Picsart 23 07 09 16 57 24 281

ബംഗ്ലാദേശിനെ തോൽപ്പിച്ചു ഇന്ത്യൻ വനിതകൾ,അരങ്ങേറ്റത്തിൽ വിക്കറ്റുമായി മലയാളിതാരം മിന്നു മണി

ബംഗ്ലാദേശിനു എതിരായ ആദ്യ ടി ട്വന്റി മത്സരത്തിൽ 7 വിക്കറ്റ് ജയവുമായി ഇന്ത്യൻ വനിതകൾ. മലയാളി താരം മിന്നു മണി ഇന്ത്യക്ക് ആയി അരങ്ങേറ്റം കുറിച്ച മത്സരത്തിൽ ടോസ് നേടിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ബംഗ്ലാദേശിനെ ബാറ്റിംഗിന് അയച്ചു. 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് എടുക്കാനെ ബംഗ്ലാദേശിനു സാധിച്ചുള്ളൂ. അവർക്ക് ആയി ഷോർണ അക്തർ 28 റൺസും, ശോഭന 23 റൺസും ശാന്തി റാണി 22 റൺസും നേടി. ഇന്ത്യക്ക് ആയി പൂജയും മിന്നു മണിയും ഷെഫാലി വർമ്മയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

തന്റെ ആദ്യ ഓവറിൽ തന്നെ ബംഗ്ലാദേശ് ഓപ്പണർ ഷെമീമ സുൽത്താനയുടെ വിക്കറ്റ് വീഴ്ത്തിയ മിന്നു മണി തന്റെ അരങ്ങേറ്റം ഗംഭീരമാക്കി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് ആദ്യം തന്നെ ഷെഫാലി വർമ്മയുടെ വിക്കറ്റ് നഷ്ടമായി എങ്കിലും 34 പന്തിൽ 38 റൺസ് നേടിയ സ്‌മൃതി മന്ദാനയും 35 പന്തിൽ 54 റൺസ് നേടിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെയും മികവിൽ ഇന്ത്യ 16.2 ഓവറിൽ വിജയലക്ഷ്യം കണ്ടു. 6 ഫോറുകളും 2 സിക്സറുകളും അടങ്ങിയ ഗംഭീര ഇന്നിങ്‌സ് ആണ് ഇന്ത്യൻ ക്യാപ്റ്റൻ കളിച്ചത്. ഇന്ത്യക്ക് ആയി കളിക്കുന്ന ആദ്യ മലയാളി വനിത ആയ മിന്നു മണിക്ക് അരങ്ങേറ്റം അവിസ്മരണീയം തന്നെയായി.

Exit mobile version