ആവേശപ്പോരാട്ടത്തിനൊടുവില്‍ ന്യൂസിലാണ്ട് വനിതകള്‍ക്ക് ഒരു റണ്‍സ് ജയം

ആവേശകരമായ മത്സരത്തിനൊടുവില്‍ വിന്‍ഡീസ് വനിത ടീമിനെ ഒരു റണ്‍സിനു പരാജയപ്പെടുത്തി ന്യൂസിലാണ്ട്. ഇതോടെ ടി20 പരമ്പരയും ന്യൂസിലാണ്ട് 3-0നു സ്വന്തമാക്കി. പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ കൂടി ശേഷിക്കുന്നുണ്ട്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 20 ഓവറില്‍ 7 വിക്കറ്റുകളുടെ നഷ്ടത്തില്‍ 134 റണ്‍സ് നേടി. ഓപ്പണര്‍മാരായ സോഫി ഡേവൈന്‍(41), സൂസി ബേറ്റ്സ്(52*) എന്നിവരാണ് ന്യൂസിലാണ്ടിനായി തിളങ്ങിയത്. വെസ്റ്റിന്‍ഡീസിനു വേണ്ടി ഹേയ്‍ലി മാത്യൂസ് 2 വിക്കറ്റും ഡിയാന്‍ഡ്ര ഡോട്ടിന്‍ രണ്ട് വിക്കറ്റും നേടി.

മെരിസ്സ അഗ്വിലേയ്റ(38*), ഡിയാന്‍ഡ്ര ഡോട്ടിന്‍(24), കൈസിക നൈറ്റ്(26) എന്നിവര്‍ ചേര്‍ന്ന് വിന്‍ഡീസിനു വിജയപ്രതീക്ഷ നല്‍കിയെങ്കിലും അവസാനം തുടരെ വിക്കറ്റുകള്‍ വീണത് ടീമിനു തിരിച്ചടിയായി. 130/4 എന്ന നിലയില്‍ അവസാന ഓവറില്‍ 5 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന വെസ്റ്റിന്‍ഡീസിനു മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മൂന്ന് റണ്‍സ് മാത്രമേ നേടാനായുള്ളു. ന്യൂസിലാണ്ടിനു വേണ്ടി ലെയ്ഗ് കാസ്പെറെക് മൂന്നും അന്ന പേറ്റേര്‍സണ്‍ രണ്ടും വിക്കറ്റ് നേടി. അവസാന ഓവറില്‍ മൂന്ന് റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് അന്ന നേടിയത്.

ഏകദിന പരമ്പര 3-0നു വിജയിച്ച ന്യൂസിലാണ്ട് ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ 8 റണ്‍സിനും 106 റണ്‍സിനു ജയിച്ചിരുന്നു. ഇന്നത്തെ ജയത്തോടെ ടി20 പരമ്പരയും ന്യൂസിലാണ്ട് സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഐസിസി കനിഞ്ഞു, റബാഡയ്ക്ക് വിലക്കില്ല
Next articleക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗൽ പ്ലേയർ ഓഫ് ദി ഇയർ