില്‍. ഗാരി കിര്‍സ്റ്റെന്‍, ഹെര്‍ഷല്‍ ഗിബ്സ്, രമേശ് പവാര്‍ എന്നിവര്‍ക്ക് പുറമേ പതിനൊന്ന് പേരുടെ ചുരുക്കപ്പട്ടികയില്‍ നിന്നാണ് രാമനെ തിരഞ്ഞെടുത്തത്.

ഇന്ത്യയ്ക്കായി പതിനൊന്നു ടെസ്റ്റുകളും 27 ഏകദിനങ്ങളും കളിച്ചിട്ടുള്ള താരം തമിഴ്നാടിനെയാണ് ആഭ്യന്തര ക്രിക്കറ്റില്‍ പ്രതിനിധീകരിച്ചിരുന്നത്.

ചുരുക്ക പട്ടികയില്‍ മുന്നില്‍ മൂന്ന് താരങ്ങള്‍, കിര്‍സ്റ്റനും ഗിബ്സിനുമൊപ്പം പോവാറും

ഇന്ത്യന്‍ വനിത ക്രിക്കറ്റ് കോച്ചിനു വേണ്ടി തയ്യാറാക്കിയ 11 പേരുടെ ചുരുക്ക പട്ടികയില്‍ ഇടം പിടിച്ച് രമേശ് പോവാര്‍. ഇന്ത്യയുടെ താത്കാലിക കോച്ചായിരുന്ന രമേശിന്റെ കരാര്‍ പുതുക്കേണ്ടതില്ലെന്ന് ബിസിസിഐ തീരുമാനിക്കുകയായിരുന്നു. മിത്താലി രാജുമായുള്ള പടലപ്പിണക്കമാണ് ഇതിനു ഇടയായത്. എന്നാല്‍ ടി20 ക്യാപ്റ്റനും വൈസ് ക്യാപ്റ്റനുമായി ഹര്‍മ്മന്‍പ്രീത് കൗര്‍-സ്മൃതി മന്ഥാന ജോഡികള്‍ പോവാറിനു പിന്തുണയുമായി ബിസിസിഐയ്ക്ക് കത്ത് നല്‍കിയിരുന്നു.

ടീമിന്റെ കോച്ചിനെ തിരഞ്ഞെടുക്കുവാന്‍ കപില്‍ ദേവ് ഉള്‍പ്പെടുന്ന മൂന്നംഗ പാനലിനെയാണ് ബിസിസിഐ ചുമതലപ്പെടുത്തിയിരിക്കുന്നത്. പവാറിനൊപ്പം മുന്‍ പന്തിയിലുള്ള താരങ്ങള്‍ രാജസ്ഥാന്‍ റോയല്‍സ് പരിശീലകന്‍ ഗാരി കിര്‍സ്റ്റെനും ദക്ഷിണാഫ്രിക്കയുടെ ഹെര്‍ഷല്‍ ഗിബ്സുമാണ്. അതേ സമയം ഓസ്ട്രേലിയയുടെ ബ്രാഡ് ഹോഗ് മുന്‍ ഇംഗ്ലണ്ട് താരം ഡിമിട്രി മാഷെറാനസ് എന്നിവരും പദവിയ്ക്കായി അപേക്ഷിച്ചിട്ടുണ്ട്.

കോച്ചിംഗ് സ്ഥാനത്തിനു വീണ്ടും അപേക്ഷിച്ച് രമേഷ് പവാര്‍

രമേഷ് പവാറിന്റെ കരാര്‍ പുതുക്കേണ്ടെന്ന് തീരുമാനിച്ച് ആഴ്ചകള്‍ക്കകും പുതിയ വനിത കോച്ചിനുള്ള തന്റെ അപേക്ഷ നല്‍കി താരം. ബിസിസിഐ പുതിയ അപേക്ഷിച്ച വിളിച്ച ശേഷം ഡിസംബര്‍ 14നു അവസാന തീയ്യതി പ്രഖ്യാപിച്ചിരുന്നു. പവാറിനു പകരം കോച്ചിനെ തേടുവാനുണ്ടായ സ്ഥിതി വിശേഷം മിത്താലിയും പവാറും തമ്മിലുള്ള അസ്വാരസ്യങ്ങളാണെന്നിരിക്കെ താരത്തിന്റെ കരാര്‍ പുതുക്കേണ്ടതില്ലെന്ന് ബിസിസിഐ തീരുമാനിക്കുകയായിരുന്നു. ടി20 നായിക ഹര്‍മ്മന്‍പ്രീത് കൗറും വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയും അപേക്ഷിച്ചിട്ടും ബിസിസിഐ അത് ചെവിക്കൊണ്ടില്ലെന്നിരിക്കെ പവാറിന്റെ അപേക്ഷ പരിഗണിക്കുമോ എന്നത് കാണേണ്ടതാണ്.

സിഒഎയിലെ ഡയാന്‍ എഡുല്‍ജിയ്ക്കും പവാര്‍ തന്നെയാണ് കോച്ചായി വരണമെന്ന് ആഗ്രഹിക്കുന്നത്. ഹര്‍മ്മന്‍പ്രീതിന്റെയും സ്മൃതി മന്ഥാനയുടെയും പിന്തുണയാണ് തന്നെ കോച്ചിംഗ് പദവിയ്ക്ക് വീണ്ടും അപേക്ഷിക്കുവാന്‍ ഇടയാക്കിയതെന്നാണ് പവാര്‍ പറയുന്നത്. തന്നില്‍ അവര്‍ക്കുള്ള വിശ്വാസത്തിന്റെ പുറത്താണ് താന്‍ അപേക്ഷിക്കുന്നത്. ബിസിസിഐയ്ക്ക് തന്റെ അപേക്ഷ സ്വീകരിക്കുകയോ തള്ളിക്കളയുകയോ ആവാം. ഞാന്‍ എന്റെ കടമ ചെയ്തുവെന്നെയുള്ളുവെന്നും പവാര്‍ പറഞ്ഞു.

പുതിയ വനിത കോച്ച് ആരെന്ന് കപില്‍ ഉള്‍പ്പെടുന്ന പാനല്‍ തീരുമാനിക്കും

ഇന്ത്യയുടെ പുതിയ വനിത കോച്ച് ആരാവുമെന്നത് കപില്‍ ദേവ്, അന്‍ഷുമാന്‍ ഗായക്വാഡ്, ശാന്ത രംഗസ്വാമി എന്നിവര്‍ ചേരുന്ന പാനല്‍ തീരുമാനിക്കും. ഇന്നാണ് ഇത് സംബന്ധിച്ച തീരുമാനം ബോര്‍ഡ് കൈക്കൊണ്ടത്. മുംബൈയിലെ ബിസിസിഐ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ഡിസംബര്‍ 20നാണ് ഇന്റര്‍വ്യൂ നടക്കുക. ദക്ഷിണാഫ്രിക്കയുടെ ഹെര്‍ഷല്‍ ഗിബ്സ്, ഇംഗ്ലണ്ടിന്റെ ഒവൈസ് ഷാ എന്നിവര്‍ക്കൊപ്പം മുന്‍ ഇന്ത്യന്‍ താരം മനോജ് പ്രഭാകറും കോച്ച് പദവിയ്ക്കായി രംഗത്തുണ്ട്.

വനിത ടി20 ലോകകപ്പില്‍ ഇന്ത്യയെ രമേഷ് പവാറിന്റെ ആണ് പരിശീലിപ്പിച്ചതെങ്കിലും സെമിയില്‍ പുറത്തായ ശേഷം മിത്താലി രാജുമായുള്ള അഭിപ്രായ വ്യത്യാസം പരസ്പരം ചെളി വാരി എറിയലിലേക്ക് നീങ്ങിയപ്പോള്‍ പവാറിന്റെ കരാര്‍ പുതുക്കേണ്ടതില്ലെന്ന് ബിസിസിഐ തീരുമാനിക്കുകയായിരുന്നു.

വീണ്ടും ട്വിസ്റ്റ്, പവാര്‍ കോച്ചായി തുടരണമെന്ന് ആവശ്യപ്പെട്ട് ഹര്‍മ്മന്‍പ്രീത് കൗറും സ്മൃതി മന്ഥാനയും

ഇന്ത്യന്‍ വനിത ടീമിനു പുതിയ കോച്ചിനെ ബിസിസിഐ തേടുന്നതിനിടെ പുതിയ ട്വിസ്റ്റ്. രമേഷ് പവാര്‍ തന്നെ ഇന്ത്യയുടെ കോച്ചായി തുടരണമെന്ന് ആവശ്യപ്പെട്ട് ഹര്‍മ്മന്‍പ്രീത് കൗറും സ്മൃതി മന്ഥാനയും ബിസിസിഐയ്ക്ക് കത്തെഴുതിെന്നാണ് അറിയുന്നത്. അടുത്തിടെ മിത്താലി രാജും രമേഷ് പവാറും തമ്മിലുള്ള അസ്വാരാസ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതിനെത്തുടര്‍ന്ന് പവാറിന്റെ കരാര്‍ പുതുക്കേണ്ടതില്ലെന്ന് ബിസിസിഐ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഹര്‍മ്മന്‍പ്രീത് കൗര്‍ പവാറിനെ പിന്തുണച്ച് കത്തെഴുതിയതോടെ പവാറിനു വീണ്ടും കോച്ചായി അപേക്ഷിക്കാമെന്ന സ്ഥിതിയാവുമെന്നാണ് മനസ്സിലാക്കുന്നത്.

പവാര്‍ വനിത ക്രിക്കറ്റിന്റെ മുഖം മാറ്റിയെന്നും മിത്താലിയെ ഒഴിവാക്കിയത് ഒരു മാനേജ്മെന്റ് തീരുമാനം മാത്രമായിരുന്നുവെന്നുമാണ് ഹര്‍മ്മന്‍പ്രീത് കൗര്‍ പറഞ്ഞത്. താനും സ്മൃതിയും സെലക്ടര്‍ സുധ ഷായും കോച്ചും ചേര്‍ന്നാണ് കഴിഞ്ഞ മത്സരത്തില്‍ വിജയിച്ച ടീമിനെ സെമിയിലും തുടരാമെന്ന തീരുമാനത്തിലെത്തിയതെന്നും ഹര്‍മ്മന്‍ തന്റെ കത്തില്‍ സൂചിപ്പിക്കുന്നു.

ന്യൂസിലാണ്ട് പരമ്പരയ്ക്ക് ഒരു മാസം മാത്രം ശേഷിക്കെ പുതിയ കോച്ചിനെ അല്ല ടീമിനു വേണ്ടതെന്നും പവാര്‍ തന്നെ മതിയെന്നുമാണ് ഹര്‍മ്മന്‍പ്രീത് കൗറും സ്മൃതി മന്ഥാനയും ആവശ്യപ്പെടുന്നത്.

Exit mobile version